ഇനി ഉപയോഗിക്കാൻ കൂടുതൽ എളുപ്പം, ഹിമാലയൻ മുമ്പ് വാങ്ങിയവർക്കും ഉപകാരപ്പെടുന്ന മാറ്റവുമായി എൻഫീൽഡ്
യൂത്തൻമാർക്കിടയിൽ വമ്പൻ പ്രശസ്‌തിയുമായി മുന്നേറുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. പണ്ട് വൈബ്രേഷനും തകരാറുകളും കാരണം പലരും പൊറുതിമുട്ടിയിട്ടുണ്ടെങ്കിലും എൻഫീൽഡിൻ്റെ മോഡേൺ ബൈക്കുകളെല്ലാം ഇക്കാര്യത്തിൽ മിടുക്കൻമാരായിട്ടുണ്ട്. ഉപഭോക്താക്കളുടെ ഫീഡ്ബാക്കിന് അനുസരിച്ച് മോഡലുകളിൽ മാറ്റങ്ങൾ കൊണ്ടുവരാനും ബ്രാൻഡ് പ്രത്യേകം ശ്രമിക്കാറുണ്ട്. പുതിയ ഹണ്ടർ പുറത്തിറക്കിയപ്പോൾ മോശം അഭിപ്രായങ്ങൾ ലഭിച്ച റിയർ സസ്പെൻഷൻ എല്ലാം മാറ്റിയത് ഇതിന് ഉദാഹരമാണ്. അതുപോലൊരു മാറ്റം ഇപ്പോഴിതാ ഹിമാലയൻ 450 അഡ്വഞ്ചർ ടൂററിലേക്കും (Royal Enfield Himalayan 450 Adventure Tourer) അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
പുതിയ ഹിമാലയൻ 450 വാങ്ങിയ പലരും അതിൻ്റെ സൈഡ് സ്റ്റാൻഡ് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലരും കമ്പനിയോട് പരാതി പറയുകയും ചെയ്‌തിരുന്നു. ഇതിന് പരിഹാരവുമായിട്ടാണ് റോയൽ എൻഫീൽഡ് എത്തിയിരിക്കുന്നത്. അതും നീളമുള്ള പുതിയ സൈഡ് സ്റ്റാൻഡ് അവതരിപ്പിച്ച് ബൈക്കിനെ നവീകരിച്ചിരിക്കുകയാണ്. നേരത്തെ നീളം കുറഞ്ഞ സൈഡ് സ്റ്റാൻഡ് കാരണം ആളുകൾ ഏറെ ബുദ്ധിമുട്ടിയിരുന്നു.

ഉയരക്കുറവ് കാരണം സ്റ്റാൻഡിൽ വെക്കുമ്പോൾ നന്നായി ചരിഞ്ഞായിരുന്നു ബൈക്ക് ഇരിക്കുന്നത്. സ്റ്റാൻഡിൽ നിന്നും തിരിച്ച് നിവർത്താൻ ശ്രമിക്കുമ്പോൾ ഹിമാലയൻ്റെ ഉയർന്ന ഭാരം പലർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. നീളം കൂടിയ സൈഡ് സ്റ്റാൻഡിൻ്റെ വരവോട് കൂടി ഈ ബുദ്ധിമുട്ടിൽ നിന്നും മുക്തി ലഭിക്കും. നിലവിലെ ഉടമകൾക്കും അധിക പണം നൽകി ഇതിലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും.
നിലവിലുള്ള ഹിമാലയൻ 450 ഉടമകൾക്ക് അംഗീകൃത റോയൽ എൻഫീൽഡ് സർവീസ് സെന്ററുകൾ വഴി പുതിയ സൈഡ് സ്റ്റാൻഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുമെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ എൻഫീൽഡിൻ്റെ എല്ലാ ഡീലർഷിപ്പുകളിലും ഇതുവരെ പുതിയ സൈഡ് സ്റ്റാൻഡിൻ്റെ സ്റ്റോക്ക് എത്തിയിട്ടില്ലെന്നതും യാഥാർഥ്യമാണ്. പുതിയ സൈഡ് സ്റ്റാൻഡിന്റെ വില 3,250 രൂപയാണ് കേട്ടോ.

ഇതൊഴികെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് മറ്റ് മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല. 451.65 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 സിസി പതിപ്പിൻ്റെ ഹൃദയം. റൈഡ്-ബൈ-വയര്‍ സംവിധാനമുള്ള ഇലക്ട്രോണിക് ഫ്യുവല്‍ ഇന്‍ജക്ഷനും 6 സ്പീഡ് ഗിയര്‍ബോക്സും സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 39.5 bhp പവറിൽ പരമാവധി 40 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും.
ഫീച്ചറുകളിലേക്ക് നോക്കിയാൽ ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ചുള്ള നാവിഗേഷന്‍, റൈഡ് മോഡുകള്‍, മീഡിയ കണ്‍ട്രോള്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന 4 ഇഞ്ച് റൗണ്ട് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ബൈക്കിലെ പ്രധാന ആകർഷണം. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയില്‍ ലാമ്പായി പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഇന്‍ഡിക്കേറ്ററുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ ലഭിക്കുന്നതാണ്.

3.05 ലക്ഷം രൂപയാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 450 അഡ്വഞ്ചറിൻ്റെ വില. സ്റ്റാൻഡേർഡ് മോഡൽ കൂടാതെ 3.37 ലക്ഷം രൂപ വില വരുന്ന മനാ ബ്ലാക്ക് എഡിഷനും മോട്ടോർസൈക്കിളിലുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള മനാ പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമാണ് മാനാ. ഇന്ത്യയും ടിബറ്റും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം അതി സാഹസികര്‍ക്കു മാത്രം ജീവന്‍ പണയംവെച്ച് എത്തിപ്പെടുവാന്‍ സാധിക്കുന്ന ഇടം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 5610 മീറ്റര്‍ അഥവാ 18406 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള രണ്ടാമത്തെയും ലോകത്തിലെ മൂന്നാമത്തെയും മൗണ്ടന്‍ മോട്ടോറബിള്‍ പാസ് ആണിത്.
ഈ പരുക്കന്‍ ഭൂപ്രദേശത്തിന്റെ സ്വഭാവവും മലമടക്കുകളിലെ സാഹസികതയും ഹിമാലയന്‍ മനാ ബ്ലാക്ക് എഡിഷന്റെ രൂപകല്‍പ്പനയിലും പുതിയ നിറത്തിലും ഉപകരണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. മറ്റ് ഹിമാലയന്‍ മോഡലുകളില്‍ നിന്ന് ഇതിനെ വേറിട്ട് നിര്‍ത്തുന്നത് ആകര്‍ഷകമായ ബ്ലാക്ക് ഡിസൈനാണ്. ബോഡി പാനലുകളിലും മറ്റ് പ്രധാന ഭാഗങ്ങളിലും മാറ്റ് ബ്ലാക്ക് ഫിനിഷ് നല്‍കിയിരിക്കുന്നതും കാണാം. ഫാക്ടറി ഫിറ്റഡ് അഡ്വഞ്ചര്‍ ആക്സസറികളും ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








