കാറിന്റെ പത്രാസുണ്ട്! 60 KM മൈലേജുള്ള സുസുക്കിയുടെ ഫാമിലി സ്‌കൂട്ടർ ഇതുവരെ വാങ്ങിയത് 14 ലക്ഷം പേർ
ആക്‌സസ് എന്ന കിടിലൻ ഫാമിലി സ്‌കൂട്ടറിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയുടെ നിരയിൽ മറ്റൊരു മിടുക്കൻ മോഡൽ കൂടിയുണ്ട്. മാക്‌സി സ്റ്റൈൽ സ്‌കൂട്ടറായ ബർഗ്മാൻ സ്ട്രീറ്റാണ് അത്. നല്ല മസ്ക്കുലർ ലുക്കും കിടിലൻ പ്രാക്‌ടിക്കാലിറ്റിയുമായി എത്തിയ മസിൽമാനെയും ആളുകൾ നെഞ്ചിലേറ്റിയിട്ടുണ്ട്. യൂത്തൻമാർക്കിടയിലാണ് ആരാധകർ കൂടുതലുള്ളതെങ്കിലും പല കാരണങ്ങളാലും ബർഗ്മാനും നല്ലൊരു ഫാമിലി സ്‌കൂട്ടർ തന്നെയാണ്. ആക്‌സസിലൂടെ കുതിച്ചുപായുന്ന ജാപ്പനീസ് ബ്രാൻഡിന് ബർമാൻ ഇരട്ടക്കരുത്താണ് നൽകുന്നത്. ഇപ്പോഴിതാ മോഡലിന്റെ വിൽപ്പനയിൽ പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് സുസുക്കി.
2018 ജൂലൈയിൽ പുറത്തിറങ്ങിയ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് 125 ഇപ്പോൾ 14 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് മറികടന്നിരിക്കുന്നത്. ആഭ്യന്തര വിൽപ്പനയിൽ സ്കൂട്ടറിന്റെ 11.60 ലക്ഷം യൂണിറ്റുകളും കയറ്റുമതി വിപണികളിൽ 2.50 ലക്ഷം യൂണിറ്റുകളും രേഖപ്പെടുത്തിയതോടെയാണ് മാജിക് നമ്പർ ഈ മാക്‌സി സ്‌കൂട്ടർ താണ്ടിയിരിക്കുന്നത്. 8 വർഷ കാലയളവിനുള്ളിൽ വണ്ടിയുടെ കച്ചോടം ഇതോടെ മൊത്തം വിൽപ്പന 14.10 ലക്ഷം യൂണിറ്റുകളായെന്ന് ഓട്ടോകാർ ഇന്ത്യയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ആക്‌സസ് 125 മോഡലിന് ശേഷം സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‌കൂട്ടറായി ബർഗ്മാൻ സ്ട്രീറ്റ് പേരെടുത്തിട്ടുണ്ട്. വിൽപ്പനയുടെ കാര്യത്തിൽ 2026 സാമ്പത്തിക വർഷം ബർഗ്മാന്റെ ഏറ്റവും ശക്തമായ വർഷമായിരുന്നു. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ 2.87 ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയത്. അങ്ങന ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏഴാമത്തെ ബെസ്റ്റ് സെല്ലിംഗ് സ്‌കൂട്ടറായി ഇത് മാറി.
ഈ കാലയളവിൽ സുസുക്കി ഇന്ത്യയുടെ മൊത്തം സ്കൂട്ടർ വിൽപ്പനയുടെ 25 ശതമാനവും സംഭാവന ചെയ്‌തിരിക്കുന്നത് ബർഗ്മാൻ സ്ട്രീറ്റാണ്. അതേസമയം സുസുക്കി ആക്‌സസ് 125 ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിൽ 70 ശതമാനം വിഹിതവുമായി ആധിപത്യം തുടരുന്നു. അടുത്തിടെ ബർഗ്മാൻ സ്ട്രീറ്റിന്റെ പുതുമോഡലുമായി കമ്പനി വിപണിയിലെത്തിയിരുന്നു. പല കാര്യങ്ങളിലും മുൻഗാമിയേക്കാൾ മിടുക്കനായാണ് മാക്‌സി സ്കൂട്ടർ രൂപമെടുത്തിരിക്കുന്നത്.

