വിറയലില്ലാത്ത വികാരം, ഏറ്റവും പവർഫുൾ ബുള്ളറ്റ് വിപണിയിൽ; 650 സിസി മോഡലിന്റെ വിലയും കൊള്ളാം
മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ കിങായ റോയൽ എൻഫീൽഡ് തങ്ങളുടെ 350 നിര പോലെ 650 നിരയും പടുത്തുയർത്തിക്കൊണ്ടിരിക്കുകയാണ്. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, ക്ലാസിക്, ഷോട്ട്ഗൺ, സൂപ്പർ മീറ്റിയോർ, ബെയർ തുടങ്ങിയ ആറോളം മോഡലുകളെ പാരലൽ ട്വൻ എഞ്ചിൻ നൽകി ഇതിനോടകം റെട്രോ ക്ലാസിക് ബ്രാൻഡ് അണിനിരത്തിയിട്ടുണ്ട്. ഇതിന് പുറമെ കൾട്ട് ക്ലാസിക് ബുള്ളറ്റിന്റെ 650 (Royal Enfield Bullet 650) പതിപ്പും കൂടി ബ്രാൻഡ് നിരയിലേക്ക് എത്തിയിരിക്കുകയാണ്. കുറച്ച്കാലമായി ആളുകൾ കാത്തിരു മോഡൽ ചില കാരണങ്ങളാൽ വൈകിയാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
ബ്രാൻഡിന്റെ 650 നിരയിലെ എൻട്രി ലെവൽ മോഡലായിട്ടാണ് ബുള്ളറ്റ് 650 സ്ഥാനം പിടിച്ചിരിക്കുന്നത്. ഒമ്പത് പതിറ്റാണ്ടിലേറെയായി ബുള്ളറ്റ് വിപണിയിലുണ്ടെങ്കിലും ഇത്രയും വലിയ ശേഷി എഞ്ചിനോടെ ബുള്ളറ്റ് ആദ്യമായാണ് വിപണിയിലെത്തുന്നത്. 3,64,856 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ആശാൻ എത്തിയിരിക്കുന്നത്. ഓൾഡ് സ്കൂൾ സ്റ്റൈലിംഗ് പിന്തുടർന്നാണ് പണിതിറക്കുന്നതെങ്കിലും അത്യാവിശ്യം വേണ്ടുന്ന മോഡേൺ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നത് രസകരമായ കാര്യമാണ്.

കൈകൊണ്ട് വരച്ച റിയർസ്ട്രൈപ്പുകളുള്ള ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വിങഡ് ബാഡ്ജ്, ടൈഗർ-ഐ പൈലറ്റ് ലാമ്പുകളുള്ള കാസ്‌ക്വെറ്റ്-മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പ് എന്നിവല്ലാമാണ് ഡിസൈനിലെ ഹൈലൈറ്റുകൾ. മാറ്റേകാനായി ബാറ്റിൽഷിപ്പ് ബ്ലൂ, കാനൺ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ബുള്ളറ്റ് 650 അവതരിപ്പിച്ചിരിക്കുന്നത്. രണ്ടിനും ഒരേ വിലയാണെന്നതും ശ്രദ്ധേയമായ കാര്യമാണ് കേട്ടോ.
എൽഇഡി ലൈറ്റിംഗ്, ട്രിപ്പർ നാവിഗേഷൻ സപ്പോർട്ട്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട് എന്നിവയാണ് മോഡലിലെ പ്രധാന ഫീച്ചറുകൾ. ബുള്ളറ്റ് 650 പതിപ്പിന് ഫാക്ടറി ഫിറ്റഡ് ആക്‌സസറികളുടെ വിപുലമായ ശ്രേണിയും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നതായിരിക്കും. ഇത് കസ്റ്റമൈസേഷൻ ഇഷ്ടപ്പെടുന്നവർക്ക് വലിയ അനുഗ്രഹമായിരിക്കും. എഞ്ചിൻ ഗാർഡ്, ഫോഗ് ലാമ്പുകൾ, സമ്പ് ഗാർഡ്, സോഫ്റ്റ് ലഗേജ് സാഡിൽ ബാഗുകൾ, ടൂറിംഗ് സീറ്റ്, പില്യൺ ബാക്ക്‌റെസ്റ്റ് എന്നിവയായിരിക്കും ആക്‌സസറികളിൽ ഉൾപ്പെടുക.

ഇതുവഴി വാങ്ങുന്നവർക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ബൈക്ക് കസ്റ്റമൈസ് ചെയ്യാനാവും. 14.8 ലിറ്റർ ഫ്യുവൽ ടാങ്ക്, 800 mm സീറ്റ് ഹൈറ്റ്, ഏകദേശം 243 കിലോഗ്രാം ഭാരം എന്നിവയാണ് ബൈക്കിലെ മറ്റ് കാര്യങ്ങൾ. പരീക്ഷിച്ചു വിജയിച്ച 648 സിസി, എയർ ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ ബുള്ളറ്റിന് തുടിപ്പേകാൻ എത്തുക. ബൈക്കിൻ്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് എഞ്ചിൻ റീട്യൂൺ ചെയ്തിട്ടുണ്ട്
സുഗമമായ പവർ ഡെലിവറിക്കും ശക്തമായ മിഡ്-റേഞ്ച് പെർഫോമൻസിനും പേരുകേട്ട ഇത് 7,250 ആർപിഎമ്മിൽ 47 bhp കരുത്തും 5,650 ആർപിഎമ്മിൽ 52.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കുകയും ചെയ്യും. 6 സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചും മോട്ടോർ ഘടിപ്പിച്ചിരിക്കുന്നതിനാൽ സുഗമമായ പെർഫോമൻസിനൊപ്പം ഹാൻഡിലിംഗും മികച്ചതാവുമെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്. ഷാസിയുടെ കാര്യം വരുമ്പോൾ മോട്ടോർസൈക്കിളിൽ സ്റ്റീൽ ട്യൂബുലാർ സ്പൈൻ ഫ്രെയിം, ഷോവ സസ്പെൻഷൻ എന്നിവ ഉപയോഗിച്ചാണ് ബുള്ളറ്റ് 650 നിർമിച്ചിരിക്കുന്നത്.

ട്യൂബ്-ടൈപ്പ് ടയറുകളുള്ള വയർ-സ്പോക്ക് വീലുകളിലാണ് ടൂവീലർ വിപണിയിലേക്ക് എത്തുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബുള്ളറ്റ് 650 മോഡലിന്റെ സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ ഉപോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയെല്ലാമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications