സെഗ്മെൻ്റിലെ ഏറ്റവും സ്പീഡുള്ള ബൈക്ക്, 67 KM മൈലേജും കിട്ടും; പക്ഷേ ഇനി പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് TVS
ഇന്ത്യക്കാർക്ക് ഇപ്പോൾ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത ബൈക്കായി പേരെടുത്തിരിക്കുകയാണ് ടിവിഎസ് റൈഡർ 125. കാഴ്ച്ചയിലെ സുന്ദരമായ രൂപവും ഫീച്ചറുകളുടെ സമ്പന്നതയും ഒടുക്കത്തെ മൈലേജും എല്ലാമായി തൻ്റേതായ സ്ഥാനം കണ്ടെത്തിയ മിടുക്കന് ഇപ്പോൾ 11 ലക്ഷത്തിനടുത്ത് സ്ന്തോഷവാൻമാരായ ഉടമകളുണ്ട്. സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിന് തീപ്പൊരിയിട്ട മോഡൽ ശരിക്കും വിപ്ലവം തന്നെയാണ് സൃഷ്ടിച്ചെടുത്തത്. പ്രായമായവർക്കും പയ്യൻമാർക്കുമെല്ലാം ഒരേ പോലെ ചേരുന്ന ഡിസൈൻ എതിരാളികൾ പോലും അതിശയത്തോടെ നോക്കിനിന്നിട്ടുണ്ടാവും. ചെറിയ വിലയിൽ രാജാവിനെ പോലെ റോഡിലൂടെ കുതിച്ചുപായാനാവും റൈഡർ സ്വന്തമാക്കിയാൽ.
എന്നാൽ ഇനിയൊന്ന് വാങ്ങാൻ പ്ലാനിട്ടിരുന്നവരെ ചെറുതായൊന്ന് നിരാശപ്പെടുത്തുകയാണ് ടിവിഎസ്. പുതുവർഷത്തോട് അനുബന്ധിച്ച് മോഡൽ നിരയിൽ നടപ്പിലാക്കിയ വില വർധനവ് റൈഡറിനും സംഭവിച്ചിരിക്കുകയാണ്. എന്നാൽ സാധാരണക്കാരുടെ പോക്കറ്റ് കീറാതെയുള്ള വിലക്കയറ്റമാണ് ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്നത് എന്നത് ഏവർക്കും സന്തോഷം നൽകുന്ന കാര്യമാണ്.

വില വർധനവ് റൈഡറിൻ്റെ തെരഞ്ഞെടുത്ത വകഭേദങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കും. ഫീച്ചറുകൾ, ഹാർഡ്‌വെയർ, ഡിസൈൻ എന്നിവയിൽ വ്യത്യാസമുള്ള 6 വേരിയൻ്റുകളിലാണ് കമ്മ്യൂട്ടർ സ്പോർട്ടി മോട്ടോർസൈക്കിൾ ലഭ്യമാക്കിയിരിക്കുന്നത്. ബൈക്കിൻ്റെ ഏറ്റവും പുതിയ വേരിയൻ്റ് തിരിച്ചുള്ള വിലകളും അതത് വില പരിഷ്ക്കാരവും എങ്ങനെയാണെന്ന് വിശദമായി നോക്കിയാലോ? ബേസ് ഡ്രം മോഡലിന് 1,250 രൂപ വർധിച്ച് 82,000 രൂപയായി പുതുക്കിയ എക്സ്ഷോറൂം വില.
അതേസമയം ടിവിഎസ് റൈഡർ 125 സിംഗിൾ സീറ്റ് ഡിസ്‌ക് വേരിയൻ്റിന് 950 രൂപ വർധിച്ച് 87,600 രൂപയായി പുതുക്കിയ എക്സ്ഷോറൂം വില. iGO, സ്പ്ലിറ്റ് സീറ്റ് വകഭേദത്തിന് 900 രൂപ കൂടി 91,650 രൂപയായപ്പോൾ ബൈക്കിൻ്റെ സൂപ്പർ സ്ക്വാഡ് പതിപ്പിനും 900 രൂപ വർധിച്ച് 92,650 രൂപയായി പുതിയ വില. SXC ഡ്യുവൽ ഡിസ്ക്കിന് 725 രൂപ ഉയർത്തി 95,225 രൂപയാക്കി കമ്പനി.

മറുവശത്ത് ടിവിഎസിൻ്റെ സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൻ്റെ ടോപ്പ് എൻഡ് TFT ഡ്യുവൽ ഡിസ്‌ക് വേരിയൻ്റിന് 1050 രൂപ വർധിപ്പിച്ച് 97,050 രൂപയാക്കി എക്സ്ഷോറൂം വില. വില വർധനവ് വളരെ കുറവായതിനാൽ വിൽപ്പനയെ നേരിട്ട് ബാധിക്കാനിടയില്ലെന്ന് വേണം പറയാൻ. ഈ വിഭാഗത്തിലേക്ക് ഹോണ്ട CB 125 ഹോർനെറ്റ്, ഹീറോ എക്‌സ്‌ട്രീം 125R പോലുള്ള ബൈക്കുകളുടെ വരവോടെ മത്സരം കൂടുതൽ കനത്തിട്ടുണ്ട്.
എങ്കിലും എതിരാളികളെ അപേക്ഷിച്ച് റൈഡർ 125 സാങ്കേതികവിദ്യയുടെയും പെർഫോമൻസിൻ്റെയും കാര്യത്തിൽ ആകർഷകമായ ഒരു നിർദ്ദേശമായി തുടരുകയാണ്. റൈഡറിൽ iGO അസിസ്റ്റുള്ള ബൂസ്റ്റ് മോഡ്, എബിഎസ് ഉള്ള ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) എന്നിവയെല്ലാം ടിവിഎസ് കോർത്തിണക്കിയിട്ടുണ്ട്. അതിനാൽ മികച്ച പെർഫോമൻസിനൊപ്പം നല്ല മൈലേജും നൽകാൻ മോട്ടോർസൈക്കിളിനാവുന്നുണ്ട്.

125 സിസി, 3-വാൽവ് എഞ്ചിനാണ് ടിവിഎസിൻ്റെ സ്പോർട്ടി കമ്മ്യൂട്ടർ ബൈക്കിന് തുടിപ്പേകാൻ എത്തുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11.2 bhp കരുത്തിൽ പരമാവധി 11.75 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 0-60 കിലോമീറ്റർ വേഗത വെറും 5.8 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന ബൈക്കിൻ്റെ പരമാവധി വേഗം 99 കിലോമീറ്ററാണെന്നും ടിവിസ് പറയുന്നു. മെച്ചപ്പെട്ട ഗ്രിപ്പിനും കോർണറിംഗ് സ്റ്റെബിലിറ്റിക്കായി റൈഡറിൽ വീതിയേറിയ ടയറുകൾ (90/90-17 ഫ്രണ്ട്, 110/80-17 റിയർ) കമ്പനി ഒരുക്കിയിട്ടുണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ്, നാവിഗേഷൻ, കോൾ, നോട്ടിഫിക്കേഷൻ മാനേജ്‌മെൻ്റ് എന്നീ സവിശേഷതകൾ ഉൾപ്പെടുന്ന ടിഎഫ്ടി ഡിസ്‌പ്ലേ അല്ലെങ്കിൽ ഒരു റിവേഴ്‌സ് എൽസിഡി ക്ലസ്റ്റർ തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ അനുസരിച്ച് ലഭിക്കും. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി മുൻവശത്ത് ലോ-ഫ്രക്ഷൻ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്‌ഡ് 5-സ്റ്റെപ്പ് അഡ്‌ജസ്റ്റബിൾ മോണോഷോക്കുമാണുള്ളത്.


Click it and Unblock the Notifications








