കാർ പോലെ റേഞ്ച്, ഒറ്റ ചാർജിൽ 400 KM ഓടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുമായി സിമ്പിൾ! വാങ്ങാൻ ബുള്ളറ്റിന്റെ കാശാവും
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലൊന്നും ആവശ്യമില്ലാത്ത ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി സിമ്പിൾ എനർജി (Simple Energy) മാറിക്കഴിഞ്ഞിരിക്കുകയാണ്. ഓലയുടെ തകർച്ചയും സിമ്പിളിന്റെ വളർച്ചയും ഏതാണ്ട് ഒരേസമയത്തായിരുന്നുവെന്ന് വേണം പറയാൻ. ഇന്ത്യയിൽ ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലൂടെയാണ് ബ്രാൻഡ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഒപ്പം ചെറിയ വിലയും നൽകുന്ന മികച്ച സർവീസും കൂടിയായപ്പോൾ ആളുകൾ സിമ്പിളിന്റെ ഇവികൾ തേടിയെത്തിത്തുടങ്ങി. സിമ്പിൾ എനർജി തങ്ങളുടെ ഉൽപ്പന്ന നിര വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ അൾട്രയെ വിപണിയിലെത്തിച്ചിരിക്കുകയാണ്.
2,34,999 രൂപ എക്‌സ്ഷോറൂം വിലയുള്ള പുതിയ അൾട്ര ഒരു പ്രീമിയം, ലോംഗ് റേഞ്ച് ഇലക്ട്രിക് ഇരുചക്ര വാഹനമായാണ് ഇന്ത്യയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ഇതിനകം ഡെലിവറി ആരംഭിച്ചതായി ബ്രാൻഡ് അറിയിക്കുകയുണ്ടായി. വില അൽപം കൂടുതലായി തോന്നുമെങ്കിലും സിംഗിൾ ചാർജിൽ 400 കിലോമീറ്റർ വരെ റേഞ്ചാണ് ഇവിയിൽ കമ്പനി അവകാശപ്പെടുന്നത് കേട്ടോ. IDC പറയുന്ന കണക്കാണിത്.

അങ്ങനെ നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായി മാറാനും സിമ്പിൾ അൾട്രയ്ക്ക് സാധിക്കുന്നു. 6.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് പുതിയ ഇവിയിൽ ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വരെ ടോപ്പ് സ്പീഡ് കൈവരിക്കാനും സ്കൂട്ടറിന് കഴിയും. കൂടാതെ വെറും 2.77 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗതയെത്തിപ്പിടിക്കാനും മോഡലിനാവുന്നതാണ്.
ഈ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായും സിമ്പിൾ അൾട്രയെ വിശേഷിപ്പിക്കാം. അങ്ങനെ 5 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ബ്രാൻഡിന്റെ സ്വന്തം സിമ്പിൾ വണ്ണിന് പിന്നിൽ രണ്ടാം സ്ഥാനം നേടാനും കഴിയുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും ആള് വേറെ ലെവലാണെന്ന് വേണം പറയാൻ. അത്യാവശ്യ റൈഡിംഗ് ഡാറ്റയും കണക്റ്റിവിറ്റി പ്രവർത്തനങ്ങളും നൽകുന്ന 7 ഇഞ്ച് റൈഡർ കൺസോളാണ് അൾട്രയിൽ ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ വ്യത്യസ്ത റൈഡിംഗ് സാഹചര്യങ്ങളിൽ സ്ഥിരതയും സുരക്ഷയും വർധിപ്പിക്കാൻ സഹായിക്കുന്ന ഫോർ ലെവൽ ട്രാക്ഷൻ കൺട്രോളും പുത്തൻ ഇവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളിലായി 70 ഓളം ടച്ച്‌പോയിന്റുകൾ പ്രവർത്തിക്കുന്നതിനാൽ ബ്രാൻഡ് അതിന്റെ റീട്ടെയിൽ, സർവീസ് ശൃംഖല അതിവേഗം വികസിപ്പിക്കുകയാണ്.
നാഗ്പൂർ, റാഞ്ചി, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിൽ പുതിയ ഔട്ട്‌ലെറ്റുകൾ ഉടൻ തന്നെ തുറക്കുമെന്നും സിമ്പിൾ എനർജി പറയുന്നുണ്ട്. ഈ വർഷം ആദ്യം, കമ്പനി സിമ്പിൾ വൺ, സിമ്പിൾ വൺഎസ് എന്നിവയുടെ രണ്ടാം തലമുറ മോഡലുകൾ അവതരിപ്പിച്ചിരുന്നു. സിമ്പിൾ വൺ ജെൻ 2 പതിപ്പ് 236 കിലോമീറ്ററും 265 കിലോമീറ്ററും റേഞ്ചാണ് അവകാശപ്പെടുന്നത്. അതേസമയം വൺഎസ് ജെൻ 2 മോഡൽ ഫുൾ ചാർജിൽ 190 കിലോമീറ്റർ ദൂരവും ഓടും.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും സിമ്പിൾ അൾട്ര വാങ്ങാൻ സാധിക്കുന്നതാണ്. തിരഞ്ഞെടുത്ത നഗരങ്ങളിൽ നിലവിൽ ടെസ്റ്റ് റൈഡുകളും നടക്കുന്നുണ്ട്. നല്ല റേഞ്ചുള്ള ഇവി എത്ര വില കൊടുത്തും വാങ്ങാമെന്നുള്ളവർക്ക് കണ്ണുംപൂട്ടി സിമ്പിൾ എനർജിയുടെ പുതുമോഡൽ സ്വന്തമാക്കാവുന്നതാണ്. മിക്ക സ്ഥലങ്ങളിലും സർവീസ് സെന്ററുകളുള്ളതിനാൽ വാങ്ങിയാൽ തലയിലാവുമോയെന്ന ആശങ്കയും വേണ്ടവേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








