49,999 രൂപയ്ക്ക് 86 KM റേഞ്ചുള്ള പുത്തൻ TVS ഇലക്‌ട്രിക് സ്‌കൂട്ടർ! രണ്ടര മണിക്കൂറിൽ ഫുൾ ചാർജ് ചെയ്യാനും പറ്റും
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെ നമ്പർ വൺ ബ്രാൻഡാണ് ടിവിഎസ്. ഐക്യൂബ് (TVS iQube) എന്നൊരു ഒറ്റ മോഡലിലൂടെ ബജാജ്, ഹീറോ, ഓല, ഏഥർ തുടങ്ങിയ വമ്പൻമാരെയെല്ലാം ഒതുക്കിയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. അതയ്ക്ക് മിടുക്കനാണ് ഐക്യൂബ് ഫാമിലി ഇവിയെന്ന് ഏവർക്കും ഇതിനോടകം മനസിലായിട്ടുണ്ടാവും. ഐക്യൂബിന് കൂട്ടായി കഴിഞ്ഞ കൊല്ലം പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടി ടിവിഎസ് വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ തേടുന്നവരെ ഉന്നംവെച്ച് കൊണ്ടുവന്ന ഓർബിറ്റർ ഇവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്.
പ്രത്യേക ഡിസൈനും മികച്ച റേഞ്ചുമെല്ലാമായി എത്തിയ മോഡലും വിജയത്തേരിൽ മുന്നേറുകയാണിപ്പോൾ. ഇതിനിടയിലിതാ ഓർബിറ്റർ V1 എന്നൊരു പുത്തൻ ബേസ് മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ടിവിഎസ്. ബ്രാൻഡിൻ്റെ ഇലക്ട്രിക് സ്‌കൂട്ടർ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇവിയായി ഇതറിയപ്പെടും. ബാറ്ററി ആസ്-എ-സർവീസ് (BaaS) വഴി വാങ്ങാനാവുന്ന വാഹനത്തിന് 50,000 രൂപയിൽ താഴെയാണ് വില വരുന്നത്.

വെറും 49,999 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ ടിവിഎസ് ഓർബിറ്റർ V1 ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തിയിരിക്കുന്നത്. BaaS വഴി ഉപഭോക്താക്കൾക്ക് മുഴുവൻ ബാറ്ററി ചെലവും മുൻകൂറായി നൽകുന്നതിനുപകരം ബാറ്ററി ഉപയോഗം സബ്‌സ്‌ക്രൈബ് ചെയ്യാൻ അനുവദിക്കുന്നു. പ്രതിമാസം 862 രൂപയിൽ (3 വർഷത്തിൽ കൂടുതൽ) പ്ലാനുകൾ ആരംഭിക്കുന്നുവെന്നതും പുതിയ മോഡലിനെ പോക്കറ്റിൽ ഒതുക്കുന്ന കാര്യമാണ്.
കൂടാതെ സബ്‌സ്‌ക്രിപ്‌ഷനിൽ 5 വർഷം വരെ അല്ലെങ്കിൽ 70,000 കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടിയും പരിധിയില്ലാത്ത പ്രതിമാസ ഉപയോഗവും ഉൾപ്പെടുന്നുവെന്നും ടിവിഎസ് പറയുന്നു. ഓർബിറ്റർ V1 ഇവിക്ക് BaaS കൂടാതെ 84,500 രൂപയാണ് വില വരുന്നത്. ഇത് 99,900 രൂപ വിലയുള്ള ഓർബിറ്റർ V2 പതിനേക്കാൾ ഏകദേശം 15,000 രൂപ കുറവ് വിലയിലാണ് വരുന്നത്. BaaS സ്കീം തിരഞ്ഞെടുക്കുകയാണെങ്കിൽ 49,999 രൂപയ്ക്ക് സ്വന്തമാക്കാം.

1.8kWh ബാറ്ററിയാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ബാറ്ററിയും ആകർഷകമായ BaaS വില നിര്‍ണയവുമായി എത്തിയ മോഡൽ വിജയം ആവർത്തിക്കുമെന്നാണ് ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡിൻ്റെ വിശ്വാസം. ഓര്‍ബിറ്റര്‍ ഇപ്പോള്‍ V1, V2 എന്നീ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 1.8kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചിരിക്കുന്ന പുതിയ ഓർബിറ്റർ V1 ഫുൾ ചാർജിൽ 86 കിലോമീറ്റർ റേഞ്ചാണ് നൽകുക.
ഓർബിറ്റർ V2 പതിപ്പ് 3.1kWh ബാറ്ററിയുമായി 158 കിലോമീറ്റർ IDC റേഞ്ച് നൽകുമെന്നും ടിവിഎസ് പറയുന്നു. ചെറിയ ബാറ്ററി പായ്ക്ക് വളരെ കുറഞ്ഞ റേഞ്ച് കണക്കുകളിലേക്ക് വിവർത്തനം ചെയ്യുമെങ്കിലും ചാർജിംഗ് സമയം കുറഞ്ഞു എന്നാണ് ഇതിനർഥം. അതായത് ഇവി 0-80 ശതമാനം ചാർജ് ചെയ്യുന്നതിന് 2 മണിക്കൂർ 20 മിനിറ്റ് മാത്രം മതിയാവും.അതേസമയം ഓർബിറ്റർ V2 മോഡലിലെ വലിയ ബാറ്ററി 4 മണിക്കൂർ 10 മിനിറ്റിലാണ് ഈ ചാർജ് കണക്കുകൾ കൈവരിക്കുക.
രണ്ട് വേരിയൻ്റുകളിലേയും ബാറ്ററി പായ്ക്കിൽ മാത്രമാണ് വ്യത്യാസമുള്ളത്. 14 ഇഞ്ച് ഫ്രണ്ട്, 12 ഇഞ്ച് റിയർ വീൽ സെറ്റപ്പ്, മൊബൈൽ ആപ്പിനൊപ്പം ടേൺ-ബൈ-ടേൺ നാവിഗേഷൻ പ്രാപ്തമാക്കുന്ന എൽസിഡി ക്ലസ്റ്റർ എന്നിവയെല്ലാം ഇവിയിൽ ലഭ്യമാവും. ഇതുകൂടാതെ ഓവർ-ദി-എയർ അപ്ഡേറ്റുകൾ, ആന്റി-തെഫ്റ്റ്, ക്രാഷ്, ജിയോ-ഫെൻസിംഗ് നോട്ടിഫിക്കേഷനുകൾ ഉൾപ്പെടെയുള്ള സേഫ്റ്റി അലേർട്ടുകളും ലഭിക്കുന്നുണ്ട്.
ഇക്കോ, പവർ മോഡുകളിലേക്കുള്ള ആക്‌സസ്, ഹിൽ-ഹോൾഡ് അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റ് (റിവേഴ്സ് ഫംഗ്ഷൻ), ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള ഫീച്ചറുകളും ടിവിഎസ് ഓർബിറ്റർ V1 ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 845 മില്ലീമീറ്റർ നീളമുള്ള ഫ്ലാറ്റ് സീറ്റും 34 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജുമാണ് ഇതിലെ മറ്റൊരു പ്രത്യേകത. എന്തായാലും ബാറ്ററി ആസ്-എ-സർവീസ് വഴി ടിവിഎസിന് ഞെട്ടിക്കാനായിട്ടുണ്ടെന്ന് പറയാം.


Click it and Unblock the Notifications