പെട്രോളടിക്കാതെ ഓടിക്കാം, കഴിഞ്ഞ മാസം ടിവിഎസിന്റെ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിപ്പോയത് 38,054 ആളുകൾ
ഇലക്‌ട്രിക് വാഹനങ്ങളുടെ ഭാവി എന്താണെന്ന് കൃത്യമായി മനസിലാക്കി തുടക്കത്തിലെ മിടുക്കനായൊരു ഇവിയെ ഇന്ത്യക്കാർക്ക് സമ്മാനിച്ചവരാണ് ടിവിഎസ്. ഓല, ഏഥർ, ബജാജ്, ഹീറോ തുടങ്ങിയ വമ്പൻമാരോടെല്ലാം പോരടിച്ച് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ടൂവീലറായി ഐക്യൂബ് മാറിയിട്ടുണ്ടെങ്കിൽ അതിന്റെ റേഞ്ച് എന്താണെന്ന് ഊഹിക്കാനാവുന്നതല്ലേയുള്ളൂ. വാങ്ങിയവരാരും ഇതുവരെ കുറ്റം പറഞ്ഞുകേട്ടിട്ടില്ല എന്ന പ്രത്യേകതയും ടിവിഎസിന്റെ ഫാമിലി ഇലക്ട്രിക് സ്കൂട്ടറിനുണ്ട്. കുറ്റങ്ങളോ കുറവുകളോ ഒന്നും കേൾപ്പിക്കാതെ സൈലന്റായി തരംഗമായി ഐക്യൂബ് മുന്നേറുകയാണ്. ആളുകളെ ഇവി വാങ്ങിപ്പിക്കാൻ വലിയ ബഹളങ്ങളൊന്നും ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും ഇവരെ കണ്ടുപഠിക്കാവുന്നതാണ്.
ഇക്കഴിഞ്ഞ 2026 ഫെബ്രുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയിൽ ടിവിഎസ് ഐക്യൂബ് നാലാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. 38,054 യൂണിറ്റ് വിൽപ്പനയോടെയാണ് ഈ നേട്ടം മോഡൽ സ്വന്തമാക്കിയിരിക്കുന്നത്. അതായാത് വൈദ്യുത സ്‌കൂട്ടർ രംഗത്തെ നമ്പർ വൺ ഇവിയായി മാറാനും ഐക്യൂബിനായെന്ന് സാരം.

2025 ഫെബ്രുവരി മാസത്തിൽ നിരത്തിലെത്തിച്ച 23,581 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിയുടെ വിൽപ്പനയിൽ 61.38 ശതമാനത്തിന്റെ വർധനവ് കൈവരിക്കാൻ ഐക്യൂബിനായിട്ടുണ്ടെന്ന് സാരം. നിരവധി വ്യത്യസ്‌ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വിപണിയിലെത്തുന്നതിനാൽ ആളുകൾക്ക് തെരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകളാണ് ടിവിഎസ് അവതരിപ്പിക്കുന്നത്. വിലയുടെ കാര്യമെടുത്താലും പോക്കറ്റിൽ ഒതുങ്ങുന്ന രീതിയിലാണ് ഇവി വരുന്നത്.
ഐക്യൂബ് 2.2 kWh ബാറ്ററി വേരിയന്റിന് 94,434 രൂപ, 3.1 kWh പതിപ്പിന് 1,09,996 രൂപ, 3.5 kWh മോഡലിന് 1,25,605 രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഇതുകൂടാതെ 5.1 kWh ബാറ്ററിയുള്ള ഒരു ST ടോപ്പ് എൻഡ് വേരിയന്റും ടിവിഎസിന്റെ ഫാമിലി ഇലക്ട്രിക് സ്കൂട്ടറിനുണ്ട്. ഇതിന് 1.71 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുന്നതാണ്. വലിയ ബാറ്ററിയുമായി എത്തുന്ന മോഡലിന് സിംഗിൾ ചാർജിൽ 150 കിലോമീറ്റർ വരെ റേഞ്ചാണ് നൽകാനാവുക.

ഇത് 0-80 ശതമാനം ചാർജാവാൻ നാല് മണിക്കൂറും 18 മിനിറ്റും സമയമാണ് വേണ്ടിവരിക. പൂർണമായി ചാർജ് ചെയ്യാൻ 6 മണിക്കൂറോളവും വേണ്ടിവരുമെന്നാണ് ടിവിഎസ് പറയുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 4.4kW BLDC ഹബ് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിയ്ക്ക് 6 bhp പവറിൽ പരമാവധി 33 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം 0-40 കിലോമീറ്റർ വേഗത 4.5 സെക്കൻഡിൽ കൈവരിക്കാനാവും.
ഇലക്ട്രിക് സ്കൂട്ടറിന്റെ ടോപ്പ് സ്പീഡ് 82 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് സ്‌ക്രീനും 118 കണക്റ്റഡ് ഫീച്ചറുകളുമെല്ലാം കൂടുതൽ പൈസ മുടക്കുന്ന ടോപ്പ് വേരിയന്റിൽ കോർത്തിണക്കിയിട്ടുണ്ടെന്നതാനാൽ അക്കാര്യത്തിലും വാല്യു ഫോർ മണിയാണ് ആശാൻ. ഡിസ്പ്ലേ സ്വമേധയാ നിയന്ത്രിക്കാൻ സഹായിക്കുന്ന HMI ജോയ്സ്റ്റിക്കും ST വേരിയൻ്റിന് ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

എങ്കിലും ബേസ് ട്രിമ്മുകളിലും ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉൾപ്പെടെയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷതകൾ ടിവിഎസ് ഉദാരമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്തെ ഫെൻഡറിലും ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബോഡിയിലും കാണുന്ന ST സ്റ്റിക്കറിംഗുകൾ ഒഴികെ ഐക്യൂബിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ ഡിസൈനെല്ലാം മറ്റ്
വേരിയന്റുകൾക്ക് സമാനമാണെന്ന് വേണം പറയാൻ.
കോപ്പർ ബ്രോൺസ് മാറ്റ്, കോറൽ സാൻഡ് സാറ്റിൻ, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ എന്നീ വ്യത്യസ്‌തമായ കളർ ഓപ്ഷനുകളിലാണ് ടിവിഎസ് ഐക്യൂബ് ST ഇലക്ട്രിക് സ്കൂട്ടറിന്റെ ടോപ്പ് വേരിയന്റ് വാഗ്‌ദാനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഒന്നായി ഐക്യൂബ് പേരെടുത്തിട്ടുള്ളതിനാൽ റേഞ്ച് കൂടിയ മോഡൽ സ്വന്തമാക്കാൻ ആളുകൾ താത്പര്യപ്പെടുന്നുണ്ടെന്നാണ് വിവരം.


Click it and Unblock the Notifications








