പെട്രോളടിക്കുന്ന പൈസ സമ്പാദിക്കാം, 1 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാൻ പറ്റുന്ന നല്ല ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
ഇന്ത്യയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന കുതിച്ചുയരുകയാണ്. പെട്രോളിന് ഉയർന്നു നിൽക്കുന്ന വിലയും E20 പെട്രോളിന്റെ തലവേദനകളും കാരണം ആളുകൾ വൈദ്യുതി കരുത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ലക്ഷങ്ങൾ മുടക്കി വാങ്ങാൻ ഇപ്പോഴും മടിയുള്ളവരുണ്ട് എന്നതാണ് മറ്റൊരു സത്യം. റേഞ്ചുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ബാറ്ററി പോയാൽ പണികിട്ടുമോയെന്നുള്ള പേടിയുമെല്ലാം ഇന്നും ആളുകൾക്കിടയിൽ അതുപോലെ നിൽക്കുന്നുണ്ട്. അതിനാൽ കൂടുതൽ ആളുകളും 1 ലക്ഷം രൂപയിൽ താഴെ വിലയിൽ സ്‌കൂട്ടറുകൾ സ്വന്തമാക്കാനാണ് താത്പര്യം കാണിക്കുന്നത്. നിങ്ങളും ഈ കൂട്ടത്തിൽപ്പെടുന്നവരാണെങ്കിൽ വാങ്ങിക്കാൻ പറ്റിയ 1 ലക്ഷത്തിൽ താഴെ വില വരുന്ന കിടിലൻ ഇലക്ട്രിക് സ്കൂട്ടറുകളെ പരിചയപ്പെടുത്തി തരാം.
ഓല S1 X
ഒരു മുഖ്യധാരാ ഇലക്ട്രിക് വാഹന ബ്രാൻഡിൽ നിന്നും വാങ്ങാനാവുന്ന ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഓല S1 X. വെറും 69,999 രൂപ എക്സ്ഷോറൂം വില വരുന്ന മോഡലിന് ഫുൾ ചാർജിൽ 108 കിലോമീറ്റർ റേഞ്ച് നൽകാൻ ശേഷിയുള്ള 2kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. പെർഫോമൻസിലും ആരേയും നിരാശപ്പെടുത്തില്ലാത്ത കണക്കുകളും ഇവിയുടെ പ്രത്യേകതയാണ്.

ഓല S1 X ഇലക്‌ട്രിക് സ്‌കൂട്ടറിന് 9.38 bhp പവറും 101 കിലോമീറ്ററിന്റെ പരമാവധി വേഗവും പുറത്തെടുക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ടിവിഎസ്, ബജാജ് എന്നിവയേക്കാൾ ചെറുതാണെങ്കിലും ഓലയുടെ സേവന ശൃംഖല 450-ലധികം കേന്ദ്രങ്ങളിലേക്ക് വികസിച്ചിട്ടുണ്ട്. 60 കിലോമീറ്ററിൽ താഴെ ദൈനംദിന യാത്രയുള്ള റൈഡേഴ്‌സിന് ഈ ഇലക്ട്രിക് സ്കൂട്ടർ ഏറ്റവും അനുയോജ്യമാണ്. വിലയും തീരെ കുറവായതിനാൽ പെട്രോൾ കാശ് നല്ലതുപോലെ ലാഭിക്കാനാവും.
ടിവിഎസ് ഓർബിറ്റർ
ടിവിഎസിന്റെ ഇലക്ട്രിക് നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായി ടിവിഎസ് ഓർബിറ്റർ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങുന്നത്. 84,500 രൂപ മാത്രം വില വരുന്ന ഇവിയുടെ ടോപ്പ് വേരിയന്റിൽ 158 കിലോമീറ്റർ റേഞ്ച് നൽകാൻ പ്രാപ്‌തമായുള്ള 3.1kWh ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഇന്ത്യയിലുടനീളം 2,800-ലധികം ടച്ച് പോയിന്റുകളുള്ള ടിവിഎസ് ആഫ്റ്റർ-സെയിൽസ് നെറ്റ്‌വർക്കാണ് ഓർബിറ്റർ വാങ്ങിയാലുള്ള ഏറ്റവും വലിയ നേട്ടം.

ഹീറോ വിഡ VX2 ഗോ
ഹീറോ വിഡ VX2 ഗോയുടെ പ്രധാന സവിശേഷത അതിന്റെ റിമൂവബിൾ ബാറ്ററി പായ്ക്കാണ്. സ്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തുവെച്ച് ചാർജ് ചെയ്യുന്നതിനുപകരം ബാറ്ററി ഊരി വീടിന്റെ അകത്ത് കൊണ്ടുപോയി ചാർജ് ചെയ്യാം. 3.4kWh പായ്ക്കുമായി വരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് സിംഗിൾ ചാർജിൽ 142 കിലോമീറ്റർ വരെ റേഞ്ചും തരാനാവും. കൂടാതെ 12 ഇഞ്ച് അലോയ് വീലുകളും CBS ബ്രേക്കിംഗും വരെ ഇതിലുണ്ട്. 84,800 രൂപയാണ് VX2 ഗോയ്ക്ക് മുടക്കേണ്ടി വരിക.
ആംപിയർ മാഗ്നസ് ഗ്രാൻഡ്
ആംപിയർ മാഗ്നസ് ഗ്രാൻഡും ഇന്ത്യയിൽ ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള നല്ല ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ്. വെറും 89,999 രൂപ എക്സ്ഷോറൂം വില വരുന്ന ഇവിയിൽ 95 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത IDC റേഞ്ചും ഹബ് മോട്ടോറും ഉള്ള LFP ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. 5 വർഷത്തെ അല്ലെങ്കിൽ 75,000 കിലോമീറ്റർ ബാറ്ററി വാറണ്ടിയും 65 കിലോമീറ്റർ പരമാവധി വേഗതയും സ്‌കൂട്ടറിൽ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

ബജാജ് ചേതക് C2501
ബജാജിന്റെ എൻട്രി ലെവൽ ചേതക് ഇവിയായ C2501 പതിപ്പിന് ഇന്ത്യയിൽ 91,504 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഒരു ലക്ഷം രൂപയിൽ താഴെ വിലയിൽ ഫുൾ മെറ്റൽ ബോഡി പാനൽ വാഗ്ദാനം ചെയ്യുന്ന ഏക മോഡൽ കൂടിയാണിത്. 2.5kWh NMC ബാറ്ററി പായ്ക്കിന് 113 കിലോമീറ്റർ റേഞ്ചും നൽകാനാവും. 750W ചാർജറിൽ രണ്ടര മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. അങ്ങനെ ദിവസേന 50 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്നവർക്ക് അനുയോജ്യമായ മോഡലാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications