8 വർഷത്തെ വാറണ്ടിയും 200 KM റേഞ്ചുമുള്ള ഇലക്‌ട്രിക് ബൈക്ക് ഇനി ഈ നഗരത്തിലും വാങ്ങിക്കാം
ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളായിരിക്കും അൾട്രാവയലറ്റ്, റിവോൾട്ട് എന്നിവ. വൈദ്യുത ഇരുചക്ര വാഹന രംഗത്ത് സ്‌കൂട്ടറുകൾ അരങ്ങുതകർക്കുമ്പോൾ വൈവിധ്യമാർന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഇവർ പേരെടുത്തത്. എന്നാൽ കാർ പോലെ ഫാസ്റ്റ് ചാർജ് ചെയ്യാനാവുന്ന വൈദ്യുത ബൈക്കുമായി എത്തി ഏവരേയും ഞെട്ടിച്ച മറ്റൊരു കമ്പനിയും രാജ്യത്തുണ്ട്. ആരാണന്നല്ലേ, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ റാപ്റ്റി HV ആണത്. ഇലക്ട്രിക് കാറുകളിൽ സാധാരണയായി കാണപ്പെടുന്ന ഉയർന്ന വോൾട്ടേജ് (HV-Tec) ആർക്കിടെക്ചർ ഇരുചക്ര വാഹന മേഖലയിൽ അവതരിപ്പിച്ചാണ് ഇവർ വരവ് അറിയിച്ചത്.
തുടക്കകാലത്ത് ചെന്നൈയിൽ മാത്രം വിൽപ്പന കേന്ദ്രീകരിച്ചിരുന്ന കമ്പനി ഇപ്പോഴിതാ മെട്രോ നഗരമായ ബെംഗളൂരുവിലേക്കും എത്തിയിരിക്കുകയാണ്. കമ്പനിയുടെ സാങ്കേതിക പ്ലാറ്റ്‌ഫോമും ഉപഭോക്തൃ കേന്ദ്രീകൃത ഉടമസ്ഥാവകാശ അനുഭവവും ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഭാവി ഭദ്രമാക്കുമെന്ന കാര്യം ഉറപ്പാണ്. ബെംഗളൂരുവിലെ എക്സ്പീരിയൻസ് സെന്ററിലൂടെ ഉപഭോക്താക്കൾക്ക് T30 ഇവിയുടെ പിന്നിലെ സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യാനും ടെസ്റ്റ് റൈഡുകൾ നടത്താനും സാധിക്കും.

ലോകമെമ്പാടുമുള്ള ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഹൈ വോൾട്ടേജ് ഇലക്ട്രിക് മോട്ടോർസൈക്കിളായ T30 ഇവിയുടെ രണ്ടാമത്തെ വിപണിയായി ബെംഗളൂരു മാറിയെങ്കിലും കേരളം പോലെ വൈദ്യുത വാഹനങ്ങൾക്ക് ഏറെ പ്രചാരമുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കുമെന്ന ഉറപ്പും റാപ്റ്റി ഉറപ്പുനൽകിയിട്ടുണ്ട്.
വർഷാവസാനത്തോടെ പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ റാപ്റ്റി ഇതിനോടകം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യമാണ് 2.39 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിൽ റാപ്റ്റി T30 ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തുന്നത്. വില കൂടുതലാണെന്ന് തോന്നുമെങ്കിലും 8 വർഷത്തെ ബാറ്ററി വാറണ്ടിയും 3 വർഷത്തെ വെഹിക്കിൾ വാറണ്ടിയും വരെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കേട്ടാൽ ആർക്കായാലും വാങ്ങാൻ തോന്നും.

ഓണർഷിപ്പ് പാക്കേജിൽ ഒരു സമർപ്പിത സേവന സിംഗിൾ പോയിന്റ് ഓഫ് കോൺടാക്റ്റ് (SPOC), റോഡ്‌സൈഡ് അസിസ്റ്റൻസ് സപ്പോർട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് കാറുകളുടെ CCS2 DC ഫാസ്റ്റ് ചാർജിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഹൈ വോൾട്ടേജ് സാങ്കേതികവിദ്യ തന്നെയാണ് റാപ്റ്റി T30 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. CCS2 കണക്ടറുകൾ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഇലക്ട്രിക് കാർ ചാർജർ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാനാവും.
DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 36 മിനിറ്റിനുള്ളിൽ മോട്ടോർസൈക്കിളുകൾക്ക് 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു, അതേസമയം വീട്ടിലെ ഓൺ-ബോർഡ് ചാർജർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ഒരു മണിക്കൂറിലധികം സമയമെടുക്കും. CCS2 ചാർജിംഗ് സൗകര്യത്തിന് പുറമേ ഫാസ്റ്റ് ചാർജിംഗ് വേഗത, ശക്തമായ ഓൺ-ബോർഡ് ചാർജർ, ഭാരം കുറഞ്ഞ ഇന്റേണൽ ചാർജിംഗ് കേബിൾ തുടങ്ങിയ നിരവധി ഇൻ-ഹൗസ് ചാർജിംഗ് സൗകര്യവും ഇവിയിലെ ഹൈ വോൾട്ടേജ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്.

T30 ഇവിയിൽ 5.4kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ചാർജിൽ റാപ്റ്റിയുടെ ഇലക്ട്രിക് ബൈക്കിന് 200 കിലോമീറ്റർ വരെ റേഞ്ച് നൽകാനും കഴിയും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇതിന് 29.5 bhp കരുത്തിൽ പരമാവധി 70 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന സിംഗിൾ മോട്ടോറുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. IP67 റേറ്റുചെയ്ത ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
വെറും 3.5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്നതിനാൽ പെട്രോൾ ബൈക്കുകൾ വരെ റാപ്റ്റിയുടെ ഇവിക്ക് മുന്നിൽ ചൂളിപ്പോവും. ഫീച്ചറുകളിലേക്ക് നോക്കിയാൽ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്ക് എന്നിവയെല്ലാം മോഡലിൽ ലഭിക്കും. ഓട്ടോമോട്ടീവ്-ഗ്രേഡ് ലിനക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കസ്റ്റം-ബിൽറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications