പെട്രോളേ ഗുഡ്ബൈ, 154 KM റേഞ്ചുള്ള റോയൽ എൻഫീൽഡ് ഇലക്‌ട്രിക് ബൈക്കിന്റെ താക്കോൽ കൊടുത്ത് തുടങ്ങി
ഇന്ത്യയിലെ നിശബ്‌ദ വിപ്ലവത്തിന് ചുക്കാൻ പിടിക്കാൻ രാജ്യത്തെ പ്രമുഖ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡും ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവെച്ചത് അടുത്തിടെയായിരുന്നു. ടിവിഎസ്, ബജാജ്, ഹീറോ മോട്ടോകോർപ്, ഹോണ്ട, സുസുക്കി, യമഹ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്ക് പിന്നാലെ റെട്രോ ബ്രാൻഡ് കൂടി കളത്തിലേക്ക് ഇറങ്ങുമ്പോൾ കുടുകുടു ശബ്‌ദം കൊണ്ട് പ്രകമ്പനം കൊള്ളിച്ചിരുന്ന എൻഫീൽഡും പതിയെ ഭാവി മൊബിലിറ്റിയിലേക്ക് കണ്ണോടിച്ചിരിക്കുകയാണ്. ഷോക്കടിപ്പിക്കാത്ത വിലയും ഫുൾ ചാർജിൽ 154 KM റേഞ്ചും നൽകുന്ന ഫ്ലയിംഗ് ഫ്ലീ C6 ഇവിയാണ് ബ്രാൻഡിന്റേതായി ആദ്യം വിപണിയിലെത്തിയത്.
ഇപ്പോഴിതാ കാത്തിരിപ്പുകളൊക്കെ അവസാനിപ്പിച്ച് ഇലക്ട്രിക് ബൈക്കുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഫ്ലയിംഗ് ഫ്ലീ C6 ഇവിയുടെ ഉപഭോക്തൃ ഡെലിവറികൾ ബെംഗളൂരുവിലാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഇതിന് ശേഷം ഘട്ടംഘട്ടമായി രാജ്യമാകെ തുടങ്ങാനാണ് എൻഫീൽഡിന്റെ പദ്ധതി. 2.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് ബൈക്ക് വിപണിയിലെത്തിയിരിക്കുന്നതും.

വില കൂടുതലാണല്ലോയെന്ന് ചിന്തിക്കുന്നവർക്കായി ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലിന് കീഴിലും ഫ്ലയിംഗ് ഫ്ലീ C6 ഇവി സ്വന്തമാക്കാനാവും. ഇത്തരത്തിൽ റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് ബൈക്ക് വാങ്ങാനാണെങ്കിൽ വെറും 1.99 ലക്ഷം രൂപ മുടക്കിയാൽ മതിയാവും. സ്റ്റോം ബ്ലാക്ക്, ഫ്ലീ ഗ്രീൻ എന്നിങ്ങനെ രണ്ട് കിടിലൻ ക്ലാസിക് കളർ ഓപ്ഷനുകളിലാണ് മോഡൽ ഇപ്പോൾ തെരഞ്ഞെടുക്കാനാവുക.
ഡെലിവറിക്ക് പുറമേ ബെംഗളൂരുവിൽ ഒരു സമർപ്പിത ഓണർഷിപ്പ്, സർവീസ് ഇക്കോസിസ്റ്റവും ഫ്ലയിംഗ് ഫ്ലീക്കായി റോയൽ എൻഫീൽഡ് സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലുടനീളം സർവീസും സപ്പോർട്ടും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി ഒരു ഹബ്-ആൻഡ്-സ്‌പോക്ക് സർവീസ് ശൃംഖല ആരംഭിച്ചിട്ടുണ്ട്. പ്രധാന ഹബ് സർവീസ് സെന്റർ ബിടിഎം ലേഔട്ടിലാണ് സ്ഥിതി ചെയ്യുന്നത്. എയർ-കൂൾഡ് സജ്ജീകരണം ഉൾക്കൊള്ളുന്ന 3.91 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് C6 ഇവിയുടെ ഹൃദയം.

സെഗ്‌മെന്റ്-ഫസ്റ്റ് മഗ്നീഷ്യം അലോയ് കേസിംഗിലാണ് ബൈക്ക് സ്ഥാപിച്ചിരിക്കുന്നത്. 20.6 bhp പവറിൽ പരമാവധി 60 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്. ടൂ-സ്റ്റേജ് ബെൽറ്റ് ഡ്രൈവ് സിസ്റ്റം വഴിയാണ് ബാറ്ററി പവർ നൽകുന്നത്. അതേസമയം മോട്ടോർ കൺട്രോൾ യൂണിറ്റുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് ബൈക്കിന് മണിക്കൂറിൽ പരമാവധി 115 കിലോമീറ്റർ വേഗമാണ് കമ്പനി അവകാശപ്പെടുന്നത്.
വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഫ്ലയിംഗ് ഫ്ലീയ്ക്ക് സാധിക്കും. പൂർണമായി ചാർജ് ചെയ്താൽ 154 കിലോമീറ്റർ ഐഡിസി റേഞ്ചാണ് ഇലക്ട്രിക് ബൈക്കിന് നൽകാനാവും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ സാധാരണ ആംബിയന്റ് സാഹചര്യങ്ങളിൽ ബാറ്ററി 0 മുതൽ 100 ശതമാനം വരെ റീചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ 16 മിനിറ്റ് സമയം മാത്രം മതിയാവും.

എന്നാൽ 20 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ ഏകദേശം 65 മിനിറ്റ് മാത്രം മതി. റാപ്പിഡ്, സ്റ്റാൻഡേർഡ്, ട്രിക്കിൾ ചാർജിംഗ് എന്നിവയുൾപ്പെടെ ഒന്നിലധികം ചാർജിംഗ് മോഡുകൾ സിസ്റ്റം പിന്തുണയ്ക്കുന്നുമുണ്ടേ. കൂടാതെ ഒരു ഓൺബോർഡ് ചാർജർ ഉപയോഗിച്ച് ഒരു യൂണിവേഴ്സൽ വാൾ ഔട്ട്‌ലെറ്റിലേക്ക് എളുപ്പത്തിൽ പ്ലഗ് ചെയ്യാനും കഴിയും. ഫീച്ചറുകളിലും മിടുക്കാനായാണ് ഇവിയുടെ വരവ് എന്നത് യൂത്തിനെ വരെ കൈയിലെടുക്കുന്ന കാര്യമാണ്.
റോയൽ എൻഫീൽഡ്. ഫ്ലയിംഗ് ഫ്ലീ C6 ഇവിയിൽ ടച്ച് ഫംഗ്ഷണാലിറ്റിയുള്ള 3.5 ഇഞ്ച് കളർ TFT ഡിസ്‌പ്ലേ, USB-C ചാർജിംഗ്, വയർലെസ് ഫോൺ ചാർജിംഗ്, ഇലക്ട്രോണിക് ഹാൻഡിൽബാർ ലോക്ക് എന്നീ ഫീച്ചറുകളാണ് ഒരുക്കിവെച്ചിരിക്കുന്നത്. ലീൻ-ആംഗിൾ സെൻസിറ്റീവ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ടിപ്പ്-ഓവർ അലേർട്ട് സിസ്റ്റവും കൂടുതൽ സുരക്ഷയ്ക്കായി ലൊക്കേഷൻ ഷെയറിംഗ് ഫീച്ചറും ഇലക്ട്രിക് ബൈക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications