83 KM മൈലേജുള്ള ബൈക്കിൻ്റെ വില വെറും 56,742 രൂപ മുതൽ, കഴിഞ്ഞ മാസം വാങ്ങിക്കൊണ്ട് പോയത് 71,690 പേർ
ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ വിഭാഗത്തിലെ കിരീടാവകാശികളാണ് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡർ, HF 100, HF ഡീലക്‌സ്, പാഷൻ, ഗ്ലാമർ എന്നിങ്ങനെ വൈവിധ്യമാർന്ന ബജറ്റ് മോഡലുകളിലൂടെ പണംവാരുന്ന കമ്പനി ഈ സെഗ്മെൻ്റിൽ മാത്രം ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഓരോ മാസവും വിറ്റഴിക്കുന്നത്. മുന്നിൽ നിന്നും നയിക്കുന്നത് സ്പ്ലെൻഡർ ആണെങ്കിലും HF സീരീസിലെ മിടുക്കൻമാരും മോശമാക്കാറില്ല. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ബൈക്കുകളിൽ ഒന്നായ HF ഡീലക്‌സ് കഴിഞ്ഞ മാസം വിൽപ്പനയിൽ വലിയ നേട്ടമുണ്ടാക്കിയാണ് ഹീറോയുടെ ഹീറോയായത്.
അതായത് 2026 കലണ്ടർ വർഷത്തിൻ്റെ ആദ്യമാസമായ ജനുവരിയിൽ HF ഡീലക്‌സിൻ്റെ 71,690 യൂണിറ്റുകൾ ഹീറോ മോട്ടോകോർപ് നിരത്തിലെത്തിച്ചു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ വിപണനം ചെയ്‌ത 62,223 യൂണിറ്റുകളേക്കാൾ 15.21 ശതമാനത്തിൻ്റെ വാർഷിക വിൽപ്പന വളർച്ചയാണ് എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബൈക്കുകളുടെ ടോപ്പ് 10 പട്ടികയിൽ നാലാം സ്ഥാനം കൈവരിക്കാനും ഇതിനായി.

ഹീറോ സ്പ്ലെൻഡർ, ഹോണ്ട ഷൈൻ, ബജാജ് പൾസർ എന്നിവയാണ് ഈ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ വഹിക്കുന്നത്. ഒരു വർഷത്തിനപ്പുറം 9,467 യൂണിറ്റുകൾ വിറ്റഴിക്കാനായത് HF ഡീലക്‌സിൻ്റെ ഇമേജ് വർധിപ്പിക്കുന്ന കാര്യമാണ്. പ്രീമിയം മോട്ടോർസൈക്കിളുകൾക്ക് പ്രിയം ഏറി വരുന്ന സാഹചര്യത്തിൽ പോലും ഇത്തരം ബൈക്കുകൾ കൂടുതൽ കച്ചോടം നേടുന്നത് കമ്പനിയെ സംബന്ധിച്ചും ആശ്വാസം പകരുന്ന വിഷയമാണ്.
താങ്ങാനാവുന്ന വില, നല്ല മൈലേജ്, റിഫൈൻഡായ കിടിലൻ എഞ്ചിൻ എന്നിവയെല്ലാമാണ് ഈ കമ്മ്യൂട്ടർ ബൈക്കിനെ ആളുകളിലേക്ക് അടുപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഹീറോ HF ഡീലക്സിൻ്റെ നിലവിലെ പ്രാരംഭ വില വെറും 56,742 രൂപ മാത്രമാണ്. അതേസമയം ഈ ബൈക്കിന്റെ ടോപ്പ് വേരിയന്റിന്റെ എക്സ്ഷോറൂം വിലയാണെങ്കിൽ 69,235 രൂപ മാത്രമാണ് വരുന്നത്. ഇതേ സെഗ്മെൻ്റിലെ എതിരാളികളുമായി താരതമ്യം ചെയ്‌താലും നന്നേ വില കുറവുള്ളത് വിൽപ്പന കൂടാനുള്ള മറ്റൊരു കാരണമാണ്.

ഹീറോ HF ഡീലക്‌സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട എതിരാളികളിൽ ഒന്നാണ് ബജാജ് പ്ലാറ്റിന 100. ഇതിൻ്റെ പ്രാരംഭ വില വരുന്നത് 66,015 രൂപയോളമാണ്. അതായത് ബജാജ് പ്ലാറ്റിനയേക്കാൾ 9,273 രൂപ കുറവാണ്.- ഹീറോയുടെ എൻട്രി ലെവൽ ബൈക്കിനായി മുടക്കേണ്ടതായുള്ളൂ. വിശ്വസനീയമായ 97.2 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് HF ഡീലക്സിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.
4-സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7.9 bhp പവറിൽ പരമാവധി 8.05 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നത്. കൂടാതെ മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്ന ഹീറോയുടെ i3S ടെക്നോളജിയും മോഡലിലുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന മൈലേജ് നൽകുന്ന ബൈക്കുകളിൽ ഒന്നായാണ് HF ഡീലക്സ് അറിയപ്പെടുന്നു.

ലിറ്ററിന് ഏകദശം 83 കിലോമീറ്റർ മൈലേജാണ് ഈ എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കിന് നൽകാനാവുക. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ HF ഡീസക്‌സിൻ്റെ ഇരുവശത്തും 18 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുക. ട്യൂബ്‌ലെസ് ആയതിനാൽ പഞ്ചറാവുമെന്ന പേടിയും വേണ്ട. ട്യൂബുലാർ ഡബിൾ ക്രാഡിൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന മോട്ടോർസൈക്കിളിൻ്റെ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് കൊടുത്തിരിക്കുന്നത്.
അതേസമയം പിന്നിൽ 2-സ്റ്റെപ്പ് അഡ്‌ജസ്റ്റബിൾ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമാണ് ഹീറോ മോട്ടോകോർപ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് അറ്റങ്ങളിലും ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റത്തോടുകൂടിയ 130 mm ഡ്രം ബ്രേക്കുകളുമുണ്ട്. സ്പ്ലെൻഡറിനൊപ്പം HF ഡീലക്‌സിൻ്റെ വിൽപ്പന വർധിക്കുന്നതും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമായിരിക്കില്ല.


Click it and Unblock the Notifications








