കുറഞ്ഞ വിലയിൽ 71 KM മൈലേജും ഡിസ്‌ക് ബ്രേക്കും, പുതിയ ഭാവത്തിൽ ഹീറോ പാഷൻ പ്ലസ് എത്തി
കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ മുടിചൂടാമന്നൻമാരാണ് ഹീറോ മോട്ടോകോർപ്. HF 100 മുതൽ ഗ്ലാമർ 125 വരെ നീളുന്ന മോഡൽ നിര തന്നെയാണ് ബ്രാൻഡിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കളായി മാറ്റിയിരിക്കുന്നതും. സ്പ്ലെൻഡറാണ് കൂട്ടത്തെ കിങ് എങ്കിലും പണ്ടുമുതലേ സാധാരണക്കാരുടെ പ്രിയങ്കരനായി മാറിയ മറ്റൊരു ഹീറോ ബൈക്കാണ് പാഷൻ പ്ലസ്. ഒരു കാലത്ത് ഇന്ത്യൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ സങ്കൽപം തന്നെ പൊളിച്ചെഴുതിയ മുതലായിരുന്നു പാഷൻ എന്നുതന്നെ പറയാം. കാലത്തിനൊത്ത് തങ്ങളുടെ മോഡലുകളെ പുതുക്കിപണിയുന്നതിൽ കമ്പനിക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.
ഇതിന്റെ ഭാഗമായിതാ പുതിയ പാഷൻ പ്ലസ് ഡിസ്‌ക് വിപണിയിലെത്തിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. നഗര യാത്രയ്ക്കും ദൈനംദിന പ്രായോഗികതയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ മോട്ടോർസൈക്കിൾ പെർഫോമൻസ്, മൈലേജ്, കൺവീനിയൻസ് എന്നിവയുടെ മികച്ച സംയോജനം നൽകുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതൽ സേഫ്റ്റി നൽകുവാനായി കൊണ്ടുവന്നിരിക്കുന്ന ഡിസ്‌ക് പതിപ്പിന് ഇന്ത്യയിൽ വെറും 84,128 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്.

മുമ്പ് ഡ്രം ബ്രേക്ക് സംവിധാനത്തിൽ മാത്രം ലഭ്യമായിരുന്ന ബൈക്കിലേക്ക് ഡിസ്ക് മോഡൽ വരുന്നത് വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്. റൈഡർമാരുടെ ആത്മവിശ്വാസവും സുരക്ഷയും വർധിപ്പിക്കുന്ന പുതിയ പാഷൻ പ്ലസ് ഡിസ്കിൽ ഫ്രണ്ട് ഡിസ്ക് ബ്രേക്കാണ് ഹീറോ മോട്ടോകോർപ് സജ്ജീകരിച്ചിരിക്കുന്നത്. പിൻവശത്ത് ഇപ്പോഴും ഡ്രം യൂണിറ്റുകളാണ് വരുന്നത്. ഇതുകൂടാതെ പുതിയ വേരിയന്റിൽ ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.
റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ (RTMI), കോൾ, എസ്എംഎസ് അലേർട്ടുകൾ ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സർവീസ് റിമൈൻഡറുകൾ, ലോ ഫ്യുവൽ ഇൻഡിക്കേറ്റർ, ട്രിപ്പ് മീറ്റർ, സ്പീഡോമീറ്റർ, ഓഡോമീറ്റർ റീഡ്ഔട്ടുകൾ തുടങ്ങിയ നൂതന സവിശേഷതകളോടെയാണ് പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഹീറോ പാഷൻ പ്ലസ് ഡിസ്‌ക് മോഡലിൽ എത്തിയിരിക്കുന്നത്. രാത്രി യാത്രകളിലും കുറഞ്ഞ വെളിച്ചത്തിലും മെച്ചപ്പെട്ട വെളിച്ചം നൽകുന്നതിന് സെഗ്‌മെന്റ് ഫസ്റ്റ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും മോട്ടോർസൈക്കിളിലുണ്ട്.

എഞ്ചിൻ കട്ട്-ഓഫ് ഉള്ള സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ ഫീച്ചറും അധിക സുരക്ഷക്കായി ഒരുക്കിയിട്ടുണ്ടെന്നതും എടുത്തുപറയേണ്ട കാര്യമാണ്. റൈഡർക്കും പിൻസീറ്റിനും മെച്ചപ്പെട്ട ആക്‌സസബിലിറ്റിയും റൈഡിംഗ് സുഖവും നൽകുന്നതിനായി മൃദുവും സുഖകരവുമായ സീറ്റിനൊപ്പമാണ് കമ്മ്യൂട്ടർ ബൈക്ക് വിപണിയിലെത്തുന്നത്. പ്രായോഗിക സ്റ്റേറേജ് ആവശ്യങ്ങൾക്കായി വിശാലമായ യൂട്ടിലിറ്റി കേസും ഇന്റഗ്രേറ്റഡ് യുഎസ്ബി ചാർജിംഗ് പോർട്ടും മോട്ടോർസൈക്കിളിൽ വന്നെത്തിയിട്ടുണ്ട്.
ഡിസൈനിലേക്ക് നോക്കിയാൽ പരിചിതമായ പഴയ രൂപം തന്നെയാണ് ഹീറോ പാഷൻ പ്ലസ് ഡിസ്ക്കിലും മുമ്പോട്ട് കൊണ്ടുപോയിരിക്കുന്നത്. ആധുനിക സ്റ്റൈലിംഗ് പൂരകമാക്കുവാനായി ഹെവി ഗ്രേ, നെക്സസ് ബ്ലൂ, ഡാർക്ക് ഇൻഡസ്ട്രിയൽ ഗ്രേ, പേൾ റെഡ് എന്നിങ്ങനെ നാല് ആകർഷകമായ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാകും . പുതിയ വേരിയന്റ് രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോർപ്പ് ഡീലർഷിപ്പുകളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

സസ്പെൻഷനായി പാഷൻ പ്ലസിൽ ടെലിസ്‌കോപ്പിക് ഫോർക്കും ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് നൽകിയിരിക്കുന്നത്. ഹീറോയുടെ 100 സിസി പ്ലാറ്റ്ഫോമിലെ ഏറ്റവും ഭാരമേറിയ ബൈക്കാണ് പാഷൻ പ്ലസ്. ഏകദേശം 115 കിലോഗ്രാം ഭാരമാണ് ഈ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനുള്ളത്. പാഷൻ പ്ലസിന്റെ കാസ്റ്റ് അലോയ് വീലുകൾക്ക് രണ്ടറ്റത്തും 80/100-18 വലിപ്പമുള്ള ട്യൂബ്‌ലെസ് ടയറുകളാണ് നൽകിയിരിക്കുന്നത്.
8000 ആർപിഎമ്മിൽ 8 bhp പവറും 6000 ആർപിഎമ്മിൽ 8.05 Nm ടോർക്കും നൽകുന്ന ഹീറോ മോട്ടോകോർപ്പിന്റെ വിശ്വസനീയവും ഇന്ധനക്ഷമതയുള്ളതുമായ 100 സിസി, BS-VI, OBD-2 ഫേസ് A കംപ്ലയിന്റ് എഞ്ചിനാണ് പുതിയ പാഷൻ പ്ലസ് ഡിസ്കിന് കരുത്ത് പകരുന്നത്.പേറ്റന്റ് നേടിയ i3S (ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം) സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഹീറോ പാഷൻ പ്ലസ് ഡിസ്‌ക് വേരിയന്റ് 71 കിലോമീറ്റർ മൈലേജും നൽകാൻ യോഗ്യമാണ്.


Click it and Unblock the Notifications