10 വർഷം വരെ വാറണ്ടി, 10,000 രൂപയുടെ ഫ്രീ ആക്‌സസറികൾ! 390 അഡ്വഞ്ചർ വാങ്ങുന്നവരെ കാത്തിരിക്കുന്നത് ലോട്ടറി തന്നെ
അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ രാജാവാണ് റോയൽ എൻഫീൽഡ് ഹിമാലയൻ എങ്കിൽ രാജകുമാരനായി വാഴ്ത്തപ്പെടാവുന്ന മോഡലാണ് കെടിഎമ്മിൻ്റെ 390 അഡ്വഞ്ചർ (KTM 390 Adventure). ഏത് കുന്നും മലയും ഹൈവേയും പുഷ്‌പം പോലെ പറന്നുകയറുന്ന എഞ്ചിൻ തന്നെയാണ് ഇതിൻ്റെ വലിയ ഹൈലൈറ്റ്. ഒപ്പം ന്യൂജെൻ മോഡലിൽ അവതരിപ്പിച്ച ഡിസൈനും ആളുകൾക്ക് ഏറെയിഷ്‌ടമായിട്ടുണ്ട്. പണ്ടത്തെ പ്രതാപമെല്ലാം നഷ്‌ടപ്പെട്ട് ദുരതത്തിലായ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾക്ക് പുതുജീവൻ കൂടിയായിരുന്നു പുതിയ 390 അഡ്വഞ്ചർ സമ്മാനിച്ചത്. ഇപ്പോഴിതാ ബൈക്കിന് ന്യൂഇയർ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് കെടിഎം.
ഉടമസ്ഥാവകാശം കൂടുതൽ പ്രതിഫലദായകമാക്കാൻ സഹായിക്കുന്നതിന് 390 അഡ്വഞ്ചർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10,000 രൂപ വില വരുന്ന ആക്‌സസറികൾ സൗജന്യമായി നൽകുമെന്നാണ് ഓസ്ട്രിയൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. പരിമിതമായ കാലയളവിലേക്കാണ് കെടിഎം 390 അഡ്വഞ്ചർ അല്ലെങ്കിൽ 390 അഡ്വഞ്ചർ X തിരഞ്ഞെടുക്കുന്നവർക്ക് ഫ്രീ ആക്‌സസറികൾ ലഭ്യമാവുക. ഓഫ്-റോഡ് യാത്രകൾക്ക് ഉപകാരപ്രദമാവുന്ന ആക്‌സസറികൾ ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട.

ഈ ഫ്രീ ആക്‌സസറികളിൽ ഹെഡ്‌ലാമ്പ് പ്രൊട്ടക്ടർ, മഡ്‌ഫ്ലാപ്പ് എക്സ്റ്റൻഷൻ, ലോവർ ഫെൻഡർ, സെന്റർ സ്റ്റാൻഡ്, ടൂറിംഗ് സീറ്റ്, കെടിഎം ബൈക്ക് കവർ എന്നിവയാണ് കെടിഎം വാഗ്‌ദാനം ചെയ്യുന്നത്. ആക്‌സസറി പാക്കേജിന് പുറമേ, കെടിഎം 2,650 രൂപ വിലമതിക്കുന്ന 10 വർഷം വരെയുള്ള എക്സ്റ്റൻഡഡ് വാറണ്ടി കവറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ആശങ്കകളൊന്നുമില്ലാതെ കെടിഎമ്മിൻ്റെ മോട്ടോർസൈക്കിളുകൾ തെരഞ്ഞെടുക്കാൻ ഇത് ആളകളെ സഹായിക്കും.
അധിക വാറണ്ടി കവറേജ് മെയിൻ്റനെൻസ് ചെലവുകളെക്കുറിച്ചുള്ള ആശങ്കകളും കുറയ്ക്കുന്നു. ഇന്ത്യയിലെ അംഗീകൃത കെടിഎം ഡീലർഷിപ്പുകളിൽ പരിമിതമായ കാലയളവിലേക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂവെന്നതിനാൽ ബൈക്ക് വാങ്ങാൻ പ്ലാനുള്ളവർ വേഗം അഡ്വഞ്ചർ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യുന്നതാവും ഉചിതം. ലോകത്തിലെ നമ്പർ വൺ പ്രീമിയം സ്‌പോർട്‌സ് മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം നിലവിൽ പഴയ പ്രതാപത്തിലേക്ക് ഉയർന്നുവരികയാണ്.

കെടിഎം 390 അഡ്വഞ്ചറിൽ 398.63 സിസി, 4-സ്ട്രോക്ക്, സിംഗിൾ-സിലിണ്ടർ, DOHC എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുമുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8500 ആർപിഎമ്മിൽ പരമാവധി 46 bhp പവറും 6500 ആർപിഎമ്മിൽ 39 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി 200 mm ട്രാവലുള്ള പൂർണമായും ക്രമീകരിക്കാവുന്ന WP APEX 43 mm ഓപ്പൺ-കാട്രിഡ്ജ് അപ്‌സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ 205 mm ട്രാവലുള്ള WP APEX പിസ്റ്റൺ മോണോഷോക്കുമാണ് കെടിഎം 390 അഡ്വഞ്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ കാസ്റ്റ് അലോയ് വീലുകൾ അപ്പോളോ ട്രാംപ്ലിആർ ഡ്യുവൽ-പർപ്പസ് ടയറുകൾ എന്നിവയാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

ഡ്യുവൽ ചാനൽ എബിഎസിൻ്റെ സഹായത്തോടെ ഇരുവശത്തും സിംഗിൾ ഡിസ്ക്കുള്ള 390 സിസി അഡ്വഞ്ചർ ടൂറർ ബൈക്കിലെ ബ്രേക്കിംഗ് സിസ്റ്റം അതേപടി തുടരുകയാണ്. ഓഫ് റോഡിംഗിലും ഓൺ-റോഡിലും കിടിലൻ പെർഫോമൻസ് നൽകാൻ വാഹനം പ്രാപ്‌തമാണ്. കോർണറിംഗ് എബിഎസ്, ക്രൂയിസ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനൊപ്പം സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ ബ്രാൻഡ് മൂന്ന് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ത്രോട്ടിൽ മാപ്പുകളാണ് ഈ മോഡുകളിലൂടെ സാധ്യമാക്കുക. ഇത് വിവിധ റോഡ് സാഹചര്യങ്ങളിൽ റൈഡർക്ക് കൂടുതൽ കൺട്രോൾ നൽകാൻ സഹായകരമാവും. എന്തായാലും ആക്‌സസറി കിറ്റുകൾ വാഗ്‌ദാനം ചെയ്യുന്നത് യൂത്തൻമാരെ ബ്രാൻഡിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








