അൾട്രാലയലിറ്റിനെ ഷോക്കടിപ്പിക്കാൻ പുത്തൻ ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്കുമായി ഇന്ത്യൻ കമ്പനി നാളെ എത്തും
ബൈക്ക് എന്ന സങ്കൽപ്പത്തെ തന്നെ പൊളിച്ചെഴുതി വൈദ്യുത ഇരുചക്ര വാഹന രംഗത്തേക്ക് എത്തിയവരാണ് റിവോൾട്ട് മോട്ടോർസ്. ഇലക്‌ട്രിക് മോട്ടോർസൈക്കിൾ എങ്ങനെയായിരിക്കുമെന്ന് ഇന്ത്യക്കാരെ കാണിച്ചു തന്ന രത്തൻഇന്ത്യ എൻ്റർപ്രൈസസിന്റെ കീഴിലുള്ള ബ്രാൻഡ് സാധാരണക്കാർക്ക് വേണ്ടി മൂന്നോളം മോഡലുകളാണ് ഇപ്പോൾ വിപണനത്തിന് എത്തിക്കുന്നത്. ഇപ്പോഴിതാ 2026 ജൂലൈ 2-ന് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി തങ്ങളുടെ ഇവി നിര വിപുലീകരിക്കാൻ പദ്ധതിയിടുകയാണ് ബ്രാൻഡ്. എന്നാൽ നാളെ അവതരിപ്പിക്കാൻ പോവുന്ന മോഡൽ ഏതാവുമെന്ന കാര്യം മാത്രം ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവോൾട്ട് വ്യക്തമാക്കിയിട്ടില്ല.
പുതിയ ഇവി ഏതാവുമെന്ന കാര്യം സർപ്രൈസാക്കി വെച്ചിരിക്കുകയാണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കമ്പനി പുത്തൻ ഇലക്ട്രിക് ബൈക്കിന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. റിവോൾട്ടിന്റെ നിലവിലെ നിരയിൽ RV1, RV1 പ്ലസ്, RV ബ്ലേസ്X കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളും RV400 BRZ, RV400 എന്നീ പെർഫോമൻസ് അധിഷ്ഠിത മോഡലുകളുമാണ് ഉൾപ്പെടുന്നത്. മെച്ചപ്പെട്ട റേഞ്ച്, പെർഫോമൻസ്, സ്മാർട്ട് സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റിവോൾട്ട് ഈ വർഷം നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാനിരിക്കുകയാണ്.

ഇതിൽ ആദ്യ മോഡലാവും നാളെ വിപണിയിലേക്ക് വരാനിരിക്കുന്നത്. മൈ റിവോൾട്ട് ആപ്പ് വഴി സ്മാർട്ട്‌ഫോണുകളുമായി ജോടിയാക്കാൻ കഴിയുന്ന AI പ്രാപ്തമാക്കിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ബ്രാൻഡ് ഇതിനകം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് റൈഡർമാർക്കായി കൂടുതൽ സൗകര്യവും കണക്റ്റഡ് സവിശേഷതകളും ചേർക്കുന്നുണ്ട്. അങ്ങനെ ഭാവി ഭദ്രമാക്കിക്കൊണ്ടുള്ള വമ്പൻ നീക്കങ്ങൾ രത്തൻഇന്ത്യ എൻ്റർപ്രൈസസിന്റെ കീഴിലുള്ള ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.
ടീസർ ചിത്രങ്ങളിലെ രൂപഘടന അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ വരാനിരിക്കുന്ന മോട്ടോർസൈക്കിൾ നിലവിലുള്ള റിവോൾട്ട് RV400 ഇവിയുടെ നവീകരിച്ച പതിപ്പോ അല്ലെങ്കിൽ പൂർണമായും പുതിയൊരു ഫ്ലാഗ്ഷിപ്പ് മോഡലോ ആകാം. ഡിസൈൻ ഉയരം കൂടിയതും, ഷാപ്പും, കൂടുതൽ ആക്രമണാത്മകവുമായി കാണപ്പെടുന്നുണ്ട്. ഇത് ഒരു പ്രീമിയം സ്‌പോർട്ടി ഇലക്ട്രിക് മോട്ടോർസൈക്കിളാകാമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്.

അൾട്രാവയലറ്റ് F77 പെർഫോമൻസ് ഇലക്ട്രിക് ബൈക്കിനെ നേരിടാൻ റിവോൾട്ട് അണിയറയിൽ ഒരു മോഡൽ ഒരുക്കുന്നുണ്ടെന്ന വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. നാളെ പുറത്തിറങ്ങാൻ പോവുന്നത് ഇതുവല്ലതുമാണെങ്കിൽ എതിരാളികൾ വിറയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ടീസറിലൂടെ കാണുന്ന ഇവിയുടെ ഹൈ ലിഫ്റ്റ് ടെയിൽ സെക്ഷനും റെയ്‌സ്‌ഡ് മിററുകളും ഒരു സ്പോർട്ടി മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കിയുള്ള രൂപത്തെയാണ് സൂചിപ്പിക്കുന്നത്.
റിവോൾട്ടിന്റെ മോട്ടോർസൈക്കിളുകളിൽ AI പ്രാപ്തമാക്കിയ സവിശേഷതകളുള്ളതിനാൽ ആളുകളെ കറക്കിവീഴ്ത്താനും ബ്രാൻഡിന് എളുപ്പത്തിൽ സാധിക്കുന്നതായിരിക്കും. കൂടാതെ റോഡ് പ്രസൻസും റൈഡർ സേഫ്റ്റിയും മെച്ചപ്പെടുത്തുന്നതിന് നാല് കൃത്രിമ സൌണ്ട് മോഡുകളും ഇവികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പരമ്പരാഗത പെട്രോൾ പവർ ബൈക്ക് പോലെ ഇവി തോന്നിപ്പിക്കുന്നതിനാണ് ഈ ശബ്ദങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വരാനിരിക്കുന്ന മോഡലിൽ വാട്ടർപ്രൂഫ്, ഷോക്ക് പ്രൂഫ്, ഡമേജ് റസിസ്റ്റൻസ്, എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി പായ്ക്കുകൾ എന്നിവയെല്ലാം റിവോൾട്ട് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അൾട്രാ-ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുകയും നിലവിലുള്ള ലൈനപ്പിനേക്കാൾ മെച്ചപ്പെട്ട റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്‌തേക്കാം. റിവോൾട്ടിന്റെ എൻട്രി ലെവൽ RV1 99,999 രൂപയിൽ ആരംഭിക്കുന്നത്.
അതേസമയം RV1 പ്ലസിന്റെ വില 1,04,999 രൂപയിൽ നിന്നുമാണ് ആരംഭിക്കുന്നത്. റിവോൾട്ട് RV ബ്ലേസ് X ഇവിയുടെ എക്സ്ഷോറൂം വില 1,19,990 രൂപയും, RV400 BRZ മോഡലിന്റെ വില 1,29,950 രൂപയും, ടോപ്പ്-സ്പെക്ക് RV400 ഇവിയുടെ ഇന്ത്യയിലെ വില 1,39,950 രൂപയുമാണ് വരുന്നത്. പുതിയ മോഡൽ കൂടിയെത്തുമ്പോൾ ബ്രാൻഡിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടും. അൾട്രാവയലറ്റ് F77 ബൈക്കിന് എതിരാളിയായ സ്പോർട്‌സ് ഇലക്ട്രിക് ബൈക്കാണെങ്കിൽ റിവോൾട്ടിന്റെ ഇമേജും വർധിക്കുന്നതായിരിക്കും.


Click it and Unblock the Notifications