ടെൻഷൻ വേണ്ട, ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയാൽ 2 വർഷത്തെ അധിക വാറണ്ടി ഫ്രീയായി തരാമെന്ന് സിമ്പിൾ
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ കുത്തൊഴുക്കാണ് ഒരിടയ്ക്ക് കാണാനായത്. ഇതിനിടയിൽ നമ്മുടെ അടുത്തേക്ക് എത്തിയവരാണ് ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ എനർജി. രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസിനും ബജാജിനും ഹീറോ മോട്ടോകോർപ്പും ഇവി വിപണിയിൽ മത്സരിക്കുമ്പോൾ അവർക്കൊപ്പം പിടിച്ചുനിൽക്കാൻ കമ്പനി പല പരീക്ഷണങ്ങൾക്കും തയാറാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വേറിട്ട പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിമ്പിൾ എനർജി. അതും ഇനി മുതൽ ആർക്കും യാതൊരു വിധ ആശങ്കകളുമില്ലാതെ ബ്രാൻഡിലേക്ക് എത്താൻ പാകത്തിനുള്ള പ്രഖ്യാപനമാണ് കമ്പനിയിൽ നിന്നുമുണ്ടായിരിക്കുന്നത്.
സിമ്പിൾ എനർജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങുന്നവർക്ക് സൗജന്യമായി 2 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി നൽകുന്ന സ്‌കീം അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുന്നത്. ഇവികൾ വാങ്ങുന്നവർക്ക് അധിക മൂല്യവും മനസമാധാനവും നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. എന്നാൽ ഇതൊരു ലിമിറ്റഡ് പിരീഡ് ഓഫറായിട്ടാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മാത്രം.

അതായത് 2026 മാർച്ച് 31 വരെ ഏതെങ്കിലും സിമ്പിൾ വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് സൗജന്യമായി രണ്ട് വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി ലഭിക്കും. ശരിക്കും 6,489 രൂപ വില മതിക്കുന്ന ഓഫറാണ് ചുരുങ്ങിയ സമയത്തേക്ക് കമ്പനി ഫ്രീയായി ഉപഭോക്താക്കൾക്ക് നൽകുന്നത്. അഞ്ച് വർഷത്തെ സിമ്പിൾ വൺ വാറണ്ടി പ്ലാനും കമ്പനി അധിക തുകയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. താത്പര്യമുള്ള വാങ്ങുന്നവർക്ക് വ്യത്യസ്ത തുക നൽകി ഇവ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
നിലവിൽ നാല് വ്യത്യസ്‌ത ഇലക്ട്രിക് സ്‌കൂട്ടറുകളാണ് സിമ്പിൾ എനർജി വിപണനത്തിന് എത്തിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് ബ്രാൻഡ് ഈ വർഷം ജനുവരിയിലാണ് തങ്ങളുടെ രണ്ടാം തലമുറ സ്കൂട്ടർ നിര അവതരിപ്പിക്കുന്നത്. സിമ്പിൾ അൾട്ര എന്നൊരു പുത്തൻ വേരിയന്റിനെ കൊണ്ടുവന്നതായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. 400 കിലോമീറ്റർ ഐഡിസി സർട്ടിഫൈഡ് ശ്രേണി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.

6.5 kWh ബാറ്ററിയാണ് സിമ്പിൾ അൾട്ര ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച് ഇന്ത്യയിലെ ഒരു ഇലക്ട്രിക് ടൂവീലറിൽ ഘടിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ ബാറ്ററിയാണിത്. ഇത് പരമാവധി 115 കിലോമീറ്റർ വേഗത വരെ കൈവരിക്കാനും യോഗ്യമാണ്. വെറും 2.77 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത എത്തിപ്പിടിക്കാനും ഇവിക്കാവും. സിമ്പിൾ വൺഎസിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വേഗതയേറിയ മോഡലായി സിമ്പിൾ എനർജി അൾട്രയെ സ്ഥാനപ്പെടുത്തുന്നു.
ജെൻ 2 നിരയിൽ നിലവിലുള്ള മോഡലുകളുടെ പുതുക്കിയ പതിപ്പുകളും ജനുവരിയിൽ വിപണനത്തിന് എത്തിയിരുന്നു. സിമ്പിൾ വൺ ജെൻ 2 രണ്ട് ബാറ്ററി കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇതിൽ 236 കിലോമീറ്റർ റേഞ്ചുള്ള 4.5 kWh വേരിയന്റിന് 1,69,999 രൂപയും സിംഗിൾ ചാർജിൽ 265 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 5 kWh വേരിയന്റിന് 1,77,999 രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്.

സിമ്പിൾ വൺ S ജെൻ 2 പതിപ്പ് 190 കിലോമീറ്റർ റേഞ്ചാണ് ഫുൾ ചാർജിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിന് 1,49,999 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. മുൻ പതിപ്പുകളിൽ നിന്ന് നിരവധി അപ്‌ഗ്രേഡുകൾ ജെൻ 2 മോഡലുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സിമ്പിൾ വൺ വേരിയന്റുകൾക്ക് ഭാരം 8 കിലോഗ്രാം കുറച്ചതോടെ ഇവിയുടെ മൊത്തത്തിലുള്ള ഭാരം 129 കിലോഗ്രാമായി മാറി.
അതേസമയം പീക്ക് മോട്ടോർ പവർ 8.8 കിലോവാട്ടായി ഉയർത്തിയെന്നും സ്റ്റാർട്ടപ്പ് ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്. 1 ലിറ്റർ ഗ്ലോവ് ബോക്സ്, ഡെഡിക്കേറ്റഡ് ചാർജിംഗ് പോർട്ട്, ട്രാക്ഷൻ കൺട്രോൾ, നാല് ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗ്, ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള പുതിയ കൂട്ടിച്ചേർക്കലുകളും കൂടിയാവുമ്പോൾ കൊടുക്കുന്ന കാശിന് സംഭവം വസൂലാവും. സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ് 35 ലിറ്ററായി വികസിപ്പിച്ചപ്പോൾ സീറ്റ് ഹൈറ്റ് 780 മില്ലീമീറ്ററായി കുറക്കുകയും ചെയ്‌ത് കൂടുതൽ പ്രാക്ടിക്കലാക്കുവാനും സാധിച്ചു.


Click it and Unblock the Notifications








