19,000 രൂപ കുറവ് മതി, 390 അഡ്വഞ്ചർ ബൈക്കിൻ്റെ പുത്തൻ വേരിയൻ്റുമായി കെടിഎം; ഹിമാലയന് പണിയാവും
ഇന്ത്യൻ വിപണയിൽ പഴയ ഫോമിലേക്ക് ഉയരാനുള്ള കഠിനപ്രയത്നത്തിലാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം. പണ്ട് ബജാജിൻ്റെ കൈപിടിച്ച് ആഭ്യന്തര വിപണിയിൽ കാലുകുത്തിയപ്പോൾ കമ്പനി സ്വപ്‌നം കാണാത്തത്ര സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാൽ പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ യൂത്തിനിടയിൽ നിന്നും ജനപിന്തുണ പതിയെ കുറഞ്ഞുവന്നു. എന്നാൽ പുത്തൻ അഡ്വഞ്ചർ ബൈക്കുകൾ കളത്തിലിറക്കിയത് മുതൽ ഷോറൂമിൽ എത്തുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുമുണ്ടായി. ഒപ്പം ഡ്യൂക്ക് 160, RC 160 പോലുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾ കൂടി വിപണിയിലെത്തിച്ചതോടെ കെടിഎം വീണ്ടും യൂത്തിനിടയിൽ ഹീറോ പരിവേഷമണിഞ്ഞു.
ഈയൊരു ട്രെൻഡ് അതേപടി നിലനിർത്തുവാനായി കമ്പനി ഇപ്പോഴിതാ 390 അഡ്വഞ്ചർ R ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 3.78 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ഈ പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണനത്തിന് എത്തിയിരിക്കുന്നത്. അതായത് സ്റ്റാൻഡേർഡ് വേരിയൻ്റിനേക്കാൾ ഏകദേശം 19,000 രൂപയോളം കുറവ് മുടക്കിയാൽ ആശാനെ സ്വന്തമാക്കാനാവും.

ഇന്ത്യയിലെ കെടിഎം ഡീലർഷിപ്പുകളിൽ 2,000 രൂപയ്ക്ക് ഇന്ന് മുതൽ 390 അഡ്വഞ്ചർ R ബുക്ക് ചെയ്യാനുമാവും. സ്റ്റാൻഡേർഡ് മോഡലിൽ കാണുന്ന ട്യൂബ്‌ലെസ് സജ്ജീകരണത്തിന് പകരം ട്യൂബ്-ടൈപ്പ് സ്‌പോക്ക് വീലുകൾ ഉപയോഗിക്കുന്നതാണ് വില കുറയാൻ കാരണമായിരിക്കുന്നത്. ഇൻ്റർനാഷണൽ-സ്‌പെക്ക് 390 അഡ്വഞ്ചർ R, എൻഡ്യൂറോ R പോലെ ട്യൂബ്-ടൈപ്പ് വീലുകളിലാണ് നിരത്തിലെത്തുക. അത് അത്ര പ്രായോഗികമാണോയെന്ന സംശയം പലർക്കും ഉണ്ടാവാം.
ഇതോടൊപ്പം മെക്കാനിക്കൽ ഭാഗങ്ങളിലും ഏറ്റവും വലിയ മാറ്റം വരുന്നുണ്ട്. 390 അഡ്വഞ്ചർ R പതിപ്പിന് ടോപ്പ് സ്പെക്ക് WP അപെക്സ് സസ്പെൻഷനാണ് ലഭിക്കുന്നത്. ഇരുവശത്തും 230 മില്ലീമീറ്റർ ട്രാവൽ ഉളളതിനാൽ ഓഫ്-റോഡിംഗിലെല്ലാം സഹായകരമാവും. താരതമ്യപ്പെടുത്തുമ്പോൾ സ്റ്റാൻഡേർഡ് മോഡൽ മുന്നിൽ 200 മില്ലീമീറ്റർ ട്രാവലും പിന്നിൽ 205 മില്ലീമീറ്റർ ട്രാവലുമാണ് കെടിഎം വാഗ്ദാനം ചെയ്യുന്നത്.

ഈ സജ്ജീകരണം R പതിപ്പിനെ ഓഫ്-റോഡിൽ കൂടുതൽ കാര്യക്ഷമമാക്കുകയും ഗ്ലോബൽ-സ്പെക്ക് എൻഡ്യൂറോ R പോലെ കൂടുതൽ സങ്കീർണമായ ഡാംപിംഗ് സവിശേഷതകൾ നൽകുകയും ചെയ്യും. ഉയർന്ന സസ്‌പെൻഷൻ ട്രാവൽ കാരണം മൊത്തത്തിലുള്ള വലിപ്പത്തിലും വ്യത്യാസമുണ്ട് കേട്ടോ. പുതിയ 390 അഡ്വഞ്ചർ R മോഡലിൻ്റെ സീറ്റ് ഹൈറ്റ് ഇപ്പോൾ 870 മില്ലീമീറ്ററാണ്. അതേസമയം ഗ്രൗണ്ട് ക്ലിയറൻസ് 272 മില്ലീമീറ്ററായി വർധിച്ചുവെന്നും കമ്പനി പറയുന്നു.
ഇത് ബൈക്കിൻ്റെ ഹാർഡ്‌കോർ ഓഫ്-റോഡിംഗിലുള്ള കഴിവിനെയാണ് സൂചിപ്പിക്കുന്നത്. നോബി-പാറ്റേൺ മിറ്റാസ് ടയറുകളിൽ പൊതിഞ്ഞ 21/18-ഇഞ്ച് വീൽ സജ്ജീകരണവും പുതിയ 390 അഡ്വഞ്ചർ R പതിപ്പിന് ലഭിക്കുന്നുണ്ട്. കാഴ്ചയിൽ R വേരിയൻ്റിനെ അതിൻ്റെ ഓറഞ്ച് നിറത്തിലുള്ള ട്രെല്ലിസ് ഫ്രെയിമും അതുല്യമായ ഗ്രാഫിക്സും കൊണ്ട് വേർതിരിച്ചറിയാൻ കഴിയും. ഇതിനുപുറമെ മൊത്തത്തിലുള്ള രൂപകൽപ്പനയും ബോഡി വർക്കുകളും സ്റ്റാൻഡേർഡ് 390 അഡ്വഞ്ചറുമായി സാമ്യമുള്ളതാണ്.

കെടിഎം 390 അഡ്വഞ്ചർ മോഡലുകൾക്ക് ഒരേ 398.63 സിസി, 4-സ്ട്രോക്ക്, സിംഗിൾ-സിലിണ്ടർ, DOHC എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുമുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8500 ആർപിഎമ്മിൽ പരമാവധി 46 bhp പവറും 6500 ആർപിഎമ്മിൽ 39 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കോർണറിംഗ് എബിഎസ്, ക്രൂയിസ് കൺട്രോൾ സിസ്റ്റം, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനൊപ്പം സ്ട്രീറ്റ്, റെയിൻ, ഓഫ്-റോഡ് എന്നിങ്ങനെ ബ്രാൻഡ് മൂന്ന് റൈഡിംഗ് മോഡുകളും കെടിഎം 390 അഡ്വഞ്ചർ ബൈക്കിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ത്രോട്ടിൽ മാപ്പുകളാണ് ഈ മോഡുകളിലൂടെ സാധ്യമാക്കുക. ഇത് വിവിധ റോഡ് സാഹചര്യങ്ങളിൽ റൈഡർക്ക് കൂടുതൽ കൺട്രോൾ നൽകാൻ സഹായകരമാവും. അടുത്തിടെ വാങ്ങുന്നവർക്കായി 10,000 രൂപയുടെ ഫ്രീ ആക്‌സസറികളും കമ്പനി അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications








