62,000 രൂപയോളം വില കുറഞ്ഞു, 390 ഡ്യൂക്കിലേക്ക് പുതിയ 350 സിസി എഞ്ചിനുമായി കെടിഎം; വില വെറും 2.77 ലക്ഷം
കെടിഎമ്മിന്റെ ബൈക്കുകളിൽ ഏറ്റവും ഫാൻസുള്ള മോഡലാണ് 390 ഡ്യൂക്ക്. അന്യായ പെർഫോമൻസും അതിനൊത്ത ക്വാളിറ്റിയുമുള്ള സ്പോർട്ടി നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് മോട്ടോർസൈക്കിളിന് ഹേറ്റേഴ്‌സ് ഇല്ലെന്ന് പറഞ്ഞാലും തെറ്റില്ല. പെർഫോമൻസുകൊണ്ട് ഇന്ത്യൻ യുവത്വങ്ങളുടെ കണ്ണഞ്ചിപ്പിച്ച ബൈക്ക് ഇന്നും ഹോട്ട് കേക്ക് പോലെയാണ് വിറ്റഴിയുന്നത്. ഇപ്പോഴിതാ കെടിഎം ഇന്ത്യ ജനപ്രിയനായ 390 ഡ്യൂക്കിന്റെ പുതിയ 350 സിസി പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. 2.77 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് നിലവിലുള്ള 390 R മോഡലിനേക്കാൾ 62,000 രൂപയോളം വില കുറവാണെന്ന് സാരം.
350 സിസിയിൽ താഴെ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾ 18 ശതമാനം ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെട്ടതിനാലാണ് ഈയൊരു വിലക്കുറവിന് കാരണമായിരിക്കുന്നത്. അടുത്തിടെ ട്രയംഫ് 400 സിസി നിരയും, ബജാജ് ഡൊമിനാർ 400 സിസി പതിപ്പും സമാനമായ രീതിയിൽ 350 സിസി എഞ്ചിനുകളിലേക്ക് മാറിയിരുന്നു. ഇതിന്റെ പ്രധാന കാരണം 350 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള മോഡലുകൾക്ക് 40 ശതമാനമായി കേന്ദ്ര സർക്കാർ നികുതി പുതുക്കി നിശ്ചയിച്ചതാണ്.

എഞ്ചിന്റെ സ്ട്രോക്ക് നീളം 64 മില്ലീമീറ്ററിൽ നിന്ന് 56.15 മില്ലീമീറ്ററായി കുറച്ചുകൊണ്ടാണ് വലിപ്പം കെടിഎം കുറച്ചിരിക്കുന്നത്. അതേസമയം, ബോർ വലുപ്പം 89 മില്ലീമീറ്ററായി അതേപടി തുടരുന്നു. തൽഫലമായി പുതിയ 350 സിസി ഡ്യൂക്ക് 40.9 bhp കരുത്തിൽ പരമാവധി 33.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായി മാറുന്നു. അതേസമയം ഡ്യൂക്ക് 390-യുടെ 399 സിസി പതിപ്പ് 45.3 bhp പവറിൽ 39 Nm ടോർക്കാണ് നൽകുന്നത്.
168 കിലോഗ്രാം ഭാരമുള്ള പുതിയ 390 ഡ്യൂക്കിന്റെ ഭാരം R മോഡലിനെ അപേക്ഷിച്ച് വെറും 0.3 കിലോഗ്രാം മാത്രമാണ് കുറവാണ്. മറ്റൊരു രസകരമായ കാര്യമെന്തെന്നാൽ പുതിയ 350 സിസി എഞ്ചിനുള്ള ഡ്യൂക്കിന്റെ സാഡിൽ ഹൈറ്റ് അതിന്റെ കൂടുതൽ ശക്തമായ പതിപ്പിനേക്കാൾ 20 മില്ലീമീറ്റർ കുറവാണെന്നതാണ്. ഇത് ഉയരം കുറഞ്ഞവർക്ക് പോലും മുമ്പത്തേതിനെക്കാൾ എളുപ്പത്തിൽ ബൈക്ക് കൈകാര്യം ചെയ്യാൻ സഹായിക്കും.

പുതിയ 390 ഡ്യൂക്കിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗും ബോഡി വർക്കുകളും കെടിഎം മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ടെങ്കിലും പുതിയ കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഈ നിറങ്ങളുടെ പേരുകൾ 399 സിസി പതിപ്പിന് സമാനമാണെങ്കിലും അവയ്ക്ക് വ്യത്യസ്തമായ ഒരു വിഷ്വൽ ട്രീറ്റ്മെന്റ് നൽകിയിട്ടുണ്ട്. മറ്റെല്ലാ വശങ്ങളിലും 350 സിസി ഡ്യൂക്ക് അതേപടി തുടരുകയാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷൻ സിസ്റ്റത്തിൽ മുൻവശത്ത് അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ലഭിക്കുക.
390 ഡ്യൂക്കിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്ക്കും പിൻവശത്ത് 240 mm ഡിസ്ക്കുമാണ് കെടിഎം അവതരിപ്പിക്കുന്നത്. മ്യൂസിക് കൺട്രോൾ, ഇൻകമിംഗ് കോളുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോർസൈക്കിളിന്റെ ഭാഗമാണ്. ലോഞ്ച് കൺട്രോൾ, റൈഡിംഗ് മോഡുകൾ, പുതിയ ട്രാക്ക് മോഡ്, സൂപ്പർമോട്ടോ എബിഎസ്, ക്വിക്ക്ഷിഫ്റ്റർ, സെൽഫ്-കാൻസലിംഗ് ഇൻഡിക്കേറ്ററുകൾ, ക്രൂയിസ് കൺട്രോൾ, സ്പീഡ് ലിമിറ്റർ ഫംഗ്ഷൻ പോലുള്ള ഫീച്ചറുകളും മോഡലിലുണ്ട്.

അടുത്തിടെ കെടിഎം 390 ഡ്യൂക്കിന്റെ വില 40,000 രൂപ വർധിപ്പിച്ചിരുന്നു. അതോടെ ഇപ്പോൾ 3.39 ലക്ഷം രൂപയാണ് നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എക്സ്ഷോറൂം വിലയിലെ വർധനവിന്റെ ഫലമായി ബൈക്കിന്റെ ഓൺ-റോഡ് ചെലവ് 4 ലക്ഷം രൂപ കവിഞ്ഞിട്ടുണ്ട്. വില കൂടിയെന്ന് പേടിച്ചിരിക്കുന്നവർക്ക് 350 സിസി മോഡലിന്റെ വരവ് ആശ്വാസമേകുമെന്ന് കരുതാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








