ആരും മോഹിക്കും, പുതിയ 125 അഡ്വഞ്ചർ സ്‌കൂട്ടറുമായി ഹോണ്ട! ലിറ്ററിന് 47 കിലോമീറ്റർ മൈലേജും
ഇന്ത്യൻ സ്‌കൂട്ടർ വിപണിയിലെ രാജാക്കൻമാരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ആക്‌ടിവ, ഡിയോ, ഏവിയേറ്റർ പോലുള്ള മോഡലുകളിലൂടെ രാജ്യം പിടിച്ച ബ്രാൻഡ് ഇപ്പോഴും ശക്തനായി തുടരുന്നുണ്ടെങ്കിൽ ഇവരുടെ റേഞ്ച് എന്താണെന്ന് മനസിലാക്കാമല്ലോ. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളായ ഹീറോ മോട്ടോകോർപും ടിവിഎസും സുസുക്കിയുമെല്ലാം ആഞ്ഞുശ്രമിച്ചിട്ടും ഹോണ്ടയുടെ കിരീടത്തിന് ഇതുവരെ അനക്കം തട്ടിയിട്ടില്ല. ക്ലിക്ക്, ഏവിയേറ്റർ, ഗ്രാസിയ, നവി, ആക്ടിവ ഇവി, QC1 തുടങ്ങിയ വമ്പൻ ഫ്ലോപ്പുകളുണ്ടായിട്ടും സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ഇപ്പോഴും സുരക്ഷിതരാണ്. എന്നാൽ അധികം വൈകാതെ മോഡൽ നിര വിപുലീകരിക്കാനുള്ള പദ്ധതിയും കമ്പനി ആവിഷ്ക്കരിക്കുന്നുണ്ട്.
ആഗോളതലത്തിൽ, ഹോണ്ടയ്ക്ക് വിശാലമായ ഒരു സ്കൂട്ടർ നിരയുണ്ട്. അതെല്ലാം കണ്ട് മോഹിക്കാൻ മാത്രമാണ് ഇതുവരെ ഇന്ത്യക്കാർക്ക് യോഗമുണ്ടായിരുന്നത്. അക്കൂട്ടത്തിലേക്ക് ഒരു കിടിലൻ 125 സിസി അഡ്വഞ്ചർ സ്‌കൂട്ടർ കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ. ചൈനീസ് വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയ ഹോണ്ട ഹൂറൈഡ് 125 കണ്ടാൽ സ്കൂട്ടറുകളെ ഇത്രയധികം ഇഷ്‌ടപ്പെടുന്ന ഇന്ത്യക്കാർക്ക് അങ്ങനെ അടങ്ങിയിരിക്കാനാവില്ല.

PCX 125 മോഡലിൽ നിന്നുള്ള കലക്കൻ 125 സിസി ലിക്വിഡ്-കൂൾഡ് eSP+ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഒപ്പം ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ ബൈക്കിൽ നിന്നും പ്രചോദമുൾക്കൊണ്ട ADV സ്റ്റൈൽ ഡിസൈൻ ഭാഷ്യവും കൂടിയാവുമ്പോൾ ഹൂറൈഡ് 125 കിടിലമാവുകയാണ്. ഈ കോമ്പിനേഷൻ ഒരു പരുക്കൻ ADV സ്റ്റൈൽ 125 സിസി സ്കൂട്ടറിനാണ് രൂപം നൽകുന്നത്. അവിശ്വസനീയമായ പ്രായോഗികതയും 47.17 കിലോമീറ്റർ വരെ മൈലേജും കൂടിയുണ്ടെന്നറിഞ്ഞാൽ ആരായാലും ഫ്ലാറ്റാവും.
ഹോണ്ട ഹൂറൈഡ് 125 നിലവിൽ ഇന്ത്യയെ മനസിൽവെച്ച് പണികഴിപ്പിച്ചിരിക്കുന്ന മോഡലല്ല. പകരം ചൈനീസ് വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ജപ്പാനിൽ നിന്നുള്ള ഹോണ്ട മോട്ടോറും ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഗ്വാങ്‌ഷോ ഓട്ടോമൊബൈൽ ഗ്രൂപ്പും (GAC) തമ്മിലുള്ള പങ്കാളിത്തമായ വുയാങ് ഹോണ്ടയാണ് ഈ സ്കൂട്ടർ ഒരുക്കുന്നത് എന്നതും രസകരമായ കാര്യമാണ്.