2026 സുസുക്കി ബർഗ്മാനിൽ ഡിസൈൻ, ഫീച്ചറുകൾ, കംഫർട്ട്, പെർഫോമൻസ് എന്നിവയിലെല്ലാം പരിഷ്ക്കാരങ്ങൾ കാണാം. പുതുമോഡൽ റൈഡ് കണക്ട് എഡിഷൻ, റൈഡ് കണക്ട് ടിഎഫ്ടി എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വിപണനത്തിന് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 1,01,944 രൂപയും 1,13,220 രൂപയുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന1പ്പം 1,07,902 രൂപയ്ക്ക് പഴയ ബർഗ്മാൻ സ്ട്രീറ്റ് EX വേരിയന്റും സുസുക്കി വിപണനം ചെയ്യുന്നുണ്ട്.
ആദ്യ കാഴ്ച്ചയിൽ പരിചിതമായ ഡിസൈൻ തന്നെയാണ് പിന്തുടർന്നിരിക്കുന്നത് എന്ന് തോന്നുമെങ്കിലും കൂടുതൽ പ്രീമിയം ഫിനിഷും മോഡേൺ തീമുമാണ് ഇപ്പോൾ 2026 ബർഗ്മാൻ സ്ട്രീറ്റിൽ സുസുക്കി അവതരിപ്പിക്കുന്നത്. ഇന്റഗ്രേറ്റഡ് പൊസിഷൻ ലൈറ്റുകളുള്ള ബോഡി-മൗണ്ടഡ് സ്പ്ലിറ്റ് ലെൻസ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, കോംപാക്‌ട് എൽഇഡി ഇൻഡിക്കേറ്ററുകൾ പോലുള്ള മാറ്റങ്ങൾ കിടിലൻ സ്റ്റൈലാണ് സമ്മാനിക്കുന്നത്.

അപ്‌ഡേറ്റ് ചെയ്ത എൽഇഡി ടെയിൽലാമ്പ്, മെറ്റാലിക് ഫിനിഷ് എംബ്ലങ്ങൾ, ഡാർക്ക് സ്മോക്ക്ഡ് വിൻഡ്‌സ്‌ക്രീൻ, കൂടുതൽ സ്റ്റൈലിഷായിട്ടുള്ള സൈലൻസർ എന്നിവയും പുതിയ 2026 സുസുക്കി ബർഗ്മാൻ സ്ട്രീറ്റിന്റെ ഭാഗമായി എത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 21.5 ലിറ്ററിൽ നിന്ന് 24.6 ലിറ്ററായി അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് വർധിപ്പിച്ചതും പ്രായോഗികത ഉയർത്തുന്ന ഘടകമാണ്. ഇതോടൊപ്പം സ്കൂട്ടറിന് രണ്ട് ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ടുമെന്റുകൾ, യുഎസ്ബി ചാർജിംഗ് ഔട്ട്ലെറ്റ്, ഡ്യുവൽ യൂട്ടിലിറ്റി ഹുക്കുകൾ, സെന്റർ സ്റ്റാൻഡ്, സൈഡ് സ്റ്റാൻഡ് എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കും.
സുസുക്കിയുടെ SEP എന്നറിയപ്പെടുന്ന സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതികവിദ്യയുള്ള 124 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ബർഗ്മാന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ 8.2 bhp കരുത്തും 10.2 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ദൈനംദിന ഉപയോഗം സുഗമമാക്കുന്നതിന് ഉദ്ദേശിച്ചുള്ള വൺ-പുഷ് സ്റ്റാർട്ടുള്ള സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റവുമുണ്ട്.


Click it and Unblock the Notifications