ബൈക്ക് ബുക്ക് ചെയ്‌തവർ പെട്ടു! വലിയ ഡ്യൂക്കിന് ഒറ്റയടിക്ക് 40,000 രൂപ കൂട്ടി കെടിഎം; കാരണം ഇതാണ്
ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലാണ് ഡ്യൂക്ക് 390. വേറെ ഒരു മോഡലിനുമില്ലാത്തത്ര ഫാൻബേസാണ് ഈ മിടുമിടുക്കനുള്ളത്. പെർഫോമൻസുകൊണ്ട് ഇന്ത്യൻ യുവത്വങ്ങളുടെ കണ്ണഞ്ചിപ്പിച്ച ബൈക്ക് ഇന്നും ഹോട്ട് കേക്ക് പോലെയാണ് വിറ്റഴിയുന്നത്. എന്നാൽ ഇപ്പോൾ സുപ്രധാനമായൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. മറ്റൊന്നുമല്ല, ഇനി പഴയ വിലയ്ക്ക് ഈ സ്പോർട്‌സ് നേക്കഡ് മോട്ടോർസൈക്കിൾ വാങ്ങാൻ ഒക്കില്ലെന്നാണ് ബ്രാൻഡ് പറയുന്നത്. വേറെ നിവൃത്തിയില്ലാത്തതിനാൽ 390 ഡ്യൂക്കിന്റെ വില കൂട്ടിയിരിക്കുകയാണ് കെടിഎം (KTM 390 Duke).
അതും ഒറ്റയടിക്ക് കൂറ്റൻ വർധനവാണ് കെടിഎം ബൈക്കിന്റെ വിലയിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇനി 390 ഡ്യൂക്ക് വാങ്ങാൻ പോവുന്നവർ അധികമായി 40,000 രൂപയാണ് കൈയിൽ കരുതേണ്ടത്. മുമ്പ് ജിഎസ്‌ടി 2.0 നടപ്പിലാക്കിയപ്പോൾ 350 സിസി എഞ്ചിൻ ശേഷിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് 40 ശതമാനം നികുതിയായി പുനർക്രമീകരിച്ചിരുന്നു. അന്ന് പക്ഷേ മോഡലുകൾക്ക് വില കൂട്ടേണ്ടന്ന് കെടിഎമ്മിന്റെ ഉടമയായ ബജാജ് തീരുമാനിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്ന അധിക ജിഎസ്ടി അനുബന്ധ ചെലവുകൾ ഇനി ഏറ്റെടുക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോൾ വില പരിഷ്ക്കരിച്ചിരിക്കുന്നത്. കെടിഎം 390 ഡ്യൂക്കിന്റെ വില 40,000 രൂപ വർധിപ്പിച്ചതോടെ ഇപ്പോൾ 3.39 ലക്ഷം രൂപയാണ് നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് മോട്ടോർസൈക്കിളിന് എക്സ്ഷോറൂം വില വരുന്നത്. എക്സ്ഷോറൂം വിലയിലെ വർധനവിന്റെ ഫലമായി ബൈക്കിന്റെ ഓൺ-റോഡ് ചെലവ് 4 ലക്ഷം രൂപ കവിഞ്ഞിട്ടുണ്ട്.
ഇത് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടുതന്നെ അറിയണം. കെടിഎം 390 ഡ്യൂക്ക് നേരത്തെ ബുക്ക് ചെയ്തവരും ഡെലിവറി സമയത്ത് ബൈക്കിന്റെ നിലവിലെ വില നൽകേണ്ടി വരുന്നതാണ്. ഇത് പലരേയും ബുക്കിംഗ് ക്യാൻസൽ ചെയ്യിക്കാൻ വരെ നിർബന്ധിതരായേക്കും. 390 ഡ്യൂക്കിനും വരാനിരിക്കുന്ന 350 സിസി കെടിഎം ഡ്യൂക്കിനും ഇടയിൽ വലിയ അന്തരം സൃഷ്ടിക്കുന്നതിനാണ് കെടിഎം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് ബൈക്ക്‌വാലെ റിപ്പോർട്ട് ചെയ്യുന്നത്.

350 സിസി ഡ്യൂക്കിന് 18 ശതമാനത്തിന്റെ വളരെ കുറഞ്ഞ നികുതിയായിരിക്കും ഉണ്ടായിരിക്കുക. ഇത് കെടിഎമ്മിന് ബൈക്കിന്റെ വില മത്സരാധിഷ്ഠിതമായി നിശ്ചയിക്കാൻ അനുവദിക്കും. ഇപ്പോഴത്തെ വില വർധനവിന് പുറമെ 390 ഡ്യൂക്കിൽ കമ്പനി മറ്റ് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. ഗൺമെറ്റൽ ഗ്രേ, ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്ലാന്റിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് നിലവിൽ മോട്ടോർസൈക്കിൾ വിപണനത്തിന് എത്തുന്നത്.
മ്യൂസിക് കൺട്രോൾ, ഇൻകമിംഗ് കോളുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലോഞ്ച് കൺട്രോൾ, റൈഡിംഗ് മോഡുകൾ, ഒരു പുതിയ ട്രാക്ക് മോഡ്, സൂപ്പർമോട്ടോ എബിഎസ്, ക്വിക്ക്ഷിഫ്റ്റർ, സെൽഫ്-കാൻസലിംഗ് ഇൻഡിക്കേറ്ററുകൾ, ഒരു ക്രൂയിസ് കൺട്രോൾ, സ്പീഡ് ലിമിറ്റർ ഫംഗ്ഷൻ പോലുള്ള ഫീച്ചറുകളെല്ലാം ബൈക്കിൽ തുടർന്നും ലഭ്യമാവും.
അതേ 399 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കെടിഎം 390 ഡ്യൂക്കിന് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 44.25 bhp കരുത്തിൽ പരമാവധി 39 Nm പീക്ക് ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററിന്റെ പിന്തുണയുള്ളതിനാൽ ഗിയർഷിഫ്റ്റിംഗ് വളരെ എളുപ്പമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷൻ സിസ്റ്റത്തിൽ മുൻവശത്ത് അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ലഭിക്കുക.
390 ഡ്യൂക്കിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്ക്കും പിൻവശത്ത് 240 mm ഡിസ്ക്കുമാണ് കെടിഎം അവതരിപ്പിക്കുന്നത്. എന്തായാലും പുതുതലമുറ മോഡലുകളിലൂടെ തരക്കേടില്ലാത്ത വിൽപ്പനയുമായി ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ തകർക്കുകയാണ്. വില കൂടിയെങ്കിലും ഡ്യൂക്ക് ഇഷ്‌ട്ടപ്പെടുന്ന യൂത്തൻമാർ അധിക പണം മുടക്കാൻ തയാറായേക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








