ഏറ്റവും കുറഞ്ഞ വിലയുള്ള 300 സിസി ബൈക്കും നിർത്തലാക്കി ഹോണ്ട, 85 ശതമാനം എഥനോളിൽ ഓടുന്ന എഞ്ചിനുണ്ടായിരുന്നു
കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ വലിയ ഓഫ്-റോഡ് ആഡംബര മോഡലുകൾ വരെ നിർമിക്കുന്നതിൽ ഹോണ്ടയ്ക്കുള്ള വൈദഗ്ധ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കംപ്ലയിന്റ് ഒന്നുമില്ലാതെ ദീർഘകാലം ഓടിക്കാവുന്ന എഞ്ചിൻ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന ശക്തി. അങ്ങനെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് റോയൽ എൻഫീൽഡിന്റെ ആധിപത്യത്ത ചോദ്യം ചെയ്യാൻ വരെ തീരുമാനിച്ച് ഉറപ്പിച്ചെത്തിയപ്പോൾ എതിരാളികൾ വരെ അമ്പരന്ന് നോക്കിനിന്നിട്ടുണ്ടാവണം. കിടിലൻ എഞ്ചിനും ഡിസൈനുമെല്ലാം ചേർന്ന CB350 മോഡലുകളാണ് ഇതിന് നേതൃത്വം കൊടുത്തത്. എന്നാൽ ഇതോടൊപ്പം കമ്പനി ഒരു 300 സിസി അഗ്രസീവ് സ്പോർട്ടി ലുക്കിംഗ് മോട്ടോർസൈക്കിളും പുറത്തിറക്കിയിട്ടുണ്ടായിരുന്നു.
CB300F എന്ന മിടുക്കന് പക്ഷേ പ്രതീക്ഷിച്ചതു പോലെ തിളങ്ങാനായില്ലെന്ന് വേണം പറയാൻ. കാര്യമായി വിൽപ്പന നേടാതെ തളർന്നുപോയ ബൈക്കിനെ ഹോണ്ടയിതാ സൈലന്റായി ഒഴിവാക്കിയിരിക്കുകയാണ്. 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ ജിഎസ്ടി 2.0 പ്രഖ്യാപനത്തിന് ശേഷം വലിയ വിലക്കുറവും ലഭിച്ചിരുന്നു. അങ്ങനെ ഇന്ത്യയിലെ കൂടുതൽ താങ്ങാനാവുന്ന 300 സിസി ഓപ്ഷനുകളിൽ ഒന്നായി മോഡൽ മാറിയിരുന്നു.

വിപണി പിടിക്കാനുള്ള എല്ലാത്തരം കഴിവും ഇതോടെ ലഭിച്ച CB300F പക്ഷേ അപ്രതീക്ഷിതമായി പടിയിറങ്ങിയത് പലരേയും അത്ഭുതപ്പെടുത്തിയേക്കാം. ഹോണ്ട CB300F മോട്ടോർസൈക്കിളിന്റെ ഫ്ലെക്സ് ഫ്യുവൽ വേരിയന്റും ഇന്ത്യയിലെ വെബ്‌സൈറ്റിൽ നീക്കം ചെയ്‌തിട്ടുണ്ട് കമ്പനി. കമ്പനിയുടെ രാജ്യത്തെ ഏക ഫ്ലെക്സ്-ഫ്യുവൽ മോട്ടോർസൈക്കിളായിരുന്നു ഇത്. 85 ശതമാനം എഥനോൾ, 15 ശതമാനം പെട്രോൾ മിശ്രിതം ഉപയോഗിച്ച് ഓടാൻ പാകമായ E85 കംപ്ലയിന്റായിരുന്നു ഇതിലെ എഞ്ചിൻ.
കണ്ണഞ്ചിപ്പിക്കുന്ന പെർഫോമൻസോ ആഡംബര ഫീച്ചറുകളോ ഒന്നുമില്ലെങ്കിലും ലുക്കിന്റെ കാര്യത്തിൽ അൽപം വ്യത്യസ്‌തനായിരുന്നു CB300F. പ്രീമിയം മോട്ടോർസൈക്കിൾ രംഗത്തേക്കുള്ള ഹോണ്ടയുടെ എൻട്രി ലെവൽ ബൈക്കും പടിയിറങ്ങുമ്പോൾ 350 സിസി ശ്രേണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ ശ്രമം. ആക്രമണാത്മകമായ സ്റ്റൈലിംഗ് ഉണ്ടായിരുന്നുവെങ്കിലും ക്ലാസ്-ലീഡിംഗ് പെർഫോമൻസ് നമ്പറുകൾ ഇല്ലാത്തത് തന്നെയായിരുന്നു വിൽപ്പന പിടിക്കാൻ സാധിക്കാതെ പോയതിന്റെ കാരണം.

എങ്കിലും സ്മൂത്ത് റൈഡിംഗ്, ഉപയോഗിക്കാനുള്ള എളുപ്പം, വിശ്വാസ്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഹോണ്ട CB300F പണികഴിപ്പിച്ചത്. 293.52 സിസി എഞ്ചിനാണ് മോട്ടോർസൈക്കിളിനായി തുടിപ്പേകാൻ എത്തിയിരുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിന് 24 bhp കരുത്തിൽ പരമാവധി 25.6 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഡ്യുവൽ-ചാനൽ എബിഎസ്, ഓൾ-എൽഇഡി ലൈറ്റിംഗ്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നീ ഫീച്ചറുകളും അകമ്പടിയായി ഉണ്ടായിരുന്നു.
17 ഇഞ്ച് അലോയ് വീലുകളിൽ നിരത്തിലെത്തിയിരുന്ന ഹോണ്ടയുടെ 300 സിസി ബൈക്കിന്റെ സസ്പെഷൻനായി മുന്നിൽ അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമായിരുന്നു ഒരുക്കിയിരുന്നത്. ബ്രേക്കിംഗിനായി ഇരുവശത്തും സിംഗിൾ ഡിസ്ക് ബ്രേക്കും ഉണ്ടായിരുന്നു. കൂടാതെ, CB300F ട്രാക്ഷൻ കൺട്രോൾ, അസിസ്റ്റ് സ്ലിപ്പർ ക്ലച്ച് തുടങ്ങിയ ആധുനിക സവിശേഷതകളും വാഗ്ദാനം ചെയ്‌തിരുന്നു.

ജിഎസ്‌ടി 2.0 പരിഷ്ക്കരണത്തിന് മുമ്പ് ഹോണ്ട CB300F മോഡലിന്റെ എക്സ്ഷോറൂം വില ഏകദേശം 1.70 ലക്ഷം രൂപയോളമായിരുന്നു. നികുതി മാറ്റത്തിനുശേഷം ബൈക്കിന്റെ എക്സ്ഷോറൂം വില 1.55 ലക്ഷമായി കുറഞ്ഞിരുന്നു. ഇത് ഹോണ്ട ഹോർനെറ്റിനോട് അടുത്ത വിലയായി മാറുകയും ഇതിന് പുറമെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 300 സിസി മോട്ടോർസൈക്കിളുകളിൽ ഒന്നായി CB300F മാറുകയും ചെയ്‌തിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications