36 മിനിറ്റിൽ ചാർജ് ചെയ്യാം, 8 വർഷത്തെ വാറണ്ടിയും! 200 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിൻ്റെ ഡെലിവറി തുടങ്ങി
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി അതിൻ്റെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോവുന്നത്. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്കൊപ്പം രാജ്യത്തെ മുൻനിര നിർമാതാക്കളും വൈദ്യുത വാഹന വിപ്ലവത്തിൽ അണിചേർന്നപ്പോൾ നല്ല കിടിലൻ ഇവികളാണ് രാജ്യത്തിനായി എത്തിയത്. പുതിയ പരീക്ഷണങ്ങൾക്ക് മുതിരാൻ തയാറായി പുത്തൻ ബ്രാൻഡുകളും എത്തുന്നുണ്ട്. അത്തരത്തിലൊരു കമ്പനിയാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ റാപ്റ്റി HV. ഇലക്ട്രിക് കാറുകളിൽ സാധാരണയായി കാണപ്പെടുന്ന ഉയർന്ന വോൾട്ടേജ് (HV-Tec) ആർക്കിടെക്ചർ ഇരുചക്ര വാഹന മേഖലയിൽ അവതരിപ്പിച്ചാണ് ഇവർ വരവ് അറിയിച്ചത് തന്നെ.
ലോകമെമ്പാടുമുള്ള ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഹൈ വോൾട്ടേജ് ഇലക്ട്രിക് മോട്ടോർസൈക്കിളായ T30 ഇവിയുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് റാപ്റ്റിയിപ്പോൾ. ഏഴ് വർഷത്തെ ഗവേഷണത്തിനും സാധൂകരണത്തിനും ശേഷമാണ് ഇവികൾക്കായുള്ള വിതരണം ആരംഭിക്കുന്നതെന്ന് ബ്രാൻഡ് പറയുന്നു. ഇന്ത്യയിലെ പൊതു ചാർജിംഗ് നെറ്റ്‌വർക്കുമായി പൊരുത്തപ്പെടുന്ന ഈ ബൈക്ക് ഹൈ-സ്പീഡ് ഹോം-ചാർജിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

തമിഴ്‌നാട്ടിലെ ചെന്നൈയാണ് കമ്പനിയുടെ ആദ്യത്തെ പ്രവർത്തന വിപണി. ഡെലിവറികളും സർവീസ് അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ നഗരത്തിൽ സജീവമായിട്ടുമുണ്ട്. 2026 ഏപ്രിലിൽ ഒരു പ്രത്യേക ഷോറൂമും അംഗീകൃത സർവീസ് സെൻ്ററുമായി ബെംഗളൂരുവിലേക്ക് വിൽപ്പന വിപുലീകരിക്കും. പിന്നീടുള്ള ഘട്ടത്തിലായിരിക്കും കേരളം പോലുള്ള വിപണികളിലേക്ക് റാപ്റ്റി T30 ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണനത്തിന് എത്തുക.
വർഷാവസാനത്തോടെ പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ റാപ്റ്റി ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യമാണ് 2.39 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിൽ റാപ്റ്റി T30 ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്. ഇതിന് ശേഷം T30 ഇലക്ട്രിക് ബൈക്കിന് 8,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നുണ്ട്. വില കൂടുതലാണെന്ന് തോന്നുമെങ്കിലും 8 വർഷത്തെ ബാറ്ററി വാറണ്ടിയും 3 വർഷത്തെ വെഹിക്കിൾ വാറണ്ടിയും വരെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓണർഷിപ്പ് പാക്കേജിൽ ഒരു സമർപ്പിത സേവന സിംഗിൾ പോയിന്റ് ഓഫ് കോൺടാക്റ്റ് (SPOC), റോഡ്‌സൈഡ് അസിസ്റ്റൻസ് പിന്തുണ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇലക്ട്രിക് കാറുകളുടെ CCS2 DC ഫാസ്റ്റ് ചാർജിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഹൈ വോൾട്ടേജ് സാങ്കേതികവിദ്യ റാപ്റ്റി T30 ഇലക്ട്രിക് മോട്ടോർസൈക്കിളിനെ സഹായിക്കും. അതിനാൽ ഉടമകൾക്ക് പബ്ലിക് ചാർജിംഗ് എല്ലാം ഉപയോഗിക്കാൻ കൂടുതൽ എളുപ്പമായിരിക്കും.
CCS2 കണക്ടറുകൾ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഇലക്ട്രിക് കാർ ചാർജർ ഉപയോഗിച്ച് റാപ്റ്റി T30 ഇവിയും ചാർജ് ചെയ്യാനാവും. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 36 മിനിറ്റിനുള്ളിൽ മോട്ടോർസൈക്കിളുകൾക്ക് 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു, അതേസമയം വീട്ടിലെ ഓൺ-ബോർഡ് ചാർജർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ഒരു മണിക്കൂറിലധികം സമയമെടുക്കും.

T30 ഇവിയിൽ 5.4kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ചാർജിൽ റാപ്റ്റിയുടെ ഇലക്ട്രിക് ബൈക്കിന് 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഇതിന് 29.5 bhp കരുത്തിൽ പരമാവധി 70 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന സിംഗിൾ മോട്ടോറുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. IP67 റേറ്റുചെയ്ത ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതും.
എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്ക് എന്നിവയെല്ലാം റാപ്റ്റി T30 ഇലക്ട്രിക് മോട്ടോർസൈക്കിളിലെ പ്രധാന ഫീച്ചറുകളാണ്. ഓട്ടോമോട്ടീവ്-ഗ്രേഡ് ലിനക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കസ്റ്റം-ബിൽറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നുണ്ട്. വെറും 3.5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്നതിനാൽ പെട്രോൾ ബൈക്കുകൾ റാപ്റ്റി T30 ഇവിയുടെ വരവിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








