എൻഫീൽഡിന് പുതിയ വില്ലൻ! ചെയിന് പകരം ബെൽറ്റ് ഡ്രൈവ്, V-ട്വിൻ എഞ്ചിൻ; കിടിലൻ വിലയിൽ കീവേയുടെ ക്രൂയിസർ
ക്രൂയിസർ ബൈക്കുകൾക്ക് ഏറ്റവും ഡിമാന്റുള്ള നാടുകളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്‌ത തരത്തിലുള്ള മോഡലുകളുണ്ടെങ്കിലും ദീർഘദൂര യാത്രകൾക്കും സിറ്റി കമ്മ്യൂട്ടിംഗിനും ഒരുപോലെ അനുയോജ്യമായ ഇത്തരം മോട്ടോർസൈക്കിളുകൾ ഏറ്റവും കൂടുതൽ നിർമിക്കുന്ന ബ്രാൻഡ് റോയൽ എൻഫീൽഡാണ്. എന്നാൽ ഇതേ വിഭാഗത്തിൽ മറ്റ് വലിയ ബ്രാൻഡുകളും തങ്ങളുടേതായ രീതിയിൽ വേറിട്ടുനിൽക്കുന്നുണ്ട്. കുറച്ച് വർഷങ്ങളായി ഇന്ത്യൻ വാഹന വിപണിയിലെ സാന്നിധ്യമാണ് ഹംഗേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ. എൻഫീൽഡ് പോലുള്ള ബ്രാൻഡുകളോട് മത്സരിക്കാൻ കഴിവുള്ള കിടിലൻ മോട്ടോർസൈക്കിളുകൾ തന്നെയാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.
ആദിശ്വർ ഓട്ടോ റൈഡ് എന്ന സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കീവേ തങ്ങളുടെ നിരയിലെ സൂപ്പർ ക്രൂയിസർ ബൈക്കായ V302C പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മോട്ടോർസൈക്കിളിലേക്ക് പുതിയ യെല്ലോ-ബ്ലാക്ക് കളർ ഓപ്ഷൻ പകർത്തിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇതുകൂടാതെ ക്രൂയിസർ മോഡൽ മുമ്പുണ്ടായിരുന്ന റെഡ്, ബ്ലാക്ക്, യെല്ലോ എന്നീ മൂന്ന് നിറങ്ങളിലും ലഭ്യമാവുന്നതാണ്.

ലോ സ്ലംഗ് ബോബർ സ്റ്റാൻസ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, മിനിമലിസ്റ്റ് എന്നാൽ മസ്ക്കുലാർ ലുക്ക് എന്നിവയുള്ള വളരെ രസകരമായ ഒരു മോട്ടോർസൈക്കിളാണ് V302C. എൽഇഡി ലൈറ്റിംഗും പ്രീമിയം ഡീറ്റെയിലിംഗും മോട്ടോർസൈക്കിളിൽ പഴയപടി തുടരുന്നതിനാൽ കാര്യങ്ങൾ കൂടുതൽ രസകരമാവുന്നുമുണ്ട്. എന്തായാലും യുണീക് സ്റ്റൈലിൽ വരുന്ന ബൈക്കിന് വ്യത്യസ്‌തമായ റോഡ് പ്രസൻസാണ് നൽകാനാവുന്നത് എന്നതിൽ തർക്കമൊന്നും വേണ്ട.
പുതിയ കളർ ഓപ്ഷൻ കൊണ്ടുവന്ന് കാഴ്ച്ചയിൽ ഗ്ലാമറാക്കിയിട്ടുണ്ടെങ്കിലും പ്രീമിം ക്രൂയിസർ ബൈക്കിന് മറ്റ് മെക്കാനിക്കൽ മാറ്റങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. പരമ്പരാഗത ചെയിൻ ഡ്രൈവ് സജ്ജീകരണത്തേക്കാൾ ശാന്തമായ പ്രവർത്തനവും കുറഞ്ഞ പരിപാലനവും വാഗ്ദാനം ചെയ്യുന്ന ബെൽറ്റ് ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയ ഒരു സവിശേഷമായ 298 സിസി, V-ട്വിൻ എഞ്ചിനാണ് കീവേയുടെ V302C മോഡലിന് തുടിപ്പേകുന്നത്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്ന SOHC സജ്ജീകരണമുള്ള ലിക്വിഡ് കൂൾഡ് എഞ്ചിന് 8,500 ആർപിഎമ്മിൽ 29.5 bhp കരുത്തും 6,500 ആർപിഎമ്മിൽ പരമാവധി 26.5 Nm ടോർക്കും വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ക്രൂയിസർ മോട്ടോർസൈക്കിളിന് മൊത്തത്തിൽ 2,120 മില്ലീമീറ്റർ നീളവും 836 മില്ലീമീറ്റർ വീതിയും 1,050 മില്ലീമീറ്റർ ഉയരവും 1,420 മില്ലീമീറ്റർ വീൽബേസും 158 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.
കീവേ V302C ക്രൂയിസറിന്റെ സീറ്റ് ഹൈറ്റ് 690 മില്ലിമീറ്ററാണെന്നതിനാൽ ഉയരം കുറഞ്ഞവർക്കും ബൈക്ക് അനായാസം കൈകാര്യം ചെയ്യാനാവും. 15 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് മോട്ടോർസൈക്കിളിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്. സസ്പെൻഷനായി മുന്നിൽ 120 mm ട്രാവൽ ഉള്ള അപ്-സൈഡ് ഡൌൺ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 42 mm ട്രാവലുള്ള ഗ്യാസ് ചാർജ്ഡ് കോയിൽ സ്പ്രിംഗുകളുമാണ് ലഭിക്കുക.

ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഇരുവശത്തും ഡിസ്ക്ക് ബ്രേക്കാണ് കീവേ V302C ക്രൂയിസറിലുള്ളത്. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും കമപനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്രണ്ടിൽ 16 ഇഞ്ച് അലോയ് വീലിൽ 120/80 സെക്ഷൻ ടയറും പിന്നിൽ 15 ഇഞ്ച് വലിപ്പമുള്ള വീലിൽ 150/80 സെക്ഷൻ ടയറുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ട്യൂബ്‌ലെസ് ആയതിനാൽ പഞ്ചറാവുമെന്ന പേടിയും വേണ്ട. 4.22 ലക്ഷം രൂപയാണ് പുതിയ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications