മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിനെ വെളുപ്പിച്ച് സുസുക്കി, 60 കിലോമീറ്റർ മൈലേജുള്ള അടിപൊളി ഫാമിലി സ്‌കൂട്ടർ
ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിലെ രാജാക്കൻമാരായ ഹോണ്ടയ്ക്കും ടിവിഎസിനും ഒപ്പം നിൽക്കാൻ യോഗ്യനാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയും. ആക്‌സസ്, ബർഗ്‌മാൻ സ്ട്രീറ്റ്, അവെനിസ് എന്നീ 125 സിസി മോഡലുകളുമായാണ് എതിരാളികൾക്ക് മുമ്പിൽ സുസുക്കി നെഞ്ചുവിരിച്ച് നിൽക്കുന്നത്. പെർഫോമൻസും അതിനൊപ്പമുള്ള ഇന്ധനക്ഷമതയും ഈ മോഡലുകളുടെ പ്രധാന ഹൈലൈറ്റുകളുമാണ്. ആക്‌സസാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നതെങ്കിലും മാക്‌സ് സ്‌കൂട്ടർ സ്റ്റൈലുമായി എത്തിയിരിക്കുന്ന ബർഗ്മാനും (Burgman Street) ആളുകൾക്ക് ഏറെയിഷ്‌ടമുള്ള വാഹനമാണ്. മസ്ക്കുലർ ലുക്കും മൈലേജുമെല്ലാം ഒന്നിച്ച് കിട്ടുന്നതാണ് ഇതിനുപിന്നിലുള്ള പ്രധാന കാരണം.
എങ്കിലും വേണ്ടത്ര സ്വീകാര്യത ആശാന് നേടിയെടുക്കാനായിട്ടില്ലെന്നതാണ് സത്യം. എന്നാൽ ബർഗ്മാൻ സ്ട്രീറ്റിനെ ഒന്ന് പൊടിതട്ടിയെടുക്കുവാനായി മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിലേക്ക് പുതിയ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുകയാണ് സുസുക്കി. ഇതിനായി ബർഗ്മാൻ സ്ട്രീറ്റ് EX മോഡലിലേക്ക് പുത്തൻ പേൾ ഗ്രേസ് വൈറ്റ് കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് ടൂവീലർ ബ്രാൻഡ്. 1,07,902 രൂപയാണ് ഇതിൻ്റെ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

മൊത്തത്തിലുള്ള ഡിസൈൻ, ഫീച്ചറുകൾ, മെക്കാനിക്കൽ സജ്ജീകരണം എന്നിവ മാറ്റമില്ലാതെ തുടരുകയാണെങ്കിലും പുതിയ നിറം കൂടുതൽ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്നാണ് സുസുക്കി പറയുന്നത്. ഇതോടെ ബർഗ്മാൻ സ്ട്രീറ്റ് EX ഇപ്പോൾ മൂന്ന് നിറങ്ങളിൽ വാങ്ങാം. പുതുതായി അവതരിപ്പിച്ച പേൾ ഗ്രേസ് വൈറ്റിന് പുറമെ മെറ്റാലിക് റോയൽ ബ്രോൺസ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2 എന്നിവയാണ് മറ്റ് കളർ ഓപ്ഷനുകൾ.
നിറം മാറിയെങ്കിലും മിടുക്കനായ പഴയ എഞ്ചിനും പെർഫോമൻസും തന്നെയാണ് ബർഗ്മാനിലേക്ക് ആളുകളെ കൂടുതലായി ആകർഷിക്കുക. ആക്‌സസിലൂടെ ജനപ്രിയമായി മാറിയ അതേ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് പുതിയ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് EX സ്‌കൂട്ടറിനും തുടിപ്പേകുന്നത്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ പരമാവധി 8.6 bhp പവറും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.

എഞ്ചിനിൽ SEP-α എന്ന സുസുക്കി ഇക്കോ പെർഫോമൻസ് ആൽഫ സാങ്കേതികവിദ്യയും ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഇത് ട്രാഫിക്ക് കൂടുതലുള്ള സാഹചര്യങ്ങളിൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി സുസുക്കി അതിന്റെ എഞ്ചിൻ ഓട്ടോ സ്റ്റോപ്പ്-സ്റ്റാർട്ട് (EASS) സിസ്റ്റവും സംയോജിപ്പിച്ചിരിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ട്രാഫിക്കിൽ സ്കൂട്ടർ നിർത്തുമ്പോൾ വാഹനം തനിയെ ഓഫാകും.
പിന്നീട് ആക്‌സിലറേറ്റർ തിരിക്കുമ്പോൾ എഞ്ചിൻ തനിയെ ഓണാവുകയും ചെയ്യും. ഇത്തരത്തിൽ ഇന്ധനഉപഭോഗം കുറയ്ക്കുകയാണ് ഉന്നംവെക്കുന്നത്. സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റവുമായി സഹകരിച്ച് ഈ സിസ്റ്റം പ്രവർത്തിക്കുന്നു. സ്റ്റാർട്ടർ ബട്ടണിന്റെ സിംഗിൾ പ്രസിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ ഇത് അനുവദിക്കും. അതേസമയം സൈലന്റ് സ്റ്റാർട്ടർ സിസ്റ്റം കൂടുതൽ നിശബ്‌ദമായ പ്രവർത്തനം ഉറപ്പാക്കുവാനായും ഉപയോഗിച്ചിട്ടുണ്ട്.
മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ബർഗ്മാൻ സ്ട്രീറ്റ് EX സ്‌കൂട്ടറിൽ സുസുക്കി റൈഡ് കണക്റ്റുള്ള ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ട്. ഇത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി പ്രവർത്തനങ്ങൾ റൈഡർക്ക് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതാണ്. ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയുൾപ്പെടെ എൽഇഡി ലൈറ്റിംഗും ജാപ്പനീസ് ബ്രാൻഡിൻ്റെ മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിലുണ്ട്.
വീതിയേറിയ സീറ്റ്, ബോഡി ഫിറ്റഡ് വിൻഡ്‌സ്ക്രീൻ എന്നിവ മാക്‌സി സ്കൂട്ടറിൽ ലഭ്യമാണ്. സീറ്റിനടിയിൽ 21.5 ലിറ്റർ സ്റ്റോറേജ് സ്പേസും മോഡലിൻ്റെ പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപിക് ഫോർക്കും പിന്നിൽ സ്വിംഗ് ആം മൗണ്ടഡ് മോണോഷോക്കുമാണ് ബ്രാൻഡ് നൽകുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക് അല്ലെങ്കിൽ ഡ്രം ബ്രേക്കും പിന്നിൽ ഡ്രം യൂണിറ്റുമാണ് ലഭിക്കുക.


Click it and Unblock the Notifications








