നടി അസിന്റെ ഭർത്താവ് തുടങ്ങിയ ഇവി കമ്പനി, അടപൊളി വിലയിൽ 160 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കുമായി റിവോൾട്ട്
മോട്ടോർസൈക്കിളുകളെ വൈദ്യുതീകരിക്കാൻ അധികമാരും തയാറാവാതിരുന്ന കാലത്ത് നമുക്ക് ഇലക്‌ട്രിക് ബൈക്കുകൾ എന്താണെന്ന് കാണിച്ചുതന്നവരാണ് രത്തൻഇന്ത്യ എൻ്റർപ്രൈസസിന്റെ കീഴിലുള്ള റിവോൾട്ട് മോട്ടോർസ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ RV400 ഇവിയുടെ വരവ് ശരിക്കും ഇരുചക്ര വാഹന വിപണിക്ക് പുതിയൊരു ഊർജമാവുന്ന കാഴ്ച്ചയാണ് കാണാനായത്. 2019-ൽ പുറത്തിറക്കിയ ഈ മോഡൽ മോട്ടോർസൈക്കിളുകൾ എന്ന സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതുകയായിരുന്നു. അൽപം ശബ്‌ദവും ക്ലച്ചും ഗിയറുമെല്ലാം ഉണ്ടായിരുന്ന സാധാരണ ബൈക്കുകളിൽ നിന്നുമെല്ലാം വ്യത്യസ്‌തനായിരുന്നു ഇവൻ. കാരണം ഇതൊന്നുമില്ലാതെ ബൈക്കിന്റെ രൂപം മാത്രം ആവാഹിച്ചെത്തിയ റിവോൾട്ട് RV400 പിന്നീട് വിപ്ലവം സൃഷ്ടിച്ചു.
റിവോൾട്ട് മോട്ടോർസിന് രൂപംകൊടുത്തത് മൊബൈല്‍ ഫോണ്‍ കമ്പനിയായ മൈക്രോമാക്സിന്റെ സ്ഥാപകന്‍ രാഹുല്‍ ശര്‍മയായിരുന്നു. പിന്നീട് കമ്പനിയെ രത്തൻഇന്ത്യ എൻ്റർപ്രൈസസ് ഏറ്റെടുക്കുകയായിരുന്നു. എന്തായാലും മലയാളികൾക്കിടയിലും ശ്രദ്ധിക്കപ്പെടാനായ റിവോൾട്ട് ഇപ്പോഴിതാ തങ്ങളുടെ നിരയിലേക്ക് പുത്തനൊരു ഇലക്‌ട്രിക് ബൈക്കുമായി രംഗംപ്രവേശം ചെയ്‌തിരിക്കുകയാണ് കേട്ടോ.

1.30 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിൽ പുതിയ RVX പുറത്തിറക്കിയുകൊണ്ടാണ് റിവോൾട്ട് മോട്ടോർസ് തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിര വിപുലീകരിച്ചിരിക്കുന്നത്. യൂത്തിനെ ലക്ഷ്യമിട്ടുള്ള ബ്രാൻഡിന്റെ പുതിയ പെർഫോമൻസ് ഓറിയന്റഡ് മോഡലായി സ്ഥാപിച്ചിരിക്കുന്ന RVX പുതിയ മിഡ്-ഡ്രൈവ് മോട്ടോർ, റിമൂവബിൾ ബാറ്ററി പായ്ക്ക്, 160 കിലോമീറ്റർ ക്ലെയിംഡ് IDC റേഞ്ച് എന്നിവയെല്ലാം കോർത്തിണക്കിയാണ് വിപണിയിലെത്തുന്നത്.
പിഎം ഇ-ഡ്രൈവ് ഇൻസെന്റീവുകൾ ഉൾപ്പെടെയുള്ള വിലയാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 200-ലധികം ഡീലർഷിപ്പുകളുള്ള റിവോൾട്ടിന്റെ ശൃംഖല വഴിയാവും പുതിയ RVX ഇലക്‌ട്രിക് ബൈക്ക് വിപണനം ചെയ്യുക. ഡൽഹിയിൽ പ്രഖ്യാപിച്ച സംസ്ഥാനത്തിന്റെ പുത്തൻ ഇവി നയം പ്രകാരം ബാധകമായ ആനുകൂല്യങ്ങൾക്ക് ശേഷം 94,990 രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് മോട്ടോർസൈക്കിൾ വാങ്ങാമെന്ന് കമ്പനി പറയുന്നു.

RV400 ഇവിക്ക് സമാനമായ ഡിസൈൻ ശൈലിയാണ് RVX ഇലക്‌ട്രിക് ബൈക്ക് ആവാഹിച്ചിരിക്കുന്നത്. എങ്കിലും സ്പോർട്ടിയറാക്കാനായി അല്ലറചില്ലറ മാറ്റങ്ങളും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. പേൾ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, എക്ലിപ്സ് റെഡ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിലും RVX ലഭ്യമാകും. 4kW റേറ്റുചെയ്ത ഒരു പുതിയ മിഡ്-ഡ്രൈവ് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ (PMSM) ആണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്.
3.24kWh റിമൂവബിൾ NMC ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്. ഇത് 5kW പീക്ക് പവറിൽ 230 Nm വരെ ടോർക്ക് ഉത്പാദിപ്പിക്കാനും യോഗ്യമാണെന്നതിനാൽ കൈകൊടുത്താൽ പറക്കും. വെറും 3.9 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും റിവോൾട്ട് RVX ഇവിക്ക് സാധിക്കുന്നതാണ്. ബൂസ്റ്റ് മോഡിൽ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പരമാവധി വേഗം 90 കിലോമീറ്ററായും കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററി പൂർണമായും ചാർജ് ചെയ്‌താൽ 160 കിലോമീറ്റർ IDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 80 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നതും പ്ലസ് പോയിന്റാണ്. 3.5 ഇഞ്ച് IP67 റേറ്റഡ് PMVA ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടെലിമാറ്റിക്സ്, ഓവർ-ദി-എയർ അപ്ഡേറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളും ബൈക്കിന്റെ ഭാഗമാണ്.
ജിയോഫെൻസിംഗ്, കോൾ ആൻഡ് മെസേജ് നോട്ടിഫിക്കേഷനുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിവേഴ്സ് മോഡ്, വാക്ക് അസിസ്റ്റ്, ഇമ്മൊബിലൈസർ, വെഹിക്കിൾ ലൊക്കേറ്റർ എന്നിവയാണ് റിവോൾട്ട് RVX ഇലക്ട്രിക് ബൈക്കിലെ മറ്റ് സവിശേഷതകൾ. ബൂസ്റ്റ്, സ്പോർട്ട്, സിറ്റി, ഇക്കോ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും ഇവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുന്നിൽ USD ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് RVX ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications