ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് ഓലയുടെ ഇലക്‌ട്രിക് സ്‌കൂട്ടറും ബൈക്കും, വാങ്ങിയാൽ ചാമ്പ്യനെ പോലെ കൊണ്ടുനടക്കാം
ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ മോശം സമയത്തിലൂടെ കടന്നുപോവുകയാണ് ഓല. പ്രശസ്‌തിയുടെ കൊടിമുടിയിൽ നിന്നും വീണ കമ്പനി ഉയർത്തെഴുന്നേൽക്കാനായുള്ള പരിശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ മോഡൽ നിരയിൽ വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം പ്രഖ്യാപിച്ച് ബ്രാൻഡ് ആളുകളെ ചാക്കിലാക്കാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയിതാ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന്റെ സ്മരണയ്ക്കായി ഓല ഇലക്ട്രിക് S1 പ്രോ പ്ലസ്, റോഡ്സ്റ്റർ X പ്ലസ് എന്നിവയുടെ ലിമിറ്റഡ് ചാമ്പ്യൻസ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്‌സിയെ അനുസ്‌മരിപ്പിക്കുന്ന കളർ ഓപ്ഷനിലാണ് ഇലക്ട്രിക് സ്‌കൂട്ടറും ബൈക്കും അണിയിച്ചൊരുക്കിയിരിക്കുന്നത്.
പ്രത്യേക കളർ ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിലും സ്റ്റാൻഡേർഡ് വേരിയൻ്റുകളെ അപേക്ഷിച്ച് ഇവയുടെ വിലയിൽ മാറ്റമില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്ന് മുതൽ 2026 ഏപ്രിൽ അവസാനം വരെയാണ് ഈ സ്പെഷ്യൽ ലിമിറ്റഡ് എഡിഷൻ മോഡലുകളുടെ വിപണനം നടക്കുക. അതിന് ശേഷം നിർത്തലാക്കുമെന്നും ഓല അറിയിച്ചിട്ടുണ്ട്. ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാൻ എത്തുന്ന ഈ സ്പെഷ്യൽ ഇവികളെ ജനങ്ങൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓല S1 പ്ലസ് ചാമ്പ്യൻസ് എഡിഷന് 1,54,999 രൂപയും റോഡ്സ്റ്റർ X പ്ലസ് ചാമ്പ്യൻസ് എഡിഷന് 1,09,999 രൂപയിലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. വേരിയന്റിന് അനുയോജ്യമായ വിലകളും ഓഫറുകളും കോൺഫിഗറേഷനും സ്ഥലവും അനുസരിച്ച് വ്യത്യാസപ്പെടാം. 5.2kWh ബാറ്ററിയുള്ള 4680 ഭാരത് സെല്ലുകളാണ് ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്. അതേസമയം 9.1kWh ബാറ്ററി പായ്ക്കിലാണ് ഓല ഇലക്ട്രിക് മോട്ടോർസൈക്കിൾ ലഭ്യമാക്കിയിരിക്കുന്നത്.
320 കിലോമീറ്റർ വരെ IDC റേഞ്ച് അവകാശപ്പെടുന്ന S1 പ്രോ പ്ലസ് 5.2kWh ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇലക്‌ട്രിക് സ്കൂട്ടറാണ്. ചാമ്പ്യൻസ് എഡിഷൻ പതിപ്പിന് 13kW മോട്ടോറും 2.1 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗവുമാണ് ഓല പറയുന്നത്. ഹൈപ്പർ മോഡ് ഉപയോഗിച്ച് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കുതിക്കാനും ഇവിക്കാവും. അതേസമയം വെറും 2.1 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഓല S1 പ്രോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും.

ഡ്യുവൽ-ചാനൽ എബിഎസ്, മൾട്ടി-മോഡ് ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ പോലുള്ള ഫീച്ചറുകളും ഓലയുടെ ഈ ഇലക്ട്രിക് സ്കൂട്ടറിലെ പ്രധാന ഹൈലൈറ്റുകളാണ്. SOS അലേർട്ടുകൾ, റോഡ് ട്രിപ്പ്, ഭാരത് മോഡ്, നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, മ്യൂസിക്, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, ഈസി പാർക്ക്, DIY മോഡ് എന്നീ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഒരു വലിയ TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെഗ്മെൻ്റിൽ ടിവിഎസ് ഐക്യൂബ്, ഏഥർ 450, ഹീറോ വിഡ V2 പ്രോ, ചേതക് 3501 തുടങ്ങിയ ഇവികളുമായാണ് S1 പ്രോ പ്ലസ് മത്സരിക്കുന്നത്. ഇനി ഓല റോഡ്സ്റ്റർ X പ്ലസ് ചാമ്പ്യൻസ് എഡിഷനിലേക്ക് വന്നാൽ 9.1kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഏകദേശം 501 കിലോമീറ്റർ IDC റേഞ്ചും 125 കിലോമീറ്റർ ടോപ്പ് സ്പീഡുമാണ് കമ്പനി അവകാശപ്പെടുന്നത്. 11kW മോട്ടോർ ഉപയോഗിക്കുന്നതിനാൽ വെറും 2.7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നും ഓല പറയുന്നു.

സിംഗിൾ-ചാനൽ എബിഎസുമായി സംയോജിപ്പിച്ച പേറ്റൻ്റ് സപ്പോർട്ടുള്ള ബ്രേക്ക്-ബൈ-വയർ സജ്ജീകരണവും ഇവിയിൽ ഒരുക്കിയിട്ടുണ്ട്. വാട്ടർ, ഡസ്റ്റ് പ്രതിരോധമുള്ള ബാറ്ററി പായ്ക്കിന് IP67-റേറ്റിഗും റോഡ്സ്റ്റർ X പ്ലസിൽ ഉണ്ടെന്നാണ് ഓല പറയുന്നത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വിജയാഘോഷത്തിൽ പങ്കുചേരാൻ നമുക്ക് ലഭിക്കുന്ന സുവർണാവസരമായി ഇതിനെ കാണാം. ഒപ്പം വിൽപ്പനയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തേക്ക് വീണ ഓലയ്ക്ക് ഉയർത്തെഴുന്നേൽക്കാൻ ലഭിച്ചിരിക്കുന്ന അവസരമായും ഇതിനെ കാണാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








