യമഹയുടെ കാലൻ അവതരിച്ചു,1.85 ലക്ഷത്തിന് ബേബി RC സ്പോർട്‌സ് ബൈക്കുമായി KTM
ഇന്ത്യയിലെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് നിര ഭരിക്കുന്ന യമഹ R15-ന് എതിരാളിയായി പുതിയൊരു അവതാരം പിറവിയെടുത്തിരിക്കുകയാണ്. ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎമ്മാണ് തങ്ങളുടെ നിരയിലേക്ക് ബേബി RC160 മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. നേക്കഡ് സ്ട്രീറ്റ് മോഡലായ ഡ്യൂക്ക് 160 ഹിറ്റായതോടെയാണ് പുത്തൻ ഫുള്ളി ഫെയർഡ് സ്പോർട്‌സ് മോട്ടോർസൈക്കിളിൻ്റെയും വരവ്. 1.85 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണനത്തിന് എത്തിയിരിക്കുന്നത് എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. RC200, RC390 എന്നിവ വാങ്ങാൻ ബജറ്റില്ലാത്തവർക്ക് ബേബി ആർസിയുടെ വരവ് വലിയ അനുഗ്രഹമാവും.
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 150 സിസി എൻട്രി ലെവൽ സ്‌പോർട്‌സ് ബൈക്കായ യമഹ R15 മോഡലുമായിട്ടാവും പുതിയ കെടിഎം RC 160 പടവെട്ടുക. ഒപ്പം ഹീറോ കരിസ്‌മ XMR 210 പതിപ്പിനേയും ആർസിക്ക് ഒതുക്കേണ്ടതായി വരും. വിലയുടെ കാര്യത്തിൽ നേക്കഡ് സ്ട്രീറ്റ് മോഡലായ 160 ഡ്യൂക്കിനേക്കാൾ 14,500 രൂപയോളം കൂടുതലാണ് അതിൻ്റെ ഫുള്ളി ഫെയർഡ് പതിപ്പിന്. എങ്കിലും ഡിസൈനും പെർഫോമൻസിലും ആളുകളെ വീഴിക്കാൻ ഇവനാവും.

RC200-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫുള്ളി ഫെയർഡ് ഡിസൈൻ, സ്‌പോർട്ടി എക്സ്റ്റീരിയർ, സ്പ്ലിറ്റ് സീറ്റുകൾ, മസ്ക്കുലാർ ഫ്യുവൽ ടാങ്ക്, റേസിംഗ് ഇൻസ്പയർഡ് കളർ ഓപ്ഷനുകൾ, ഗ്രാഫിക്‌സ് എന്നിവ RC 160 മോഡലിനെ ഗ്ലാമറാക്കുന്നുണ്ട്. മൊത്തത്തിലുള്ള ഡിസൈനും വലിപ്പവും RC200 പതിപ്പിന് സമാനമാണെന്നതും രസകരമായ കാര്യമാണ്.
160 സിസി ഡ്യൂക്കിൽ ഓസ്ട്രിയൻ ബ്രാൻഡ് TFT ഡിസ്പ്ലേ നൽകിയിട്ടുണ്ടെങ്കിലും RC 160 സ്പോർട്‌സ് ബൈക്കിൽ ഈയൊരു ഫീച്ചർ ഇല്ലാത്തത് പലരേയും നിരാശപ്പെടുത്തിയേക്കാം. ഇതിന് പകരം ബ്ലൂടൂത്ത്, നാവിഗേഷൻ സപ്പോർട്ടുള്ള ഒരു എൽസിഡി ക്ലസ്റ്ററാണ് മോഡലിൽ വാഗ്ദാനം ചെയ്യുന്നത്. പിന്നെ സിംഗിൾ കളർ ഓപ്ഷൻ മാത്രമേ ബേബി ആർസിയിൽ കൊടുത്തിട്ടുള്ളൂവെന്നതും നിരാശാജനകമാണ്. ഓറഞ്ച്, വൈറ്റ് ഹൈലൈറ്റുകളുള്ള ബ്ലാക്കാണ് മോട്ടോർസൈക്കിളിന് സമ്മാനിച്ചിരിക്കുന്നത്.

ഒപ്പം റെഡി ടു റേസ് സ്റ്റിക്കറുകൾ സൈഡ് ഫെയറിംഗിൽ കാണാം. ഓറഞ്ച് ട്രെല്ലിസ് ഫ്രെയിം, 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ എന്നിവയാണ് പുതിയ കെടിഎം RC 160 മോഡലിൻ്റെ രൂപത്തെ ആകർഷകമാക്കുന്നത്. സ്‌പോർട്ടി സ്പ്ലിറ്റ് സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, റിയർ-സെറ്റ് ഫുട്‌പെഗുകൾ, പ്രീമിയം സ്വിച്ച് ഗിയർ, ഫെയറിംഗ് മൗണ്ടഡ് ORVM-കൾ, USD ഫ്രണ്ട് ഫോർക്കുകൾ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ ഘടകങ്ങൾ.
110-സെക്ഷൻ ഫ്രണ്ട്, 140-സെക്ഷൻ വലിപ്പമുള്ള ട്യൂബ്‌ലെസ് ടയറുകളോടെയാണ് സ്പോർട്ടി മോട്ടോർസൈക്കിളിൻ്റെ വരവ്. സസ്പെൻഷമായി മുന്നിൽ WP അപെക്സ് USD ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് എന്നിവയാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കും ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു. അധിക സുരക്ഷക്കായി രണ്ട് എബിഎസ് മോഡുകളുള്ള ഡ്യുവൽ-ചാനൽ എബിഎസും മോഡലിലുണ്ട്.
റോഡ്, സൂപ്പർമോട്ടോ എന്നിവയാണ് മോട്ടോർസൈക്കിളിലെ എബിഎസ് മോഡുകൾ. 160 ഡ്യൂക്കിന്റെ അതേ 164.2 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് SOHC 4V/സിലിണ്ടർ എഞ്ചിനാണ് പുതിയ കെടിഎം RC 160 പതിപ്പിനും കരുത്ത് പകരുന്നത്. സ്ലിപ്പർ ക്ലച്ചും 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 19 bhp പവറിൽ പരമാവധി 15.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മികച്ച ടോപ്പ്-എൻഡ് പെർഫോമൻസ് നൽകുന്ന വിധത്തിലാണ് ട്യൂണിംഗ്. മണിക്കൂറിൽ 118 കിലോമീറ്ററാണ് പരമാവധി വേഗമായി കമ്പനി അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








