പെട്രോൾ വിലയെ പേടിക്കേണ്ട! ലിറ്ററിന് 80 KM വരെ കിട്ടും, ഏറ്റവും മൈലേജുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കുകൾ
രാജ്യത്തെ ഇന്നലെ ഇന്ധന വില വീണ്ടും ഉയർന്നതോടെ ജനങ്ങളുടെ ദൈനംദിന യാത്രകളെല്ലാം ചിലവേറിയതായി മാറിയിരിക്കുകയാണ്. കാറുകളുള്ളവർക്ക് മാത്രമല്ല, ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരുടെ നെഞ്ചിലും ഇനി കനലായിരിക്കും. പഴയ മൈലേജില്ലാത്ത വണ്ടികളെല്ലാം ഉപയോഗിക്കുന്നവരുടെയെല്ലാം പോക്കറ്റ് കീറുമെന്ന് ഉറപ്പാണ്. പഴയ വണ്ടി കൊടുത്ത് നല്ല മൈലേജുള്ള പുത്തനൊരു ബൈക്ക് വാങ്ങിയാലോ എന്ന് ആലോചിക്കുന്നവരുടെ എണ്ണവും ഇപ്പോൾ കൂടിയിട്ടുണ്ടാവും. ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എന്നാൽ ഒടുക്കത്തെ മൈലേജ് തരുന്ന മോട്ടോർസൈക്കിളുകളെ ഒന്ന് പരിചയപ്പെട്ടാലോ?
കുറഞ്ഞ പ്രവർത്തനച്ചെലവ്, എളുപ്പമുള്ള മെയിന്റനെൻസ്, ദൈനംദിന ഉപയോഗക്ഷമത എന്നിവയ്ക്ക് മുൻഗണന നൽകുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാനാവുന്ന ചില മോഡലുകളും അവയുടെ വിലയും കൃത്യമായി പറഞ്ഞുതരാം. അതും 65 കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെ മൈലേജ് കൂടെ തരുമ്പോൾ നിലവിൽ ഉപയോഗിക്കുന്ന ഇരുചക്ര വാഹനം മാറ്റി വാങ്ങാൻ പലർക്കും തോന്നിപ്പോയേക്കാം. ഇതാ അത്തരത്തിലുള്ളൊരു ലിസ്റ്റ്.

ഹീറോ സ്പ്ലെൻഡർ പ്ലസ് എക്സ്ടെക് 2.0
ഈ പേരില്ലാതെ ഒരിക്കലും ഈയൊരു പട്ടിക തുടങ്ങാനോ അവസാനിപ്പിക്കാനോ കഴിയില്ലെന്നതാണ് രസകരമായ കാര്യം. 83,214 രൂപ എക്സ്ഷോറൂം വില വരുന്ന ഹീറോ സ്പ്ലെൻഡർ പ്ലസ് എക്സ്ടെക് 2.0 ആണ് ഈ ലിസ്റ്റിലെ ഏറ്റവും ചെലവേറിയ മോട്ടോർസൈക്കിൾ. പക്ഷേ പരമ്പരാഗത കമ്മ്യൂട്ടർ ബൈക്കുകളെ അപേക്ഷിച്ച് ഇത് കൂടുതൽ സാങ്കേതികവിദ്യകൾ കുത്തിനിറച്ചാണ് വിപണിയിലേക്ക് എത്തുന്നത്. ഹീറോ അവകാശപ്പെടുന്നത് ലിറ്ററിന് 73 കിലോമീറ്റർ മൈലേജ് കൂടെയാണ് കേട്ടോ.
ബജാജ് പ്ലാറ്റിന 100
ബജാജ് പ്ലാറ്റിന 100 എന്നത് മൈലേജിന്റെ പര്യായമായി മാറിയിട്ട് കാലംകുറേയായി. 68,711 രൂപ എക്സ്ഷോറൂം വില വരുന്ന ഇതിന് ലിറ്ററിന് 70 കിലോമീറ്റർ വരെ മൈലേജ് തരാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 102 സിസി എഞ്ചിനാണ് പ്ലാറ്റിനയുടെ ഹൃദയം. ലോംഗ്-ട്രാവൽ സസ്‌പെൻഷൻ, അസമമായ റോഡുകളിൽ യാത്രാ സുഖം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ക്വിൽറ്റഡ് സീറ്റ് സജ്ജീകരണം തുടങ്ങിയ സവിശേഷതകൾ മോട്ടോർസൈക്കിളിനുണ്ട്.

ഹോണ്ട ഷൈൻ 100
ഹോണ്ടയുടെ ഷൈൻ 100 എന്ന എൻട്രി ലെവൽ മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 65,393 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. കൂടാതെ ലിറ്ററിന് 65 കിലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ടെന്നതിനാൽ പോക്കറ്റ് കാലിയാവാതെ കൊണ്ടുനടക്കാനാവും. നിലവിലെ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി 98.98 സിസി എഞ്ചിൻ ഉപയോഗിക്കുന്ന മോഡൽ ദൈനംദിന യാത്രാ ആവശ്യങ്ങൾക്കായി പ്രത്യേകം പണികഴിപ്പിച്ചതാണ്.
ഹീറോ HF ഡീലക്സ്
ഹീറോ HF ഡീലക്സിന് 56,742 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. കൂടാതെ ലിറ്ററിന് 70 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നുമുണ്ടെന്നതിനാൽ പലർക്കും ഇവനെ ഈസിയായി കൈകാര്യം ചെയ്യാനാവും. ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും താങ്ങാനാവുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്ന ഇത് ഗ്രാമീണ, നഗര വിപണികളിലെ സാധാരണക്കാരെ ഒരുപോലെ ആകർഷിക്കുന്നതാണ്.

കാര്യക്ഷമതയ്ക്കും അറ്റകുറ്റപ്പണികളുടെ എളുപ്പത്തിനും വേണ്ടി പ്രധാനമായും ട്യൂൺ ചെയ്ത 97.2 സിസി എഞ്ചിനാണ് HF ഡീലക്‌സിന്റെ പ്രത്യേകത. തിരഞ്ഞെടുത്ത വേരിയന്റുകളിൽ i3S ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സാങ്കേതികവിദ്യ പോലുള്ള സവിശേഷതകളും ബൈക്കിൽ ലഭിക്കുന്നുണ്ട്. ഇത് കനത്ത ട്രാഫിക്കിൽ പോലും ഇന്ധന ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ പോക്കറ്റ് കീറാതെ കുറഞ്ഞ ചെലവിൽ കൊണ്ടുനടക്കാൻ പറ്റിയ ബൈക്കുകൾ അന്വേഷിക്കുന്നവർക്ക് ഇവനെ കണ്ണുംപൂട്ടി വാങ്ങിക്കാം.
ടിവിഎസ് സ്പോർട്ട്
57,950 രൂപ എക്സ്ഷോറൂം വിലയുള്ള ടിവിഎസ് സ്പോർട്ട് എൻട്രി ലെവൽ കമ്മ്യൂട്ടർ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. ലിറ്ററിന് 80 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി ഇതിൽ അവകാശപ്പെടുന്നത്. 4-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 109.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത്. അലോയ് വീലുകൾ, തിരഞ്ഞെടുത്ത വകഭേദങ്ങളിൽ ഇലക്ട്രിക് സ്റ്റാർട്ട്, നഗര ഗതാഗത ഉപയോഗത്തെ സഹായിക്കുന്ന ഭാരം കുറഞ്ഞ ബോഡി എന്നിവയാണ് ഇതിലെ ഹൈലൈറ്റുകൾ.


Click it and Unblock the Notifications