ആക്‌ടിവയെ പോലെ വിശ്വസിച്ച് വാങ്ങാം, പക്ഷേ സ്‌കൂട്ടറുകളിലെ രാജ്ഞിയെ ഇനി വാങ്ങണമെങ്കിൽ കാശ് കൂടുതൽ കരുതിക്കോ
ഇന്ത്യക്കാരും ഗിയർലെസ് സ്‌കൂട്ടറുകളും തമ്മിലുള്ള അടുപ്പം ഒന്ന് വേറെ തന്നെയാണ്. ബൈക്കുകളേക്കാൾ പ്രായോഗികമാണെന്ന കാര്യമാണ് ആൾക്കാർക്ക് ഇത്രയും പ്രണയം തോന്നാൻ കാരണം. വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങൾ വാങ്ങാനും ഗ്യാസ് കുറ്റി കയറ്റാനുമെല്ലാം മോട്ടോർസൈക്കിളുകളേക്കാൾ സൌകര്യം ഇത്തരം മോഡലുകൾക്കാണ്. മിക്കവീടുകളിലും പട്ടിയെപോലെയാണ് സ്‌കൂട്ടറുകൾ പണിയെടുക്കുന്നത്. നിലവിൽ ഈ വിഭാഗത്തിലെ രാജാവ് ഹോണ്ട ആക്‌ടിവയാണെങ്കിൽ രാജ്ഞിയായി വിലസുന്നത് ടിവിഎസ് ജുപ്പിറ്ററാണ് (TVS Jupiter). ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയടക്കിവെച്ചിരിക്കുന്നത് ആക്ടിവയും ജുപ്പറ്ററുമാണ്.
110 സിസി, 125 സിസി എഞ്ചിൻ ഓപ്ഷനുകളിലെത്തുന്ന ജുപ്പിറ്റർ ചൂടപ്പം പോലെ വിറ്റഴിയുന്ന സാഹചര്യത്തിൽ ഏവരേയും നിരാശപ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് നമ്മുടെ ടിവിഎസ്. എന്താണന്നല്ലേ, പുതുവർഷത്തോട് അനുബന്ധിച്ച് മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കിയ കമ്പനി ജുപ്പിറ്ററിൻ്റെ വിലയിലും പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുകയാണ്. അതായത് ഇനി പഴയ വിലയ്ക്ക് സ്കൂട്ടർ വാങ്ങാൻ ഒക്കില്ലെന്ന് സാരം.

ടിവിഎസ് ജൂപ്പിറ്റർ 110 hപതിപ്പിൻ്റെ വിവിധ വകഭേദങ്ങളുടെ വിലയിൽ 3,250 രൂപ വരെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ബൈക്ക്‌വാലെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 72,650 രൂപയായിരുന്ന ബേസ് ഡ്രം വേരിയൻ്റിന് 2,950 രൂപ വർധിച്ച് 75,600 രൂപയായി പുതുക്കിയ എക്സ്ഷോറൂം വില. അതേസമയം ജുപ്പിറ്ററിൻ്റെ ഡ്രം അലോയ് പതിപ്പിന് 77,450 രൂപയായിരുന്ന വില 2,385 രൂപ വർധിച്ച് 79,835 രൂപയായിട്ടുണ്ട്.
അതേസമയം ടിവിഎസ് ജുപ്പിറ്ററിൻ്റെ ഡ്രം SXC വേരിയൻ്റിന് 81,250 രൂപയായിരുന്ന എക്സ്ഷോറൂം വില 2,750 രൂപ വർധിച്ച് 84,000 രൂപയായി പുതുക്കിയ എക്സ്ഷോറൂം വില. ഡിസ്‌ക് SXC പതിപ്പിന് 84,750 രൂപയായിരുന്ന വില 3,000 രൂപ കൂടി 87,750 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ജുപ്പിറ്ററിൻ്റെ ടോപ്പ് എൻഡ് സ്പെഷ്യൽ എഡിഷന് 85,650 രൂപയായിരുന്നു പഴയ വില. എന്നാൽ ഇതിന് 3,250 രൂപ ഉയർന്ന് 88,900 രൂപയായി.

ഉത്പാദനച്ചെലവിലുണ്ടായ വർധനവാണ് മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കാൻ ടിവിഎസ് നിർബന്ധിതരായത്. എന്തായാലും വിലയിൽ മാറ്റമുണ്ടെങ്കിലും സ്‌കൂട്ടറിൽ കമ്പനി മറ്റ് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. 113.3 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഗിയർലെസ് സ്‌കൂട്ടറായ ടിവിഎസ് ജുപ്പിറ്റർ 110 പതിപ്പിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർപിഎമ്മിൽ 8 bhp പവറും 9.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും ഗിയർലെസ് മോഡലിന് ഗുണകരമായിട്ടുണ്ട്. നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയുള്ളതിനാൽ മുൻഗാമിയെ അപേക്ഷിച്ച് മൈലേജിൽ 10 ശതമാനം വർധനവാണ് സംഭാവന ചെയ്യുന്നത്.

ടിവിഎസ് പറയുന്നത് അനുസരിച്ച് ലിറ്ററിന് 53 കിലോമീറ്റർ വരെ മൈലേജാണ് ജുപ്പിറ്റർ 110 നൽകുന്നത്. ഉയർന്ന വേഗതയിൽ പോലും സ്റ്റെബിലിറ്റി ഉറപ്പാക്കുന്നതിനായി 1,275 mm നീളമുള്ള വീൽബേസിലാണ് ഗിയർലെസ് സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ വേഗതയിൽ സ്ഥിരത വർധിപ്പിക്കാനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ബോഡി ബാലൻസ് ടെക്നോളജി 2.0 സംവിധാനവും ടിവിഎസ് ജുപ്പിറ്ററിൻ്റെ പ്രധാന സവിശേഷതയായി കണക്കാക്കാം.
ഏത് മോശം റോഡുകളേയും നേരിടാനായി 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 380 മില്ലീമീറ്റർ ഫ്രണ്ട് ലെഗ് സ്പേസും കമ്പനി നൽകുന്നുണ്ട്. സ്കൂട്ടറിന് 106 കിലോഗ്രാം ഭാരമാണുള്ളത് എന്നതിനാൽ ലേഡീസിനും അനായാസം കൈകാര്യം ചെയ്യാനാവും. ഒതുക്കമുള്ള രൂപവും നല്ല സ്റ്റോറേജ് സ്പേസും മികച്ച നിർമാണ നിലവാരവുമെല്ലാമാണ് ജുപ്പിറ്ററിനെ വേറിട്ടുനിർത്തുന്ന മറ്റ് ഘടകങ്ങൾ. വില കൂടിയെങ്കിലും ഇപ്പോഴും സെഗ്മെൻ്റിലെ ഏറ്റവും വാല്യു ഫോർ മണി മോഡലാണിത്.


Click it and Unblock the Notifications








