501 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിന് ഒറ്റയടിക്ക് 60,000 രൂപ കുറച്ചു! ശരിക്കും പെട്രോൾ ബൈക്കുകളുടെ അന്തകനായി
ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ തങ്ങളുടെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുകയാണ് ഓല. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കൾ എന്ന നിലയിൽ നിന്നും താഴേക്ക് നിലംപതിച്ച കമ്പനി പല കാര്യങ്ങളിലായി ചീത്തപ്പേരും പേരുദോഷവും കേൾപ്പിക്കുകയുണ്ടായി. എന്നാൽ കഴിഞ്ഞ മാസം ഓഫറുകൾ വാരിക്കോരി നൽകിയതോടെ മാര്‍ച്ചില്‍ രജിസ്‌ട്രേഷനില്‍ 150 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇവി നിർമാതാക്കളുടെ വമ്പന്‍ തിരിച്ചുവരവ് വാഹനലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ അവസരം വീണ്ടും മുതലെടുക്കുവാനായി ഓല ഇലക്ട്രിക് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില വലിയ തോതിൽ വെട്ടിക്കുറച്ചിരിക്കുകയാണ്.
4680 ഭാരത് സെല്ലോടു കൂടി വിപണിയിലെത്തുന്ന റോഡ്സ്റ്റർ X പ്ലസ് 9.1 kWh ബാറ്ററി വേരിയന്റിലാണ് ഗണ്യമായ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗിഗാഫാക്ടറിയിലെ ദ്രുതഗതിയിലുള്ള സാമ്പത്തിക ലാഭവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4680 ഭാരത് സെല്ലിന്റെ ഉപയോഗവും കാരണമാണ് വിലയിൽ കാര്യമായ കുറവ് വരുത്താൻ കമ്പനിക്ക് സാധിച്ചതെന്നാണ് ഓല ഇലക്‌ട്രിക് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇതോടെ ഓല ഇലക്ട്രിക് ആനുകൂല്യങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറാൻ തീരുമാനിച്ചതിന്റെ ഫലമായാണ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ വില കുറച്ചിരിക്കുന്നത്. റോഡ്സ്റ്റർ 9.1 kWh ഇവിയുടെ പുതുക്കിയ വില ഇപ്പോൾ 1,29,999 രൂപയാണ്. മുമ്പുണ്ടായിരുന്ന 1,89,999 രൂപയിൽ നിന്നും 60,000 രൂപയോളമാണ് കമ്പനി ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. റോഡ്സ്റ്റർ X പ്ലസ് 9.1 kWh പതിപ്പിന്റെ ഓപ്പൺ സെയിൽസിൽ നിന്ന് ലിമിറ്റഡ് പർച്ചേസ് വിൻഡോ മോഡലിലേക്ക് ഓല ഇലക്ട്രിക് മാറും.
അതുവഴി ഇലക്ട്രിക് ബൈക്ക് നിർദ്ദിഷ്ട സമയബന്ധിത സ്ലോട്ടുകളിലും ലിമിറ്റഡ് യൂണിറ്റുകളിലും ലഭ്യമാക്കുകയാണ് കമ്പനി ഉദ്ദേശിക്കുന്നത്. വില കുറഞ്ഞ റോഡ്സ്റ്റർ X പ്ലസ് 9.1 kWh ഇവിയുടെ ആദ്യ പർച്ചേസ് വിൻഡോ ഏപ്രിൽ 3 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ തുറക്കും. തുടർന്നുള്ള വിൻഡോകൾ നിർമാണ ലഭ്യതയെ അടിസ്ഥാനമാക്കി ഇടയ്ക്കിടെ പ്രഖ്യാപിക്കുമെന്നും ഓല അറിയിച്ചിട്ടുണ്ട്.

സിംഗിൾ ചാർജിൽ 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഓല ഇലക്ട്രിക്കിന്റെ ഏറ്റവും ഉയർന്ന പ്രകടനമുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളായ റോഡ്‌സ്റ്റർ 9.1 kWh പതിപ്പിന് അമിതമായ ഡിമാൻഡാണ് നിലവിലുള്ളത്. ഇത് കമ്പനിയുടെ നിലവിലെ വിതരണ ശേഷിയെക്കാൾ വളരെ കൂടുതലാണ്. അതിനാലാണ് നിർദ്ദിഷ്ട സമയബന്ധിത സ്ലോട്ടുകളിലും ലിമിറ്റഡ് യൂണിറ്റുകളിലും ലഭ്യമാക്കിയിരിക്കുന്നത്.
9.1kWh ബാറ്ററി പായ്ക്കുമായി വരുന്ന ഓല റോഡ്സ്റ്റർ X പ്ലസ് ഇലക്ട്രിക് ബൈക്കിന് 501 കിലോമീറ്റർ IDC റേഞ്ചും 125 കിലോമീറ്റർ ടോപ്പ് സ്പീഡുമാണ് കമ്പനി അവകാശപ്പെടുന്നത്. 11kW മോട്ടോർ ഉപയോഗിക്കുന്നതിനാൽ വെറും 2.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നും ഓല പറയുന്നു. സിംഗിൾ-ചാനൽ എബിഎസുമായി സംയോജിപ്പിച്ച പേറ്റൻ്റ് സപ്പോർട്ടുള്ള ബ്രേക്ക്-ബൈ-വയർ സജ്ജീകരണവും ഇവിയിൽ ഒരുക്കിയിട്ടുണ്ട്.

വാട്ടർ, ഡസ്റ്റ് പ്രതിരോധമുള്ള ബാറ്ററി പായ്ക്കിന് IP67-റേറ്റിഗും റോഡ്സ്റ്റർ X പ്ലസിൽ ഉണ്ടെന്നാണ് ഓല പറയുന്നത്. ഡിസൈനിന്റെ കാര്യത്തിൽ ഓല റോഡ്സ്റ്റർ X ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയാണ് പിടിച്ചിരിക്കുന്നത്. സ്ലിം ബോഡി പാനലുകളും ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗും കൂടിച്ചേരുമ്പോൾ സംഗതി കിടിലമാവുന്നുണ്ട്. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകളും എർഗണോമിക് ഹാൻഡിൽബാർ പൊസിഷനിംഗും ഒരുക്കിയിരിക്കുന്ന ഇവിയിൽ കട്ടിയുള്ള ഗ്രാബ് ഹാൻഡിലും സിംഗിൾ-പീസ് സീറ്റുമാണ് ലഭിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








