എൻടോർഖിനെ ഫീൽഡ്ഔട്ടാക്കാൻ കുറഞ്ഞ വിലയ്ക്ക് പുതിയ 125 അഡ്വഞ്ചർ സ്‌കൂട്ടറുമായി ഹീറോ
സ്‌കൂട്ടർ വിപണിയിൽ തങ്ങളുടേതായ അഡ്രസുണ്ടാക്കിയെടുക്കാൻ ഏറെ പണിപെട്ടവരാണ് ഹീറോ മോട്ടോകോർപ്. ഗിയർലെസ് സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയുടേയും ടിവിഎസിന്റേയും കടന്നുകയറ്റം രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളെ ചെറുതായൊന്നുമല്ലയിരുന്നു ബാധിച്ചിരുന്നത്. പ്ലഷർ സീരീസിലൂടെ തുടക്കത്തിൽ ഞെട്ടിക്കാനായെങ്കിലും പിന്നീട് വലിയൊരു ഹിറ്റ് സമ്മാനിക്കാൻ കമ്പനിക്കായിരുന്നില്ല. എങ്കിലും ഡെസ്റ്റിനിയിലൂടെ ഫാമിലിയുടെ ഇടയിൽ ഹീറോയ്ക്ക് മതിപ്പുണ്ടാക്കിയെടുക്കാനായി. പിന്നീട് യൂത്തൻമാരെ കൈയിലെടുത്തുകൊണ്ട് സൂം 125, സൂം 160 മോഡലുകൾ കളംനിറഞ്ഞിരുന്നു. ഇപ്പോഴിതാ കൂടുതൽ പരിഷ്ക്കാരികളായ സ്‌കൂട്ടറുകളെ അണിനിരത്തി എതിരാളികളുടെ നെഞ്ചിൽ തീകോരിയിടാൻ ഒരുങ്ങുകയാണ് ഹീറോ.
2024 EICMA മോട്ടോർഷോയിൽ കൺസെപ്റ്റ് ആയി പ്രദർശിപ്പിച്ച സൂം 125 സ്കൂട്ടറിന്റെ അഡ്വഞ്ചർ സ്റ്റൈൽ മോഡലാണ് അടുത്തതായി ഇന്ത്യയിലേക്ക് വരാനിരിക്കുന്നത്. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി മോഡലിന്റെ ഡിസൈൻ പേറ്റന്റ് നേടിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ് ഇപ്പോൾ. സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് രൂപത്തിൽ വമ്പൻ അപ്ഡേറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ നടപ്പിലാക്കാൻ പോവുന്നത്.

ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ റെയ്‌സ്‌ഡ് ഫ്രണ്ട് ഫെൻഡർ, ഫ്രണ്ട് ഏപ്രോണിന്റെ വശങ്ങളിലെ ക്രാഷ് പ്രൊട്ടക്ഷൻ, ചെറിയ ഫ്ലൈസ്‌ക്രീൻ, നക്കിൾ ഗാർഡുകൾ എന്നിവയെല്ലാം സൂം 125 അഡ്വഞ്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലിലെ അതേ 14 ഇഞ്ച് അലോയ് വീലുകളിൽ പൊതിഞ്ഞ നോബി ടയറുകളും സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടിച്ചേർക്കലുകൾ എല്ലാം ഒരുമിച്ച് എത്തുമ്പോൾ സ്‌കൂട്ടർ കൂടുതൽ അഡ്വഞ്ചർ സ്റ്റൈൽ നേടുന്നുണ്ട്.
റൈഡർ, പില്യൺ വിഭാഗങ്ങൾക്കിടയിൽ കൂടുതൽ വ്യക്തമായ വ്യത്യാസത്തോടെ സീറ്റ് പ്രൊഫൈലും അൽപ്പം കൂടുതൽ ആക്രമണാത്മകമായി രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഡിസൈൻ പേറ്റന്റ് നേടിയെങ്കിലും അഡ്വഞ്ചർ വേരിയന്റ് യാഥാർഥ്യമാവുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം. സ്റ്റൈലിൽ കാര്യമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുമെങ്കിലും മെക്കാനിക്കലായി സ്റ്റാൻഡേർഡ് വേരിയന്റിന് സമാനമായിരിക്കും ഇത്.

124 സിസി എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയാവും ഹീറോ സൂം 125 അഡ്വഞ്ചർ മോഡലിനും തുടിപ്പേകുക. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9.7 bhp കരുത്തിൽ പരമാവധി 10.4 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ക്ലാസ്-ലീഡിംഗ് വെഹിക്കിൾ ഡൈനാമിക്സിനൊപ്പം ഫാസ്റ്റ് ആക്‌സിലറേഷനും വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടർ കൂടിയാണ് സൂം എന്നതും ശ്രദ്ധേയമായ കാര്യമാണ്.
എൽഇഡി ഹെഡ്‌ലൈറ്റുകൾ, സ്വൈപ്പ്-സ്റ്റൈൽ എൽഇഡി ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ ക്ലസ്റ്റർ, നാവിഗേഷൻ എന്നിവയാണ് ഹീറോ സൂം 125 പതിപ്പിലെ പ്രധാന ഫീച്ചറുകൾ. VX, ZX എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഹീറോയുടെ സ്പോർട്ടി സ്‌കൂട്ടറിന് നിലവിൽ 85, 519 രൂപ മുതൽ 93,065 രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അഡ്വഞ്ചർ മോഡൽ എത്തുമ്പോൾ വില കൂടാൻ സാധ്യതയുണ്ട്.

മെക്കാനിക്കലുകളിലേക്ക് വന്നാൽ സസ്പെൻഷനായി ഹീറോ സൂം 125 മുൻവശത്ത് ഒരു ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഷോക്ക് അബ്സോർബറും പിന്നിൽ അഡ്ജസ്റ്ററോടുകൂടി സിംഗിൾ സൈഡ് ഷോക്ക് അബ്സോർബറുമാണ് ഉപയോഗിക്കുന്നത്. ബ്രേക്കുംഗിലേക്ക് നോക്കിയാൽ മെച്ചപ്പെട്ട സുരക്ഷയ്ക്കായി സ്കൂട്ടറിൽ ഒരു കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) ഉപയോഗിച്ചിട്ടുണ്ട്. അതേസമയം വേരിയന്റിനെ അനുസരിച്ച് ഫ്രണ്ടിൽ ഡ്രം അല്ലെങ്കിൽ ഡിസ്‌ക് ബ്രേക്കും തെരഞ്ഞെടുക്കാനാവുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications