ഇനി കണ്ണുംപൂട്ടി വാങ്ങിക്കോ, ബൈക്കുകൾക്ക് 4 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയുമായി കെടിഎം
കടക്കെണിയിലായ ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎമ്മിൻ്റെ (KTM) പൂർണ നിയന്ത്രണ ഓഹരികൾ അടുത്തിടെ ബജാജ് ഓട്ടോ (Bajaj Auto) ഏറ്റെടുത്തിരുന്നു. മുമ്പ് ചെറിയ ശതമാനം ഓഹരികള്‍ മാത്രമായിരുന്നുവുണ്ടായിരുന്നതെങ്കിലും നിലവിൽ ബജാജിൻ്റെ പൂർണ ഉടമസ്ഥതയിലേക്ക് കെടിഎം മാറിയിട്ടുണ്ട്. ഇതോടെ ടീം ഓറഞ്ചിനെ വളർത്തിയെടുക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമായുള്ള നീക്കങ്ങളും ഇന്ത്യൻ ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. ഒരുകാലത്ത് യൂത്തൻമാരുടെ ഡ്രീം ബൈക്കുകളായിരുന്നു ഡ്യൂക്കും (Duke) ആർസിയുമെല്ലാം. ഇടയ്ക്ക് പ്രതാപം നഷ്‌ടപ്പെട്ടുവെങ്കിലും ഇപ്പോൾ പുതുതലമുറ മോഡലുകളിലൂടെ വീണ്ടും ജനപ്രീതിയാർജിച്ച് വരികയാണ് കമ്പനി.
ഇപ്പോഴിതാ തങ്ങളുടെ മോട്ടോർസൈക്കിൾ നിരയിൽ വാറണ്ടി കൂട്ടി നൽകിയിരിക്കുകയാണ് കെടിഎം. ബ്രാൻഡിൻ്റെ റോഡ്-ലീഗൽ ബൈക്കുകൾക്ക് 4 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയാവും ഇനി മുതൽ ലഭ്യമാവുക.കെടിഎം ഒരു സ്റ്റാൻഡേർഡ് വാറണ്ടിയും 'കെടിഎം പ്രീമിയം മാനുഫാക്ചറേഴ്‌സ് വാറണ്ടി' എന്നറിയപ്പെടുന്ന 4 വർഷത്തെ എക്സ്റ്റൻഡഡ് കവറേജുമാണ് മുമ്പ് വാഗ്ദാനം ചെയ്‌തിരുന്നത്. ഈ എക്സ്റ്റൻഡഡ് കവറേജ് മുമ്പ് തിരഞ്ഞെടുത്ത മോഡലുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

ഇത് പൊളിച്ചെഴുതിക്കൊണ്ടാണ് റോഡ് ലീഗൽ മോഡലുകളിലെല്ലാം സ്റ്റാൻഡേർഡായി തന്നെ 4 വർഷത്തെ വാറണ്ടി ഉൾപ്പെടുത്തിയിരിക്കുന്നത്. അഡ്വഞ്ചർ, ഡ്യുവൽ സ്‌പോർട്, നേക്കഡ്, സൂപ്പർസ്‌പോർട്, സ്‌പോർട്‌സ് ടൂറർ, സൂപ്പർമോട്ടോ ബൈക്കുകൾക്ക് 4 വർഷത്തെ വാറണ്ടി കവറേജ് ലഭ്യമാകും. ട്രാക്ക്-ഒൺലി, ക്ലോസ്ഡ് കോഴ്‌സ് കോമ്പറ്റീഷൻ ബൈക്കുകൾക്ക് ഈ കവറേജ് ബാധകമാകില്ലെന്നാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
കെടിഎമ്മിൻ്റെ ഈ 4 വർഷത്തെ വാറണ്ടി പൂർണമായും സൗജന്യമായിരിക്കും. അതായത് ഇതിന് ഉപയോക്താക്കൾ അധികമായി പണം മുടക്കേണ്ടതില്ലെന്ന് ചുരുക്കം. മാത്രമല്ല, യോഗ്യതയുള്ള ബൈക്കുകൾക്ക് 4 വർഷത്തെ വാറന്റി സ്വയമേവ ബാധകമാണ്. വിപുലീകൃത 4 വർഷത്തെ വാറണ്ടി ലഭിക്കുന്നതിന് ഉപയോക്താക്കൾ പ്രത്യേക പ്രക്രിയകളൊന്നും പാലിക്കേണ്ടതില്ലെന്നും കമ്പനി പറയുന്നു. മറ്റൊരു പ്രധാന കാര്യം കെടിഎമ്മിൻ്റെ 4 വർഷത്തെ വാറണ്ടി ബൈക്കിനായിരിക്കും ബാധകമാവുക

അതായത് ബൈക്ക് പുതിയ ഉടമയ്ക്ക് വിറ്റാലും 4 വർഷത്തെ വാറണ്ടി സെക്കൻഡ് ഓണർക്കും ലഭിക്കുന്നതായിരിക്കും. പകരം എല്ലാ സർവീസിംഗ്, മെയിന്റനൻസ് ജോലികളും അംഗീകൃത കെടിഎം ഡീലർഷിപ്പുകളിലാണ് നടക്കുന്നതെന്ന് ഉപയോക്താക്കൾ ഉറപ്പാക്കേണ്ടതുണ്ട്. പുറത്ത് ഏതെങ്കിലും വർക്ക്ക്ഷോപ്പിൽ നടത്തുന്ന സർവീസിംഗ് അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ വാറണ്ടി അസാധുവാക്കാൻ കാരണമായേക്കും.
അടുത്തിടെ തങ്ങളുടെ ബൈക്ക് നിരയിൽ 2026 മോഡലുകൾ പുറത്തിറക്കുന്ന തിരക്കിലായിരുന്നു കമ്പനി. ഇതിൻ്റെ ഭാഗമായി RC 160, 200 ഡ്യൂക്ക്, 250 ഡ്യൂക്ക് എന്നിവയ്ക്കെല്ലാം പുതിയ നിറങ്ങളും ചെറിയ മാറ്റങ്ങളും ലഭിക്കുകയുണ്ടായി. 200 ഡ്യൂക്കിൻ്റെ 2026 മോഡൽ ഇയറിലേക്ക് ചില മെക്കാനിക്കൽ അപ്‌ഗ്രേഡുകളും ഓസ്ട്രിയൻ ബ്രാൻഡ് കൊണ്ടുവന്നിട്ടുണ്ട്. 390 ഡ്യൂക്കിൽ നിന്ന് കടമെടുത്ത പുതിയ അലോയ് വീലുകളാണ് ബൈക്കിൽ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്.

ഇവ ഭാരം കുറഞ്ഞതും പുതുക്കിയ ബ്രേക്ക് കാലിപ്പർ ഡിസൈനുമായി ജോടിയാക്കിയിരിക്കുന്നതുമാണ്. ഫ്രണ്ട് ഡിസ്ക് ബ്രേക്കിന്റെ വലുപ്പം 300 മില്ലീമീറ്ററിൽ നിന്ന് 320 മില്ലീമീറ്ററിൽ ആയി ഉയർത്തി. സൂപ്പർമോട്ടോ എബിഎസ് ഉള്ള ഡ്യുവൽ-ചാനൽ എബിഎസും ബൈക്ക് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഫ്രണ്ട് സസ്‌പെൻഷനിൽ മുമ്പത്തെ 43 mm യൂണിറ്റുകൾക്ക് പകരം ഇപ്പോൾ 37 mm WP അപെക്സ് അപ്‌സൈഡ്-ഡൗൺ ഫോർക്കുകളാണ് കെടിഎം ഉപയോഗിക്കുന്നത്.
ഗ്രാബ് റെയിലുകളും റിയർ ഫുട്‌പെഗുകളും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ടെന്നതും മോട്ടോർസൈക്കിളിലെ ആകർഷകമാക്കുന്നുണ്ട്. റിയർ വീലിലെ ടയർ സൈസ് 150 സെക്ഷനിൽ നിന്ന് 140 സെക്ഷനായി കുറച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ 200 ഡ്യൂക്കിൻ്റെ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി സ്പോർട്ടി മോട്ടോർസൈക്കിളിൻ്റെ പെർഫോമൻസും മൈലേജും മെച്ചപ്പെടുത്താനും കെടിഎമ്മിന് സാധിക്കുന്നതാണ്.


Click it and Unblock the Notifications