ഇന്ത്യയിൽ പേറ്റന്റ് നേടിയ ഇ-വോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉൾപ്പെടെ ICE, EV ഇരുചക്ര വാഹനങ്ങൾ പണികഴിപ്പിക്കുന്നതിൽ വിദഗ്ധരാണ് വുയാങ് ഹോണ്ട. ഡിസൈൻ തന്നെയാണ് ഹോണ്ട ഹൂറൈഡ് 125 സ്കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആഫ്രിക്ക ട്വിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുപോലെയോ അല്ലെങ്കിൽ ബേബി എഡിവി 160 പോലെയോ കാണപ്പെടുന്ന രൂപം ഏതൊരാളുടേയും മനസിളക്കാൻ പാകമാണ്.
ട്വിൻ-പോഡ് ഹെഡ്‌ലൈറ്റുകൾ, സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, സ്മോക്ക്ഡ് ഇഫക്റ്റ് ഉള്ള ഉയരമുള്ള വിൻഡ്‌സ്ക്രീൻ എന്നിവയുള്ള ഒരു റോബോട്ടിക് ഫാസിയയാണ് ഹൂറൈഡിന് ലഭിക്കുന്നത്. ടെയിൽ ലൈറ്റുകൾക്കും സമാനമായ ലൈറ്റിംഗ് സിഗ്നേച്ചർ നൽകിയിട്ടുണ്ട്. വശക്കാഴ്ച്ചയിൽ ആംഗുലർ ലൈനുകളും പാറ്റേണുകളും ഉള്ള ഒരു പരുക്കൻ രൂപഘടനയും കാണാൻ കഴിയും. ഇതൊരു സ്റ്റെപ്പ്-ത്രൂ സ്കൂട്ടറാണ്. പ്രായോഗികതയ്ക്കായി ഒരു ഫ്ലാറ്റ് ഫ്ലോർബോർഡും ഇതിലുണ്ട്.

സ്റ്റെപ്പ്ഡ് പില്യൺ കമ്പാർട്ട്മെന്റുള്ള സിംഗിൾ-പീസ് സീറ്റാണ് ഇതിനുള്ളത്. ഏപ്രോണിന് പിന്നിലാണ് ഫ്യുവൽ ഫില്ലർ ക്യാപ്പ് വരുന്നത്. 8.2 ലിറ്റർ ഫ്യുവൽ ടാങ്ക് ഫ്ലോർബോർഡിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ സീറ്റിനടിയിൽ ധാരാളം സ്പേസും ലഭിക്കുന്നുണ്ട്. രണ്ട് ഹാഫ് ഫെയ്സ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വലിയ ബൂട്ട് ഹോണ്ട ഹൂറൈഡിന് ഉണ്ടെന്ന് ഹോണ്ട പറയുന്നു. കിടിലൻ കളർ ഓപ്ഷനുകളിലും മോഡൽ ലഭ്യമാണ്.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ 5 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടൈപ്പ്-എ, ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, ഫ്രണ്ട് ഗ്ലൗ കമ്പാർട്ട്മെന്റ്, NFC കീ കാർഡ്, കണക്റ്റഡ് ടെക്, ഫോണുകളും ക്യാമറകളും മൌണ്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന ഹാൻഡിൽബാറിലെ ബാർ, TPMS എന്നിവയെല്ലാം പുതിയ അഡ്വഞ്ചർ സ്കൂട്ടറിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. കീലെസ് ഗോ സവിശേഷതയും സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുണ്ട്.
124.7 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് 4V/സിലിണ്ടർ എഞ്ചിനാണ് ഹോണ്ട ഹൂറൈഡ് 125 അഡ്വഞ്ചർ സ്‌കൂട്ടർ ഉപയോഗിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11.2 bhp കരുത്തിൽ പരമാവധി 11.7 Nm ടോർക്ക് വരെയും ഉത്പാദിപ്പിക്കാനാവും. കമ്പനി പറയുന്നത് അനുസരിച്ച് ഈ എഞ്ചിൻ ലിറ്ററിന് 47.17 കിലോമീറ്റർ മൈലേജ് നൽകുന്നുവെന്നതും വലിയ കാര്യമാണ്. ഭാവിയിൽ മോഡൽ ഇന്ത്യയിലേക്ക് എത്തുമോയെന്നത് കണ്ടുതന്നെ അറിയേണം.


Click it and Unblock the Notifications