ടിവിസിൻ്റെ സ്പോർട്ടി സ്‌കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ? ഇതറിയാതെ ഷോറൂമിലേക്ക് പോവല്ലേ...
സ്പോർട്ടി സ്‌കൂട്ടർ എന്ന് കേൾക്കുമ്പോഴേ യൂത്തൻമാർക്ക് ആദ്യം ഓർമ വരുന്ന പേരാണ് ടിവിഎസ് എൻടോർഖ്. ചെറുപ്പക്കാർക്കിടയിൽ ഇത്രത്തോളം ഓളമുണ്ടാക്കുന്ന മറ്റൊരു ഗിയർലെസ് സ്‌കൂട്ടർ ഇല്ലെന്ന് വേണം പറയാൻ. പണ്ട് ഹോണ്ട ഡിയോ എങ്ങനെയായിരുന്നോ അതുപോലെയാണ് എൻടോഖിൻ്റെ ഇപ്പോഴത്തെ സ്ഥാനം. സ്റ്റൈലിനൊപ്പം പൊർഫോമൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ 125 സിസി മോഡൽ ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ സ്‌കൂട്ടറുകളിൽ ഒന്നുകൂടിയാണ്. കോളേജിലേക്കായാലും ഓഫീസിലേക്കായാലും യാത്ര ചെയ്യാൻ നല്ലൊരു സ്‌കൂട്ടർ വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ടിവിഎസിൻ്റെ ഈ മിടുക്കനാവും കടന്നുവരിക.
പുതുവർഷത്തോട് അനുബന്ധിച്ച് ഒരു എൻടോർഖ് വാങ്ങണമെന്ന് പ്ലാൻ ചെയ്‌തിരുന്നവർക്ക് ചെറിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണ് ഇപ്പോൾ ടിവിഎസിൽ നിന്നും പുറത്തുവരുന്നത്. മറ്റൊന്നുമല്ല, നിർമാണ ചെലവുകൾ കുത്തനെ ഉയർന്നതിനോട് അനുബന്ധിച്ച് മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. ഇതിൻ്റെ ഭാഗമായി സ്പോർട്ടി സ്‌കൂട്ടറായ എൻടോർഖിനും ഇനി മുതൽ അധികം പൈസ മുടക്കേണ്ടി വരും.

പക്ഷേ രസകരമായൊരു സംഗതി എന്താണെന്ന് വെച്ചാൽ എൻടോർഖിൻ്റെ എല്ലാ വേരിയൻ്റുകൾക്കും വെറും 350 രൂപ മാത്രമാണ് ടിവിഎസ് വർധിപ്പിച്ചിരിക്കുന്നത് എന്നതാണ്. ഇതുപ്രകാരം ഡിസ്‌ക് വേരിയൻ്റിന് ഇപ്പോൾ 81,250 രൂപയും റേസ് എഡിഷന് 86,550 രൂപയും സൂപ്പർ സ്ക്വാഡ് എഡിഷന് 91,050 രൂപയും റേസ് XP പതിപ്പിന് 92,550 രൂപയും എൻടോർഖിൻ്റെ ടോപ്പ് എൻഡ് XT മോഡലിന് 1,00,150 രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.
ഇതൊഴികെ സ്‌കൂട്ടറിൽ മറ്റ് മാറ്റങ്ങളൊന്നും ടിവിഎസ് സമ്മാനിച്ചിട്ടില്ല. പരിചിതമായ 124.8 സിസി, ത്രീ-വാൽവ് എഞ്ചിനാണ് ടിവിഎസ് എൻടോർഖ് 125 സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് തുടിപ്പേകുന്നത്. ഇത് 7,000 ആർപിഎമ്മിൽ പരമാവധി 9.5 bhp പവർ ഔട്ട്പുട്ടും 5,500 ആർപിഎമ്മിൽ 10.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. ടിവിഎസ് എൻടോർഖ് റേസ് XP എഡിഷനിലേക്ക് നോക്കിയാൽ അതേ എഞ്ചിനാണ് സ്‌കൂട്ടറിന് ലഭിക്കുന്നതെങ്കിലും കുറച്ചുകൂടി പെർഫോമൻസ് ലഭിക്കുന്ന വിധത്തിലാണ് വാഹനം ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഇത് 7,000 ആർപിഎമ്മിൽ 10.2 bhp പവറും 5,500 ആർപിഎമ്മിൽ 10.9 Nm ടോർക്കും ഉത്പാദിപ്പിക്കും. അങ്ങനെ സെഗ്‌മെൻ്റിലെ ഏറ്റവും കരുത്തുറ്റ സ്‌കൂട്ടറായും റേസ് XP മാറുന്നു. കൂടുതൽ അഗ്രസീവ് സ്റ്റൈലിംഗും ഷാർപ്പ് ബോഡി ഗ്രാഫിക്സും കൂടി ഉൾക്കൊള്ളുമ്പോൾ സംഗതി കളറാവുന്നുണ്ട്. വെറും 8.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ റേസ് XP ട്രിമ്മിന് കഴിയും. അതേസമയം കമ്പനി പറയുന്ന പരമാവധി വേഗം 98 കിലോമീറ്ററാണ്.
2018 ഫെബ്രുവരിയിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ പരിചയപ്പെടുത്തുന്നത്. പിന്നീട് ചൂടപ്പം പോലെ വിറ്റഴിയുന്ന എൻടോർഖ് ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ മോഡലുകളുമായാണ് മാറ്റുരയ്ക്കുന്നത്. വില നേരിയ രീതിയിലായതിനാൽ വിൽപ്പനയെ നേരിട്ട് ബാധിക്കാൻ യാതൊരു വിധ സാധ്യതയും കാണുന്നില്ലെന്ന് പറയാം.

ഫീച്ചറുകളുടെ കാര്യത്തിൽ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് ആപ്ലിക്കേഷൻ കണക്റ്റിവിറ്റി, അലേർട്ടുകൾ, നാവിഗേഷൻ അസിസ്റ്റ്, ട്രിപ്പ് റിപ്പോർട്ടുകൾ, ഓട്ടോ എസ്എംഎസ് റിപ്ലൈ, പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാം ടിവിഎസിൻ്റെ സ്പോർട്ടി സ്‌കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്. XP വേരിയന്റിൽ റേസ്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ബ്ലാക്ക് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പ് തുടങ്ങിയ ഫീച്ചറുകളും മോഡലിൻ്റെ ഭാഗമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








