ആനക്കൊമ്പിൻ്റെ എടുപ്പിൽ ജാവയുടെ റെട്രോ ബൈക്ക്, ബുള്ളറ്റ് എടുക്കാൻ നിൽക്കുന്നവർ ഒന്ന് കണ്ടുനോക്ക്
ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ പ്രശസ്‌തരാണ് ജാവ. റോയൽ എൻഫീൽഡിനെ ഉന്നംവെച്ച് എത്തിയ 350 സിസി നിരയ്ക്ക് കാര്യമായി തിളങ്ങാനായില്ലെങ്കിലും മിഡ്-കപ്പാസിറ്റി സെഗ്മെൻ്റിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ ക്ലാസിക് ലെജൻഡ്‌സിന് സാധിക്കുകയുണ്ടായി. എങ്കിലും വിൽപ്പന വേണ്ടവിധത്തിൽ ഉയർത്താൻ ബ്രാൻഡിനാവുന്നില്ലെന്നത് സങ്കടകരമായ കാഴ്ച്ചയാണ്. പക്ഷേ തുടർച്ചയായി മോഡലുകളിൽ നവീകരണങ്ങൾ കൊണ്ടുവന്ന് ജനകീയരാവാനുള്ള ശ്രമവും ജാവയിൽ നിന്നും ഉണ്ടാവുന്നുണ്ട്. അതിൻ്റെ ഭാഗമായിതാ ക്ലാസിക് ചാരുതയും ആധുനികതയും ഒരുകുടക്കീഴിൽ എത്തിക്കുന്ന ജാവ 42 ഇപ്പോൾ കൂടുതൽ ഗ്ലാമറായി വിപണിയിൽ എത്തിയിരിക്കുകയാണ്.
മോട്ടോർസൈക്കിളിലേക്ക് പുതിയ ഐവറി കളർ ഓപ്ഷൻ അവതരിപ്പിച്ചുകൊണ്ടാണ് ജാവ വിപണിയിലെത്തിയിരിക്കുന്നത്. ആനക്കൊമ്പിൻ്റെ നിറം 42 റെട്രോ ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നുമുണ്ട്. 1.85 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതിയ നിറത്തിലുള്ള ജാവ 42 അവതരിപ്പിച്ചിരിക്കുന്നത്. അതായത് 42 ലൈനപ്പിലെ ഏറ്റവും ചെലവേറിയ കളർ വേരിയൻ്റാണിതെന്ന് സാരം.

ജാവ 42 മോഡലിൻ്റെ ഡ്യുവൽ-ചാനൽ എബിഎസ്, അലോയ് വീൽ വേരിയൻ്റുകൾക്ക് മുകളിലാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്. 1.83 ലക്ഷം രൂപയാണ് ഇവയുടെ നിലവിലെ എക്സ്ഷോറൂം വില. ഇനി പുതിയ ഐവറി കളർ ഓപ്ഷൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് വരാം. ബൈക്കിൻ്റെ ഫ്രണ്ട് ഫെൻഡർ, ഹെഡ്‌ലാമ്പ് നേസൽ, ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, റിയർ ഫെൻഡർ എന്നിവ പാസ്റ്റൽ ഐവറി ഷേഡിലാണ് അലങ്കരിച്ചിരിക്കുന്നത്.
കൂടാതെ ഫ്യുവൽ ടാങ്കിലുടനീളം ബോൾഡായി 'ഫോർട്ടി ടു' എന്ന് എഴുതിയിരിക്കുന്നതും കാണാം. സൈഡ് പാനലുകളിൽ '42' എന്ന നമ്പറും കമ്പനി കൊടുത്തിട്ടുണ്ട്. ഇവ രണ്ടും മറ്റ് കളർ വേരിയന്റുകളിൽ നിന്ന് മോട്ടോർസൈക്കിളിനെ വ്യത്യസ്തമാക്കുന്നു. ബൈക്കിൻ്റെ എഞ്ചിൻ, സൈക്കിൾ ഭാഗങ്ങൾ കറുത്ത പെയിൻ്റിലാണ് പണിതിറക്കിയിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ പുതിയ വേരിയൻ്റിന് ഒരു ഫാക്ടറി കസ്റ്റം ആകർഷണം നൽകാൻ ജാവയ്ക്ക് സാധിച്ചിട്ടുണ്ട്.

പുതിയ ജാവ 42 ഐവറിയുടെ മെക്കാനിക്കൽ ഘടകങ്ങൾ മറ്റ് വകഭേദങ്ങളെപ്പോലെ തന്നെ തുടരുന്നു. അതേ 294.7 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് റെട്രോ ബൈക്കിൻ്റെ ഹൃദയം. 6 സ്പീഡ് ഗിയർബോക്സും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27 bhp പവറിൽ പരമാവധി 26.84 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ട്വിൻ ക്രാഡിൽ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന ബൈക്കിൻ്റെ സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ഉപയോഗിച്ചിരിക്കുന്നത് കാണാം.
175 മില്ലീമീറ്ററിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 785 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് ബൈക്കിലുള്ളത്. 18 ഇഞ്ച് ഫ്രണ്ട് അലോയ് വീലുകളും 17 ഇഞ്ച് റിയർ അലോയ് വീലുകളുമാണ് ജാവ ഒരുക്കിയിരിക്കുന്നത്. ടോപ്പ് സ്പെക്ക് വകഭേദങ്ങൾ അലോയ് വീലുകൾ ലഭിക്കുമ്പോൾ മറ്റ് വേരിയൻ്റുകളിൽ വയർ-സ്പോക്ക് റിമ്മുകളാണ് ഒരുക്കിയിട്ടുള്ളത്. ജാവ യെസ്ഡി ഓണർഷിപ്പ് അഷ്വറൻസ് പ്രോഗ്രാമിന് കീഴിൽ 42 വാങ്ങുന്നവർക്ക് നാല് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി ലഭിക്കുന്നുണ്ട്.
അതിനാൽ ഉടമസ്ഥാവകാശം ഒരു തലവേദനയേയാവില്ല. അധിക പണം നൽകി വാറണ്ടി പിരീഡ് 6 വർഷം വരെ നീട്ടാനും സാധിക്കുന്നുണ്ട്. കൂടാതെ എട്ട് വർഷം വരെ റോഡ്‌സൈഡ് അസിസ്റ്റൻസും അഞ്ച് വർഷം വരെ എഎംസിയും രാജ്യവ്യാപകമായ കവറേജോടെ തിരഞ്ഞെടുക്കാം. എന്തായാലും പുതിയ നീക്കങ്ങളിലൂടെ ജാവ എന്ന ബ്രാൻഡിനെ കൂടുതൽ ജനകീയരാക്കാനുള്ള ക്ലാസിക് ലെജൻഡ്‌സിൻ്റെ നീക്കങ്ങൾ കൈടയി അർഹിക്കുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








