95 KM റേഞ്ചും 7 വർഷം വാറണ്ടിയുമുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ, സുസുക്കി ഇവി ആദ്യ മാസം വാങ്ങിയത് 370 ആളുകൾ
ദിവസേനയുള്ള യാത്രകൾക്ക് പെട്രോൾ ചെലവ് പലർക്കും ഒരു തലവേദനയാണ്. ഓഫീസിലേക്കായാലും കടയിലേക്കായാലും ഒന്ന് പോണമെന്ന് വിചാരിച്ചാൽ പെട്രോൾ അടിക്കാതെ രക്ഷയില്ലല്ലോ. 106 രൂപ കൊടുത്ത് ഇന്ധനം നിറച്ചാൽ ഏറിയാൽ ഒരു 50 അല്ലെങ്കിൽ 60 കിലോമീറ്റർ മാത്രം മൈലേജ് തരുന്ന സ്‌കൂട്ടറുകളായിരിക്കും പലരുടേയും കൈയിലിരിക്കുന്നത്. അവിടെയാണ് അനുഗ്രഹമായി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തുടക്കകാലത്ത് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് അരങ്ങുവാണിരുന്നതെങ്കിൽ ഇപ്പോൾ ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ വമ്പൻ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം വൈദ്യുത വാഹന നിർമാണത്തിലേക്ക് കടന്നിട്ടുണ്ട്.
ഇവരെല്ലാം പണംവാരുന്നത് കണ്ട് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയും ഈ രംഗത്തേക്ക് ഇറങ്ങിയിരുന്നു. ബ്രാൻഡിൻ്റെ ടോപ്പ് സെല്ലിംഗ് പെട്രോൾ സ്‌കൂട്ടറായ ആക്‌സസിൻ്റെ ഇലക്ട്രിക് പതിപ്പുമായാണ് കമ്പനി എത്തിയത്. ഇ-ആക്‌സസ് എന്നുപേരിട്ടിരിക്കുന്ന മോഡലിൻ്റെ വിൽപ്പന സുസുക്കി ഈയടുത്ത് ആരംഭിച്ചിരുന്നു. എന്തായാലും തുടക്കം മോശമാക്കാതെ വിൽപ്പന തകർപ്പനാക്കാൻ ബ്രാൻഡിന് സാധിച്ചിരിക്കുകയാണ്.

2025 മെയ് 23-ന് ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറിൻ്റെ നിർമാണം ആരംഭിച്ച് ഏഴര മാസത്തിന് ശേഷം 2026 ജനുവരിയിലാണ് സുസുക്കി ഇ-ആക്സസുമായി ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പ്രവേശിക്കുന്നത്. വിൽപ്പനയുടെ ആദ്യ മാസത്തിൽ തന്നെ ഇവിയുടെ 370 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്കായി. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു വലിയ കണക്കായി തോന്നില്ലെങ്കിലും തുടക്കകാരനെന്ന നിലയിൽ സുസുക്കിക്ക് അഭിമാനിക്കാം.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിൻ്റെ മൊത്തവ്യാപാര കണക്കുകൾ പ്രകാരം, 2026 ജനുവരിയിൽ സുസുക്കി 703 ഇ-ആക്സസ് സ്കൂട്ടറുകൾ ഡീലർഷിപ്പുകൾക്ക് അയച്ചിട്ടുണ്ട്. അതിൽ 201 യൂണിറ്റുകൾ ജനുവരിയിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തുവെന്ന് വാഹൻ റീട്ടെയിൽ വിൽപ്പന ഡാറ്റ പറയുന്നു. അതേസമയം ഫെബ്രുവരി ആദ്യ പകുതിയിൽ വാഹൻ്റെ കണക്കനുസരിച്ച് 169 ഇ-ആക്സസ് സ്കൂട്ടറുകൾ കൂടി വിതരണം ചെയ്‌തിട്ടുണ്ട്.

ഇ-ആക്സസിന്റെ വിൽപ്പന പ്രതീക്ഷിച്ചതിലും കുറവാണെന്നതിൽ സംശയമൊന്നും വേണ്ട. അതിൻ്റെ ഒരു കാരണം ഉയർന്ന വിലയാണ്. 1.88 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവിയെ വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചേതക് ഇവി, ഐക്യൂബ് എന്നിവയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ആക്സസ് ഇലക്ട്രിക് സ്‌കൂട്ടറിന് വില അൽപം കൂടുതലാണ്. ഇത് ആളുകളെ പിന്നോട്ടുവലിക്കാൻ കാരണമായിട്ടുണ്ടാവും.
എന്നിരുന്നാലും ഇ-ആക്സസിൻ്റെ മൊത്തത്തിലുള്ള ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുന്നതിനായി അധിക ചെലവില്ലാതെ 7 വർഷത്തെ അല്ലെങ്കിൽ 80,000 കിലോമീറ്റർ എക്സ്റ്റെൻഡഡ് വാറണ്ടി കവറേജും 3 വർഷത്തേക്ക് 60 ശതമാനം ബൈബാക്ക് ഗ്യാരണ്ടിയും സുസുക്കി വാഗ്ദാനം ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. സുസുക്കി ഇ-ടെക്നോളജി എന്ന് ബ്രാൻഡ് ചെയ്തിരിക്കുന്ന സുസുക്കിയുടെ ഇൻ-ഹൗസ് ഇലക്ട്രിക് ആർക്കിടെക്ചറിനെ ചുറ്റിപ്പറ്റിയാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

3kWh ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് ഇന്ത്യക്കായുള്ള സുസുക്കിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ഹൃദയം. പരമ്പരാഗത NMC ബാറ്ററികളേക്കാൾ വളരെ ലോംഗർ സർവീസ് ലൈഫ് ഇത് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. സിംഗിൾ ചാർജിൽ 95 കിലോമീറ്റർ IDC റേഞ്ചാണ് ആക്‌സസിൻ്റെ വൈദ്യുത മോഡലിൽ ബ്രാൻഡ് പറയുന്നത്. പെർമനന്റ് മാഗ്നറ്റ് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്ന 4.1 kW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് പവർ നൽകുന്നത്.
മണിക്കൂറിൽ പരമാവധി 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സുസുക്കി ഇലക്‌ട്രിക് സ്‌കൂട്ടറിനാവും. ഇ-ആക്‌സസിനൊപ്പം ലഭിക്കുന്ന പോർട്ടബിൾ ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ചാൽ 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റാണ് വേണ്ടത്. ബാറ്ററി പായ്ക്ക് 100 ശതമാനം ചാർജ് ചെയ്യാൻ 6 മണിക്കൂർ 42 മിനിറ്റും എടുക്കും. ഡിസി ഫാസ്റ്റ് ചാർജർ ആണെങ്കിൽ 80 ശതമാനം ചാർജ് ചെയ്യാൻ 1 മണിക്കൂർ 12 മിനിറ്റും മതിയാവും.


Click it and Unblock the Notifications








