മൈലേജും പവറും ഒന്നിച്ച് കിട്ടും, സുസുക്കി സ്പോർട്ടി സ്‌കൂട്ടറിന്റെ കച്ചോടം കൂടിയത് 271 ശതമാനം
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിക്ക് ഇന്ത്യയിൽ ബ്രേക്ക്ത്രൂ നൽകിയത് ആക്‌സസ് (Suzuki Access) എന്ന 125 സിസി ഗിയർലെസ് സ്‌കൂട്ടറായിരുന്നു. നല്ല മൈലേജും നല്ല പെർഫോമൻസും ഒടുക്കത്തെ പ്രായോഗികതയും എല്ലാമായി തന്റേതായ സ്ഥാനം കണ്ടെത്തിയ ആക്‌സസിന് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം. പിന്നീട് ഇതേ എഞ്ചിൻ ഘടിപ്പിച്ചുകൊണ്ട് കമ്പനി ബർഗ്മാൻ സ്ട്രീറ്റ്, അവെനിസ് എന്നിങ്ങനെ രണ്ട് മോഡലുകൾക്ക് കൂടി രൂപം കൊടുക്കുകയുണ്ടായി. കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും സ്പോർട്ട് സ്‌കൂട്ടർ തിരയുന്നവർക്കുള്ള ഉത്തരമായിരുന്നു സുസുക്കി അവെനിസ് 125 (Suzuki Avenis).
ഹോണ്ട ഡിയോ, ടിവിഎസ് എൻടോർഖ് എന്നിവയ്ക്ക് ശക്തമായ എതിരാളിയായാണ് സുസുക്കി ഇവനെ സ്ഥാപിച്ചതും. നല്ല പെർഫോമൻസും മൈലേജും തരുന്ന എഞ്ചിൻ ഉണ്ടായിരുന്നുവെങ്കിലും ഡിസൈൻ അത്രയ്ക്ക് ആകർഷകമല്ലാതിരുന്നതാണ് അവെനിസിന് തിരിച്ചടിയായത്. എന്നാൽ 2026 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ സ്‌കൂട്ടറിന്റെ വിൽപ്പനയിൽ വമ്പൻ വർധനവാണ് സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ 28 ദിവസത്തിൽ സുസുക്കി അവെനിസ് സ്വന്തമാക്കിയത് 5,127 പേരാണ്. അതായത് 2025 ഫെബ്രുവരി മാസം നിരത്തിലെത്തിച്ച 1,382 യൂണിറ്റുകളേക്കാൾ വമ്പൻ കച്ചോടമാണ് മോഡലിനെ തേടിയെത്തിയതെന്ന് ചുരുക്കം. അങ്ങനെ അവെനിസിന്റെ വാർഷിക വിൽപ്പനയിൽ 271 ശതമാനത്തിന്റെ കൂറ്റൻ വർധനവാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ കരസ്ഥമാക്കിയിരിക്കുന്നത്. ഓടിച്ച് നോക്കിയിട്ടുള്ളവർക്കെല്ലാം കുറ്റംപറയാനില്ലാത്ത 125 സിസി സ്‌കൂട്ടറിനെ തേടി ഒടുവിൽ അംഗീകാരം എത്തിയെന്ന് പറയാം.
നിലവിൽ 83,793 രൂപ മുതൽ 86,177 രൂപ വരെയാണ് സുസുക്കി അവെനിസിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ആക്‌സസിലൂടെ ജനപ്രിയമായ 124.3 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,750 ആർപിഎമ്മിൽ 8.7 bhp കരുത്തും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയുള്ളതിനാൽ പെർഫോമൻസും മൈലേജും ഒരുപോലെ ഉറപ്പാക്കുന്നുമുണ്ട്. എഞ്ചിൻ ഏറ്റവും പുതിയ എമിഷൻ മാനദണ്ഡമായ ബിഎസ്-VI OBD-2B നിലവാരത്തിന് അനുസരിച്ചാണ് പണികഴിച്ചിരിക്കുന്നത്. ഡിസൈൻ പഴയ ഹോണ്ട ഡിയോയെ അനുസ്മരിപ്പിക്കുന്നത് പോലെ ചിലർക്കെങ്കിലും തോന്നിയേക്കാം. എങ്കിലും സുസുക്കിയുടെ തനതായ ശൈലി പിടിച്ചാണ് അവെനിസ് പണികഴിപ്പിച്ചിരിക്കുന്നത്.
ബോഡി-മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്‌പോർട്ടി ഗ്രാഫിക്‌സ് എന്നിവ ഉൾക്കൊള്ളുന്ന ആകർഷകമായ രൂപകൽപ്പനയാണ് സുസുക്കിയുടെ സ്പോർട്ടി 125 സിസി സ്കൂട്ടറിനെ സെഗ്മെന്റിൽ വേറിട്ടു നിർത്തുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ഫ്രണ്ട് ബോക്സ് തുടങ്ങിയവയാണ് വണ്ടിയെ അടിപൊളിയാക്കുന്നുണ്ട് എന്നത് ചെറുപ്പക്കാരെ ആകർഷിക്കുന്ന കാര്യങ്ങളാണ്.

ഒപ്പം എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, നീളമുള്ളതും സ്‌പോർട്ടിയുമായ സ്റ്റെപ്പ് സീറ്റ്, 21.8 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയാണ് സുസുക്കി അവെനിസ് 125 മോഡലിലെ പ്രധാന പ്രായോഗിക സവിശേഷതകൾ. സിറ്റി യാത്രകളിൽ നല്ല റൈഡ് കംഫർട്ടും കൺട്രോളും നൽകുന്നതിനായി സ്കൂട്ടർ ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, കമ്പൈൻഡ് ബ്രേക്ക് സിസ്റ്റം (സിബിഎസ്), സൈഡ് സ്റ്റാൻഡ് ഇന്റർലോക്ക്, 12 ഇഞ്ച് ഫ്രണ്ട് ടയർ എന്നിവയും ഗിയർലെസ് സ്കൂട്ടറിൽ ലഭിക്കുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








