കുഞ്ഞൊരു എസ്‌യുവി വാങ്ങുന്ന വിലയാവും, 25 പേർക്ക് മാത്രം വാങ്ങാവുന്ന സ്പെഷ്യൽ ബൈക്കുമായി എൻഫീൽഡ്
പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദവും വിറയലും എല്ലാമായി ആളുകളുടെ വികാരമായിരുന്നു റോയൽ എൻഫീൽഡുകൾ എങ്കിൽ ഇപ്പോൾ ശരിക്കും യങ് ജനറേഷനിടയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നവരാണ് ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ. യൂത്തൻമാരുടെ ഫേവറീറ്റ് ഇരുചക്ര വാഹന നിർമാതാക്കളായി എൻഫീൽഡ് മാറിയിട്ട് കാലം അധികമായില്ലെങ്കിലും ഇപ്പോൾ മിഡ്-കപ്പാസിറ്റി സെഗ്മന്റിലെ തമ്പുരാക്കൻമാരായി വാഴുകയാണ് ഇവർ. ഹിമാലയൻ, ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, ഗറില്ല, ഹണ്ടർ തുടങ്ങിയ മോഡേൺ മോഡലുകളാണ് കമ്പനിക്ക് ഐശ്വര്യം കൊണ്ടുവന്നത്. ഒപ്പം ക്ലാസിക്കു ബുള്ളറ്റും മീറ്റോറും കൂടി ചൂടപ്പം പോലെ വിറ്റഴിയുന്നുമുണ്ട്.
നിലവിൽ തങ്ങളുടെ 650 സിസി ബൈക്ക് നിര വിപുലീകരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട് ബ്രാൻഡ്. 650 സിസി എഞ്ചിൻ വഹിക്കുന്ന ബ്രാൻഡിൽ നിന്നും പുറത്തിറങ്ങിയ നാലാമത്തെ മോട്ടോർസൈക്കിളായായ ഷോട്ട്ഗണ്ണും തന്റേതായ ഇടംകണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ 'കാലിബർ റോയൽ' എന്ന കസ്റ്റം മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാക്ടറി ബിൽറ്റ് ബോബറിന്റെ ലിമിറ്റഡ് എഡിഷൻ ഷോട്ട്ഗൺ 650 x റഫ് ക്രാഫ്റ്റ്സ് പുറത്തിറക്കിയിരിക്കുകയാണ്.

ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനായുള്ള രജിസ്ട്രേഷനും റോയൽ എൻഫീൽഡ് ആരംഭിച്ചിട്ടുണ്ട്. ലോകത്തിനായി വെറും 100 യൂണിറ്റുകളാണ് കമ്പനി നിർമിക്കുക. ഇതിൽ വെറും 25 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യക്കാർക്ക് വാങ്ങിക്കാനാവുക. 5.75 ലക്ഷം രൂപയാണ് ഷോട്ട്ഗൺ 650 x റഫ് ക്രാഫ്റ്റ്സിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2025 EICMA മോട്ടോർഷോയിൽ ആദ്യമായി പ്രദർശിപ്പിച്ച 'കാലിബർ റോയൽ' കസ്റ്റമിൽ നിന്നാണ് ഈ മോട്ടോർസൈക്കിൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
2025-ൽ മോട്ടോവേഴ്‌സിൽ ഇത് പ്രത്യക്ഷപ്പെടുകയും ചെയ്‌തതോടെ പലരും ഇതിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. ലിമിറ്റഡ് എഡിഷൻ പതിപ്പിനായുള്ള രജിസ്ട്രേഷൻ ഇപ്പോൾ റോയൽ എൻഫീൽഡ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിൽപ്പന ജൂലൈ 30-ന് വൈകുന്നേരം 7 മണിക്ക് മുതലാണ് ആരംഭിക്കുകയെന്നും കമ്പനി പറയുന്നു. ആര് കണ്ടാലും നോക്കിപ്പോവുന്ന കിടിലൻ രൂപത്തോടെയാണ് ബൈക്കിന്റെ വരവ്.

ഷോട്ട്ഗൺ 650 x റഫ് ക്രാഫ്റ്റ്സിൽ ഗ്ലോസ് ജെറ്റ് ബ്ലാക്ക്, മാറ്റ് സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിൽ ഗോൾഡൻ ലീഫ് ഡീറ്റെയിലിംഗും ഗ്രേ നിറത്തിലുള്ള ആക്സന്റുകളും ഉണ്ടെന്നതും കാഴ്ച്ചയിൽ രസമായിട്ടുണ്ട്. കാസ്റ്റ് ബ്രാസ് കൊളാബറേഷൻ ബാഡ്ജ്, ഫ്യുവൽ ടാങ്കിൽ ലിമിറ്റഡ് എഡിഷൻ നമ്പറിംഗ്, ബ്ലാക്ക് ബാർ-എൻഡ് മിററുകൾ, ക്വിൽറ്റഡ് ലെതർ സീറ്റ്, കോൺട്രാസ്റ്റ്-കട്ട് അലോയ് വീലുകൾ, ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ ഫോർക്ക് ട്യൂബുകൾ എന്നിവയും ഇതിന് ലഭിക്കുന്നുണ്ട്.
ബൈക്ക് വാങ്ങുന്നവർക്ക് റഫ് ക്രാഫ്റ്റ്സ് സ്ഥാപകൻ വിൻസ്റ്റൺ യെ (Winston Yeh) ഒപ്പിട്ട കാലിബർ റോയൽ സ്കെച്ചിന്റെ നമ്പർ പതിച്ച ആർട്ട് വർക്കും ലഭിക്കുന്നതായിരിക്കും. മെക്കാനിക്കലായി സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമാണ് ഷോട്ട്ഗൺ 650 x റഫ് ക്രാഫ്റ്റ്സ് എഡിഷൻ. അതേ 270 ഡിഗ്രി ഫയറിംഗ് ഓർഡറോട് കൂടിയ 648 സിസി, പാരലൽ ട്വിൻ എഞ്ചിൻ തന്നെയാണ് റഫ് ക്രാഫ്റ്റ്സ് ഡ്രോപ്പ് കസ്റ്റം ബിൽഡ് പതിപ്പിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി വരുന്ന ഇത് 47.8 bhp പവറിൽ പരമാവധി 51 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 795 മില്ലീമീറ്റർ സീറ്റ് ഉയരവും 1,465 മില്ലീമീറ്റർ വീൽബേസുമുള്ള ഷോട്ട്ഗണ്ണിന്റെ സസ്പെൻഷനായി മുൻവശത്ത് പ്രത്യേക ഫംഗ്‌ഷനുള്ള 43 mm ബിഗ് പിസ്റ്റൺ ഷോവ ഫോർക്കുകളും പിന്നിൽ ട്വിൻ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്‌സോർബറുകളുമാണ് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്.
ബ്രേക്കിംഗിനായി മുമ്പിൽ 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഒപ്പം അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും മോട്ടോർസൈക്കിളിലുണ്ടാവും. ഫാക്ടറി ബിൽറ്റ് കസ്റ്റം-ഇൻസ്പയർഡ് ബൈക്കുകൾ തിരയുന്നവരെ ലക്ഷ്യമിട്ടാണ് ലിമിറ്റഡ് എഡിഷൻ ഷോട്ട്ഗൺ 650 പണിതിറക്കുന്നത്. വില വളരെ കൂടുതലാണെങ്കിലും വണ്ടിഭ്രാന്തൻമാർ വാങ്ങാനായി എത്തുമെന്നാണ് അനുമാനം.


Click it and Unblock the Notifications