125 സിസി സ്പോർട്ടി സ്‌കൂട്ടറുകളിലെ കോമളൻമാർ, എൻടോർഖ് വേണോ സൂം വേണോ എന്ന കൺഫ്യൂഷൻ തീർക്കാം
സ്റ്റൈൽ, പെർഫോമൻസ്, പ്രായോഗികത എന്നിവ കാരണം യുവതലമുറയ്ക്കിടയിൽ ഏറെ പ്രശസ്‌തമായവരാണ് സ്പോർട്ടി സ്‌കൂട്ടറുകൾ. ഇന്ത്യയിലെ ഈ സെഗ്മെൻ്റിന് പുതുമാനം സമ്മാനിച്ച മോഡലാണ് ടിവിഎസ് എൻടോർഖ്. യൂത്തൻമാരെ അതിവേഗം കൈയിലെടുത്ത മോഡൽ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. 125 സിസി സ്പോർട്ടി സ്‌കൂട്ടർ സെഗ്മെൻ്റിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും സൂം 125 എന്ന മിടുക്കനുമായി കടന്നുവന്നിരുന്നു. എല്ലാ ഗുണങ്ങളുമുള്ള ഇവനെ ചിലർ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഈ മേഖലയിലേക്കുള്ള ബ്രാൻഡിൻ്റെ കടന്നുവരവ് ഇമേജ് വർധിപ്പിച്ചിട്ടുണ്ടെന്ന് പറയാം.
ഒരു സ്പോർട്ടി സ്‌കൂട്ടർ വാങ്ങാൻ നോക്കുന്നവരാണ് നിങ്ങളെങ്കിൽ ഹീറോ സൂം 125, ടിവിഎസ് എൻടോർഖ് 125 എന്നീ രണ്ട് മോഡലുകളിൽ എന്തായാലും കണ്ണെത്തിയിട്ടുണ്ടാവുമല്ലോ. പക്ഷേ ഇവയിൽ ഏതാണ് കേമം എന്ന് കണ്ടെത്താൻ നമുക്ക് വിശദമായൊരു താരതമ്യം ആയാലോ? ഏറെക്കാലമായി വിപണിയിലുള്ള എൻടോർഖ് വേണോ അതോ ഹീറോയുടെ പുതുപുത്തൻ സ്പോർട്ടി ഗിയർലെസ് വണ്ടിയിലേക്ക് പോവണോ എന്നറിയാൻ നിങ്ങളെ ഈ ലേഖനം സഹായിച്ചേക്കാം.

ഡിസൈനും സ്റ്റൈലും
ഡിസൈനിന്റെ കാര്യത്തിൽ രണ്ട് സ്കൂട്ടറുകളും സ്റ്റൈലിഷും ആകർഷകവുമാണെന്നതിൽ തർക്കമൊന്നും വേണ്ട. സ്ട്രോംഗ് യൂത്ത്ഫുൾ സ്റ്റൈലിംഗ് ഇരുവർക്കും ഒരുപോലെ തന്നെയുണ്ട്. ഫോർവേഡ്-സ്ലംഗ് ബോഡി ഡിസൈൻ, സിഗ്നേച്ചർ എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്‌ലാമ്പ്, സ്‌പോർട്ടി ടി-ആകൃതിയിലുള്ള ടെയിൽലൈറ്റ് എന്നിവയുള്ള സ്റ്റെൽത്ത് എയർക്രാഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എൻടോർഖ് 125 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആകർഷകമായ ഡീക്കലുകളും ഗ്രാഫിക്സും വലിയ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.
സൂം 125 കൂടുതൽ ഷാർപ്പും സ്പോർട്ടിയറുമാണെന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല. പക്ഷേ ആകർഷകമായ കളർ ഓപ്ഷനുകൾ സ്‌കൂട്ടറിന് നൽകുന്നതിൽ ഹീറോ പരാജയപ്പെട്ടുവെന്ന് വേണം പറയാൻ. നിലവിൽ യെല്ലോ, ഗ്രേ, റെഡ്, ബ്ലൂ എന്നിങ്ങനെയുള്ള നിറങ്ങളിലാണ് മോഡൽ വിപണനത്തിന് എത്തുന്നത്. എങ്കിലും രണ്ട് സ്കൂട്ടറുകളും അവരുടേതായ രീതിയിൽ ആകർഷകമാണെന്നതാണ് സത്യം. അന്തിമ തിരഞ്ഞെടുപ്പ് ആത്യന്തികമായി ഉപയോക്താവിന്റെ വ്യക്തിപരമായ അഭിരുചിയെയും ഇഷ്ടപ്പെട്ട കളർ ഓപ്ഷനുകളെയും ആശ്രയിച്ചാണിരിക്കുന്നത്.

എഞ്ചിനും പെർഫോമൻസും
124.8 സിസി ത്രീ-വാൽവ് എഞ്ചിനാണ് ടിവിഎസ് എൻടോർഖിന് തുടിപ്പേകാൻ എത്തുന്നത്. ഇത് 7,000 ആർപിഎമ്മിൽ പരമാവധി 9.5 bhp പവർ ഔട്ട്പുട്ടും 5,500 ആർപിഎമ്മിൽ 10.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസിലേക്ക് നോക്കിയാൽ 0-60 കിലോമീറ്റർ വേഗത വെറും 7.9 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുന്ന എൻടോർഖിൻ്റെ ടോപ്പ് സ്പീഡ് 95-100 കിലോമീറ്റർ വരെയാണ്.
ഹീറോ സൂമിൻ്റെ കാര്യത്തിലേക്ക് വന്നാൽ 125 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ഇതിൻ്റെ ഹൃദയം. എഞ്ചിന് 7,250 ആർപിഎമ്മിൽ 9 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 10.4 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിയും. 0-60 കിലോമീറ്റർ വേഗത 7.6 സെക്കൻഡിലാണ് സൂം കൈവരിക്കുന്നതെങ്കിൽ 95 കിലോമീറ്ററാണ് ഇതിൻ്റെ ടോപ്പ് സ്പീഡായി കമ്പനി പറയുന്നത്. അതായത് സെഗ്മെൻ്റിലെ ഏറ്റവും വേഗതയേറിയ സ്‌കൂട്ടറുകളിൽ ഒന്നാണിത്.

രണ്ടും താരതമ്യം ചെയ്യുമ്പോൾ ടിവിഎസ് എൻടോർഖ് 125 കൂടുതൽ പവർ ഉത്പാദിപ്പിക്കുകയും 3-വാൽവ് എഞ്ചിൻ കാരണം മികച്ച ടോപ്പ്-എൻഡ് പ്രകടനവും നൽകുന്നുണ്ട്. എന്നാൽ ഹീറോ സൂം 125 0-60 ആക്സിലറേഷനിൽ വേഗതയേറിയതാണെന്ന വസ്‌തുത തള്ളിക്കളയാനാവില്ല. മൊത്തത്തിൽ ഈ രണ്ട് സ്കൂട്ടറുകളുടെയും പവർ ഔട്ട്പുട്ട് ലെവലുകൾ വളരെ സമാനമാണ്. ഒന്ന് ടെസ്റ്റ് റൈഡ് ചെയ്താൽ നിങ്ങൾക്കിഷ്ടം ഏതാണെന്ന് മനസിലാവും.
വലിപ്പം
ടിവിഎസ് എൻടോർഖിന് മൊത്തത്തിൽ 1865 മില്ലീമീറ്റർ നീളവും 710 മില്ലീമീറ്റർ വീതിയും 1164 മില്ലീമീറ്റർ ഉയരവും 1285 മില്ലീമീറ്റർ വീൽബേസും 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 155 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസുമാണുള്ളത്. 111 കിലോഗ്രാം ഭാരമാണ് സ്കൂട്ടറിനുള്ളത്. 5 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.
ഇനി ഹീറോ സൂമിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ 1978 മില്ലീമീറ്റർ നീളവും 749 മില്ലീമീറ്റർ വീതിയും 1131 മില്ലീമീറ്റർ ഉയരവും 777 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 164 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസുമാണ് ഇതിനുള്ളത്. 121 കിലോഗ്രാം ഭാരവും 5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുമാണ് സൂമിലുള്ളത്.
ടിവിഎസ് എൻടോർഖിനേക്കാൾ അല്പം വലുതാണ് ഹീറോ സൂം 125. നീളമുള്ള വീൽബേസ് മെച്ചപ്പെട്ട സ്റ്റെബിലിറ്റിയും മികച്ച ഹാൻഡ്‌ലിംഗുമാണ് വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വലിയ വീലുകളും വ്യത്യസ്ത റോഡ് സാഹചര്യങ്ങളിൽ കൂടുതൽ അനുയോജ്യമാക്കുന്നുണ്ട്. എന്നിരുന്നാലും, താരതമ്യേന കുറഞ്ഞ ഉയരവും സീറ്റ് ഹൈറ്റും എൻടോർഖിന് ഗുണകരമാവുന്ന കാര്യങ്ങളാണെന്നതിൽ സംശയമില്ല.
മെക്കാനിക്കലുകൾ
എൻടോർഖിന് സസ്പെൻഷനായി മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ കോയിൽ സ്പ്രിംഗുമാണ് ടിവിഎസ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം സെറ്റപ്പുമാണ് ലഭിക്കുക. 12 ഇഞ്ച് അലോയ് വീലാണ് എൻടോർഖിലുള്ളത്. 14 വീലുകൾ മാറ്റി നിർത്തിയാൽ ഹീറോ സൂമിലും സമാനമായ ഘടകങ്ങൾ തന്നെയാണ് ലഭിക്കുന്നത്. ഒപ്പം പിന്നിൽ ഷോക്ക് അബ്സോർബറുകളാണ് കമ്പനി നൽകിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ റൈഡിംഗിൽ സൂമിനാണ് മികവ് പുലർത്താനാവുന്നത്.
വില
ടിവിഎസ് എൻടോർഖിന് 81,250 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഹീറോ സൂമിന് 80,494 രൂപയും മുടക്കേണ്ടി വരുന്നതായിരിക്കും. അതായത് ഈ എൻട്രി ലെവൽ സ്‌പോർട്ടി സ്‌കൂട്ടറുകളുടെ വിലയും ഏതാണ്ട് സമാനമാണ്. നല്ല റൈഡ് കംഫർട്ടുള്ള മോഡൽ വേണ്ടവർക്ക് സൂം തെരഞ്ഞെടുക്കാം. അതേസമയം സ്പോർട്ടിയർ റൈഡിംഗാണ് വേണ്ടതെങ്കിൽ ടിവിഎസിൻ്റെ എൻടോർഖ് തന്നെ വാങ്ങിക്കാം.


Click it and Unblock the Notifications








