നല്ല മൈലേജ്, 10 വർഷം വാറണ്ടി! കൂടുതൽ ഷൈൻ ചെയ്യാൻ ബൈക്കിൻ്റെ ലിമിറ്റഡ് എഡിഷൻ മോഡലുമായി ഹോണ്ട
ഹോണ്ട എന്ന വാഹന നിർമാണ കമ്പനിയോട് ഇന്ത്യക്കാർക്ക് പ്രത്യേക താത്പര്യമാണ്. ജാപ്പനീസ് വൈദഗ്ധ്യമുള്ള എഞ്ചിനുകളും നല്ല നിർമാണ നിലവാരവുമാണ് ഈ സ്നേഹത്തിന് പിന്നിലുള്ള പ്രധാന കാരണം. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്‌കൂട്ടർ ആക്‌ടിവ ഓരോ മാസവും വിറ്റഴിയുന്ന കണക്കുകൾ കണ്ടാൽ തന്നെ മനസിലാക്കാനാവുന്നതേയുള്ളൂ ഹോണ്ടയുടെ വീര്യം. ഒപ്പം ബൈക്ക് വിഭാഗത്തിൽ ചൂടപ്പം പോലെ വിറ്റഴിയുന്നത് ഷൈൻ എന്ന മിടുക്കനാണ് (Honda Shine 125). 125 സിസി വിഭാഗത്തിൽ ഏറെക്കാലമായുള്ള മിടുക്കൻ ഓരോമാസവും ലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിയുന്നത്.
ഇപ്പോഴിതാ തങ്ങളുടെ ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൻ്റെ ഒരു സ്പെഷ്യൽ എഡിഷൻ മോഡലിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ സ്കൂട്ടർ ഇന്ത്യ. ഷൈൻ 125 ലിമിറ്റഡ് എഡിഷൻ എന്നറിയപ്പെടുന്ന പുതുമോഡലിൻ്റെ അനാച്ഛാദനം നടന്നിരിക്കുകയാണ്. വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷൈൻ നിരയിലേക്ക് ഒരു പ്രത്യേകതയും ദൃശ്യ ആകർഷണവും ചേർക്കാൻ പുതിയ ലിമിറ്റഡ് എഡിഷനിലൂടെ ലക്ഷ്യമിടുകയാണ് ഹോണ്ട. ഷൈൻ 125 ലിമിറ്റഡ് എഡിഷൻ്റെ ഹൈലൈറ്റ് അതിൻ്റെ പുതുക്കിയ സ്റ്റൈലിംഗാണ്. പുതിയ പേൾ സൈറൺ ബ്ലൂ നിറത്തിലാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിപണിയിലെത്തുന്നത്. കടും നീല നിറത്തിലുള്ള ബോഡി പാനലുകളും ഫ്യുവൽ ടാങ്കിലെ യുണീക് ഷൈൻ ഗ്രാഫിക്സും വല്ലാത്തൊരു ആകർഷണമാണ് സമ്മാനിക്കുന്നത്.
പുതുക്കിയ ഡിസൈൻ ഫ്രണ്ട് വൈസർ, സൈഡ് കവർ, റിയർ കൗൾ എന്നിവയിലേക്ക് വ്യാപിക്കുന്നതായും കാണാം. ബ്രൗൺ-ഫിനിഷ്ഡ് അലോയ് വീലുകൾ ഷൈൻ 125 ബൈക്കിൻ്റെ പ്രീമിയം ലുക്ക് ഉയർത്തുന്നുമുണ്ട്. ഇത് സ്റ്റാൻഡേർഡ് ഷൈൻ 125 ഡിസ്ക് വേരിയൻ്റിൽ നിന്ന് വേറിട്ടു നിർത്താൻ സഹായിക്കുന്ന കാര്യങ്ങളാണ്. ഇതൊഴികെ ബൈക്കിൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ജാപ്പനീസ് ബ്രാൻഡ് വരുത്തിയിട്ടില്ല.
ഹോണ്ട ഔദ്യോഗികമായി വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷൈൻ 125 ലിമിറ്റഡ് എഡിഷന് 85,211 രൂപ എക്സ്ഷോറൂം വിലയുള്ള സ്റ്റാൻഡേർഡ് ഷൈൻ 125 ഡിസ്കിനേക്കാൾ ഏകദേശം 1,500 രൂപ അധികം മുടക്കേണ്ടി വരുമെന്നാണ് സൂചന. 7,500 ആർപിഎമ്മിൽ 10.6 bhp കരുത്തും 6,000 ആർപിഎമ്മിൽ പരമാവധി 11 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 123.94 സിസി ബിഎസ്-VI കംപ്ലയിൻ്റ്, എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിൻ്റെ ഹൃദയം.
അഞ്ച് സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇത് സുഗമമായ പെർഫോമൻസും ശക്തമായ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുവെന്ന് കാലകാലങ്ങളായി തെളിഞ്ഞിട്ടുണ്ട്. ഹോണ്ട ഷൈൻ 125 മോട്ടോർസൈക്കിളിന് 113 കിലോഗ്രാം ഭാരവും, 791 മില്ലീമീറ്റർ സീറ്റ് ഹൈറ്റും, 10.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണുള്ളത്. വലിപ്പത്തിലേക്ക് വന്നാൽ 2,046 മില്ലീമീറ്റർ നീളവും, 741 മില്ലീമീറ്റർ വീതിയും, 1,116 മില്ലീമീറ്റർ ഉയരവുമുണ്ട് ഇതിന്.
1,285 മില്ലീമീറ്റർ വീൽബേസും 162 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ഹോണ്ട ഷൈൻ 125 പതിപ്പിനുള്ളത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷമായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മോട്ടോർസൈക്കിളിൻ്റെ ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ മുന്‍വശത്ത് 240 mm ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








