പ്രതീക്ഷിച്ച വിൽപ്പനയില്ല, 7 വർഷം വാറണ്ടിയുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന് 20,000 രൂപയുടെ ഓഫറുമായി സുസുക്കി
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലെ അധിപൻമാരായ ബജാജ് ചേതക്കിനെയും ടിവിഎസ് ഐക്യൂബിനെയും ഒതുക്കാനായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി തങ്ങളുടെ ജനപ്രിയനായ ആക്‌സസിൻ്റെ (Suzuki e Access) വൈദ്യുതീകരിച്ച മോഡലിനെ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. മുമ്പ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് വിപണി ഭരിച്ചിരുന്നതെങ്കിൽ ഇപ്പോൾ പ്രമുഖർ സീൻ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ബജാജിനും ടിവിഎസിനും പുറമെ ഹീറോയും യമഹയും സുസുക്കിയും ഹോണ്ടയുമെല്ലാം വൈദ്യുത വിപ്ലവത്തിൽ പങ്കെടുക്കാൻ എത്തിക്കഴിഞ്ഞു. അതായത് ഇവി രംഗത്തെ മത്സരം കടുകട്ടിയായെന്ന് ചുരുക്കം.
ഇതുമറികടക്കുവാനായി സുസുക്കി തങ്ങളുടെ ഇ ആക്‌സസ് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നവർക്കായി വിപുലമായ ഡിസ്‌കൌണ്ട് ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 19,800 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ പാക്കേജിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 4,000 രൂപ വിലമതിക്കുന്ന സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടി വരെയും ലഭിക്കുന്നതായിരിക്കും.

ഏഴ് വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വരെയാണ് സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടി കവറേജ് നൽകുന്നത്. വർഷം അല്ലെങ്കിൽ കിലോമീറ്റർ ഏതാണ് ആദ്യം വരുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് ഉപയോഗപ്പെടുത്താനാവുക. ഇ ആക്‌സസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള സുസുക്കി ഉടമകൾക്ക് 10,000 രൂപ ലോയൽറ്റി റിവാർഡ് ക്ലെയിം ചെയ്യാനാവുന്നതാണ്. അതേസമയം സുസുക്കിയുടെ ഉൽപ്പന്നം ആദ്യമായി വാങ്ങുന്നവർക്ക് 7,000 രൂപ ഇൻസെൻ്റീവിനും അർഹതയുണ്ടാവും.
വാങ്ങൽ പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതിന് കസ്റ്റമൈസ്‌ഡ് ലോൺ സൌകര്യങ്ങൾ അവതരിപ്പിക്കുന്നതിനായി സുസുക്കി ചില ധനകാര്യ സ്ഥാപനങ്ങളുമായി സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൂടെ 5.99 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കിൽ ഇലക്ട്രിക് സ്‌കൂട്ടർ വീട്ടിലെത്തിക്കാനാവും. ഈ സ്‌കീമിലൂടെ ഇവി വാങ്ങുമ്പോൾ 9,800 രൂപ വരെ ലാഭിക്കാനാവുമെന്നും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ പറയുന്നു.

2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് ഇ ആക്സസ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. 1.88 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് സ്‌കൂട്ടർ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചേതക് ഇവി, ഐക്യൂബ് എന്നിവയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആക്സസ് ഇലക്ട്രിക് സ്‌കൂട്ടറിന് വില അൽപം കൂടുതലാണെന്ന പരാതി ആളുകൾക്കുണ്ട്.
ഇത് വിൽപ്പനയിലും പ്രകടമാണ്. എങ്കിലും എക്സ്റ്റെൻഡഡ് വാറണ്ടി കവറേജിന് പുറമെ 3 വർഷത്തേക്ക് 60 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും സുസുക്കി വാഗ്ദാനം ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. 3kWh ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് ഇന്ത്യക്കായുള്ള സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ഹൃദയം. പരമ്പരാഗത NMC ബാറ്ററികളേക്കാൾ വളരെ ലോംഗർ സർവീസ് ലൈഫ് ഇത് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

സിംഗിൾ ചാർജിൽ 95 കിലോമീറ്റർ IDC റേഞ്ചാണ് ആക്‌സസിൻ്റെ വൈദ്യുത മോഡലിൽ ബ്രാൻഡ് പറയുന്നത്. പെർമനന്റ് മാഗ്നറ്റ് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്ന 4.1 kW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് പവർ നൽകുന്നത്. മണിക്കൂറിൽ പരമാവധി 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സുസുക്കി ഇലക്‌ട്രിക് സ്‌കൂട്ടറിനാവും. ഇ-ആക്‌സസിനൊപ്പം ലഭിക്കുന്ന പോർട്ടബിൾ ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ചാൽ 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റാണ് വേണ്ടത്.
ബാറ്ററി പായ്ക്ക് 100 ശതമാനം ചാർജ് ചെയ്യാൻ 6 മണിക്കൂർ 42 മിനിറ്റും എടുക്കും. ഡിസി ഫാസ്റ്റ് ചാർജർ ആണെങ്കിൽ 80 ശതമാനം ചാർജ് ചെയ്യാൻ 1 മണിക്കൂർ 12 മിനിറ്റും മതിയാവും. എന്നാൽ 100 ശതമാനം ചാർജ് എത്താൻ 2 മണിക്കൂർ 12 മിനിറ്റും സമയവും മാത്രമാണ് സുസുക്കി ഇ-ആക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന് വേണ്ടി വരിക. ഏഥര്‍ റിസ്ത, ഓല S1, ഹോണ്ട ആക്ടിവ ഇ, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് പോലുള്ള വമ്പൻമാരുമായിട്ടാണ് സുസുക്കിയുടെ മത്സരം.


Click it and Unblock the Notifications








