ഇനി ഇഷ്‌ടപ്പെട്ടത് കിട്ടിയെന്ന് വരില്ല, എൻഫീൽഡിൻ്റെ 450 സിസി ബൈക്കിലേക്ക് മാറ്റങ്ങളുമായി കമ്പനി
യൂത്തൻമാരുടെ ഇടയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇരുചക്ര വാഹന നിർമാതാക്കളാണ് റോയൽ എൻഫീൽഡ് (Royal Enfield). വികാരവും വിറയലും എല്ലാമായി കുടുകുടു ശബ്‌ദത്തിൽ പാഞ്ഞിരുന്ന എൻഫീൽഡുകൾ വയസൻമാരുടെ ബ്രാൻഡായി പലരും മുദ്രകുത്തിയിരുന്നു. എന്നാൽ അവിടുന്ന് ഹിമാലയൻ, കോണ്ടിനെൻ്റൽ ജിടി, ഇൻ്റർസെപ്റ്റർ, ഹണ്ടർ, ഗറില്ല (Guerrilla), സ്ക്രാം തുടങ്ങിയ ഇടിവെട്ട് മോഡലുകളിലൂടെ ചെറുപ്പക്കാരുടെ മനസിൽ കയറിക്കൂടുകയായിരുന്നു എൻഫീൽഡ്. 350 സിസി മുതൽ 650 സിസി വരെയുള്ള മിഡ്-കപ്പാസിറ്റി ഇരുചക്ര വാഹന രംഗത്ത് വിപ്ലവം രചിച്ച് കമ്പനി കുതിക്കുകയാണ്.
ന്യൂജെൻ ഹിമാലയൻ 450 ജനങ്ങൾ ഏറ്റെടുത്തതോടെ 450 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോട്ടോർസൈക്കിളിനും കമ്പനി അധികം വൈകാതെ രൂപം കൊടുത്തിരുന്നു. സൂപ്പർ നേക്കഡ് ബൈക്കുകളെ അനുസ്‌മരിപ്പിക്കുന്ന സ്റ്റൈലുമായി എത്തിയ ഗറില്ല 450 വലിയ ഹിറ്റാണ് സൃഷ്‌ടിച്ചത്. നിയോ-റെട്രോ റോഡ്‌സ്റ്ററായി ഡിസൈൻ ചെയ്‌ത മോഡൽ നിരവധി നിറങ്ങളിൽ വാഗ്‌ദാനം ചെയ്‌താണ് എൻഫീൽഡ് കാര്യങ്ങൾ കിടിലമാക്കിയത്.

എന്നാൽ ഇപ്പോഴിതാ ഗറില്ല 450 നിരയിലെ മൂന്ന് കളർ ഓപ്ഷനുകൾ നിർത്തലാക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. നിർമാതാവ് അവരുടെ വെബ്‌സൈറ്റിൽ നിന്ന് യെല്ലോ റിബൺ നിറം നീക്കം ചെയ്തുവെന്ന് ബൈക്ക്‌വാലെയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അതേസമയം പ്ലായ ബ്ലാക്ക്, ഗോൾഡ് ഡിപ്പ് എന്നിവ ഇപ്പോഴും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ രണ്ട് നിറങ്ങളുടെയും സ്റ്റോക്കുകൾ ഇപ്പോഴും ഡീലർമാരുടെ പക്കലുണ്ടാകാം.
താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇരുനിറങ്ങളുടേയും ലഭ്യത പരിശോധിക്കാൻ അവരുടെ അടുത്തുള്ള ഡീലർഷിപ്പുകളിൽ ബന്ധപ്പെടാം. ഗറില്ല 450 ഫ്ലാഷ് വേരിയൻ്റിൽ ലഭ്യമായിരുന്ന യെല്ലോ റിബൺ ഓപ്ഷനും റോയൽ എൻഫീൽഡ് നിർത്തലാക്കിയതായാണ് സൂചന. പർപ്പിൾ ഗ്രാഫിക്സുള്ള ഡ്യുവൽ-ടോൺ ബ്ലാക്ക്, യെല്ലോ ഫിനിഷ് വാങ്ങാൻ ആളെത്താതിരുന്നതാവാം നിർത്തലാക്കാൻ കാരണമായത്. ശരിക്കും യൂത്ത്ഫുൾ കളറായിരുന്നു ഇത്.

റോയൽ എൻഫീൽഡ് ഗറില്ല 450 ഡാഷ് വേരിയൻ്റിലെ പ്ലായ ബ്ലാക്ക്, ഗോൾഡ് ഡിപ്പ് കളർ ഓപ്ഷനുകളും ബൈക്കിൻ്റെ നിരയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2026 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുടെ ഭാഗമായി പുതിയ നിറങ്ങൾ നിയോ-റെട്രോ റോഡ്‌സ്റ്ററിലേക്ക് അധികം വൈകാതെ അവതരിപ്പിച്ചേക്കാം. ഗറില്ലയുടെ അനലോഗ് വേരിയൻ്റ് ഇപ്പോൾ സ്മോക്ക് സിൽവർ കളർ ഓപ്ഷനിൽ മാത്രമാണ് തെരഞ്ഞെടുക്കാനാവുക.
ഇതിന് 2,56,387 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഗറില്ല 450 ഡാഷ് വേരിയൻ്റിൽ പീക്‌സ് ബ്രോൺസ്, ഷാഡോ ആഷ് നിറങ്ങളിലാണ് വാങ്ങാനാവുക. ഇതിന് 2,67,116 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ടോപ്പ് എൻഡ് ഫ്ലാഷ് ഇപ്പോൾ 2,72,479 രൂപ വിലയുള്ള ബ്രാവ ബ്ലൂവിലാണ് വാങ്ങാനാവുക. മൂന്ന് നിറങ്ങൾ ഒഴിവാക്കിയെങ്കിലും മോട്ടോർസൈക്കിളിന് മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

2,134 mm നീളവും 834 mm വീതിയും 1,115 mm ഉയരവുമുള്ള മോട്ടോർസൈക്കിളിന് 1,491 mm വീൽബേസ് നീളവും 183 കിലോഗ്രാം ഭാരവുമുള്ള റോയൽ എൻഫീൽഡ് ഗറില്ലയ്ക്ക് ഹിമാലയനിലെ അതേ 452 സിസി സിംഗിൾ സിലിണ്ടർ DOHC 4V ലിക്വിഡ്-കൂൾഡ് ഷെർപ 450 എഞ്ചിനാണ് തുടിപ്പേകാൻ എത്തുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 40 bhp പവറിൽ 40 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഗൂഗിൾ മാപ്‌സ്, മ്യൂസിക് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ബൈക്കിലുണ്ട്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, റൗണ്ട് ട്രിപ്പർ ഡാഷ്ബോർഡ്, റൗണ്ട് വിംഗ് മിററുകൾ, ടേൺ ഇൻഡിക്കേറ്ററുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലൈറ്റുകൾ, ക്ലാസിക് ഫ്യുവൽ ടാങ്ക് ഡിസൈൻ, ഫോർക്ക് ഗെയ്‌റ്ററുകൾ, അലോയ് വീലുകൾ, സിൽവർ ബൈ സ്റ്റൈലിഷ് ബോഡി പാനലുകൾ എന്നിവയാണ് റോയൽ എൻഫീൽഡ് ഗറില്ലയിലെ മറ്റ് പ്രത്യേകതകൾ.


Click it and Unblock the Notifications








