R-15 വെള്ളം കുടിക്കും, പഴയ വിലയ്ക്ക് പുത്തൻ ലുക്കിൽ RC 160 പുറത്തിറക്കി കെടിഎം; സംഗതി കൊളളാം
ഇന്ത്യയിലെ എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിര ഭരിക്കുന്ന യമഹ R15-ന് എതിരാളിയായി ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം അടുത്തിടെ അവതരിപ്പിച്ച മോഡലാണ് RC 160. നേക്കഡ് സ്ട്രീറ്റ് മോഡലായ ഡ്യൂക്ക് 160 ഹിറ്റായതോടെയാണ് പുത്തൻ ഫുള്ളി ഫെയർഡ് സ്പോർട്‌സ് പതിപ്പിനെയും കമ്പനി കൊണ്ടുവന്നത്. RC200, RC390 എന്നിവ വാങ്ങാൻ ബജറ്റില്ലാത്തവർക്ക് ബേബി ആർസിയുടെ വരവ് വലിയ അനുഗ്രഹമായിരുന്നു. എന്നാൽ ഒരൊറ്റ കളർ ഓപ്ഷനിൽ മാത്രം പുറത്തിറക്കിയ തീരുമാനം പലർക്കും അന്നേ ബോധിച്ചിരുന്നില്ല. എന്നാൽ അത്തരക്കാരുടെയെല്ലാം പരാതി പരിഹരിക്കുവാനായി പുതിയ നിറങ്ങളിൽ RC 160 വിപണിയിലെത്തിയിരിക്കുകയാണ്.
2026 മോഡൽ ഇയർ അപ്ഡേറ്റിൻ്റെ ഭാഗമായി തങ്ങളുടെ മോട്ടോർസൈക്കിളുകളെ പരിഷ്ക്കരിക്കുന്ന തിരക്കിലാണ് കെടിഎം. ഇതിനോട് അനുബന്ധിച്ചാണ് ഇപ്പോൾ കെടിഎം RC 160 എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന് പുതിയ നിറങ്ങൾ സമ്മാനിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഓറഞ്ച് മാറ്റ്, സെറാമിക് വൈറ്റ് മാറ്റ് എന്നീ പേരുകളിലാണ് ഓസ്ട്രിയൻ കമ്പനി മോട്ടോർസൈക്കിളിന്റെ രണ്ട് പുതിയ ഷേഡുകൾ പുറത്തിറക്കിയിട്ടുള്ളത്.

ഇലക്ട്രോണിക് ഓറഞ്ച് മാറ്റ് ഇതിനോടകം തന്നെ വലിയ ആർസി ബൈക്കുകളിൽ കണ്ടിട്ടുള്ളതാണെങ്കിലും RC160-യുടെ പുതിയ സെറാമിക് വൈറ്റ് മാറ്റ് തീർത്തും പുതിയതാണ്. വൈറ്റ് കളറിനൊപ്പം ബ്ലാക്ക്, ഓറഞ്ച് ഗ്രാഫിക്‌സ് കലർത്തിയാണ് ഗ്ലാമറാക്കിയിരിക്കുന്നത്. പുതിയ കളർ ഓപ്ഷനുകൾ എത്തിയെങ്കിലും മോട്ടോർസൈക്കിളിന്റെ വില മാറ്റമില്ലാതെ തുടരുന്നുവെന്നതും പയ്യൻമാർക്കെല്ലാം ആശ്വാസം നൽകുന്ന കാര്യമാണ്.
കെടിഎം RC 160 എൻട്രി ലെവൽ സ്പോർട്‌സ് മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 1.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 160 ഡ്യൂക്കിൽ കാണുന്ന അതേ 164.2 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് SOHC 4V/സിലിണ്ടർ എഞ്ചിനാണ് പുതിയ കെടിഎം RC160 മോഡലിനും തുടിപ്പേകുന്നത്. സ്ലിപ്പർ ക്ലച്ചും 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 19 bhp പവറിൽ പരമാവധി 15.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

മികച്ച ടോപ്പ്-എൻഡ് പെർഫോമൻസ് നൽകുന്ന വിധത്തിലാണ് ട്യൂണിംഗ്. മണിക്കൂറിൽ 118 കിലോമീറ്ററാണ് പരമാവധി വേഗമായി കമ്പനി അവകാശപ്പെടുന്നത്. ഓറഞ്ച് ട്രെല്ലിസ് ഫ്രെയിം, 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ എന്നിവയാണ് പുതിയ കെടിഎം RC 160 മോഡലിൻ്റെ രൂപത്തെ ആകർഷകമാക്കുന്നത്. സ്‌പോർട്ടി സ്പ്ലിറ്റ് സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, റിയർ-സെറ്റ് ഫുട്‌പെഗുകൾ, പ്രീമിയം സ്വിച്ച് ഗിയർ, ഫെയറിംഗ് മൗണ്ടഡ് ORVM-കൾ, USD ഫ്രണ്ട് ഫോർക്കുകൾ തുടങ്ങിയവയാണ് ബൈക്കിലെ പ്രധാന മെക്കാനിക്കൽ വശങ്ങൾ.
110-സെക്ഷൻ ഫ്രണ്ട്, 140-സെക്ഷൻ വലിപ്പമുള്ള ട്യൂബ്‌ലെസ് ടയറുകളോടെയാണ് ആർസി സ്പോർട്ടി മോട്ടോർസൈക്കിളിൻ്റെ വരവ്. സസ്പെൻഷമായി മുന്നിൽ WP അപെക്സ് USD ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് എന്നിവയാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കും ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു. അധിക സുരക്ഷക്കായി രണ്ട് എബിഎസ് മോഡുകളുള്ള ഡ്യുവൽ-ചാനൽ എബിഎസും ബേബി ആർസിയിലുണ്ട്.

റോഡ്, സൂപ്പർമോട്ടോ എന്നിവയാണ് മോട്ടോർസൈക്കിളിലെ എബിഎസ് മോഡുകൾ. RC 200-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ തന്നെയാണ് 160 പതിപ്പിലേയും ഏറ്റവും വലിയ ഹൈലൈറ്റ്. എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫുള്ളി ഫെയർഡ് ഡിസൈൻ, സ്‌പോർട്ടി എക്സ്റ്റീരിയർ, സ്പ്ലിറ്റ് സീറ്റുകൾ, മസ്ക്കുലാർ ഫ്യുവൽ ടാങ്ക്, റേസിംഗ് ഇൻസ്പയർഡ് കളർ ഓപ്ഷനുകൾ, ഗ്രാഫിക്‌സ് എന്നിവയാണ് രൂപത്തിലെ പ്രധാന ആകർഷണങ്ങൾ.
മൊത്തത്തിലുള്ള ഡിസൈനും വലിപ്പവും RC 200 പതിപ്പിന് സമാനമാണെന്നതും രസകരമായ കാര്യമാണ്. RC 160 ഫുള്ളി ഫെയർഡ് ബൈക്കിന് പുറമെ ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയിലേക്കും ബ്രാൻഡ് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് പ്രതാപം ഒന്ന് മങ്ങിയെങ്കിലും ന്യൂജെൻ മോഡലുകളിലൂടെ പഴയ ഫോമിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ് കെടിഎം ഇപ്പോൾ. കൃത്യമായ ഇടവേളകളിൽ മോട്ടോർസൈക്കിൾ നിരയിൽ കൊണ്ടുവരുന്ന നവീകരണങ്ങളാണ് ഇതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.


Click it and Unblock the Notifications








