സ്പ്ലെൻഡർ പോലും ഞെട്ടി, ഈ ടിവിഎസ് ബൈക്ക് ഇതുവരെ വാങ്ങിയത് 19 ലക്ഷം ആളുകൾ! വിദേശികൾക്കും പ്രിയൻ
ഇന്ത്യയിലെ സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചുകൊണ്ട് ടിവിഎസ് പുറത്തിറക്കിയ മോഡലായിരുന്നു റൈഡർ 125. കമ്മ്യൂട്ടർ മോഡലുകൾ മാത്രം അരങ്ങുവാണിരുന്ന ഈ വിഭാഗത്തിലേക്ക് പുതിയ സാധ്യതകൾ തുറന്നിട്ടാണ് റൈഡർ വന്നെത്തിയത്. സ്പോർട്ടിയർ ലുക്കും ഒതുക്കമുള്ള വലിപ്പവുമെല്ലാമായി യൂത്തൻമാർക്കിടയിലും അല്ലാത്തവർക്കിടയിലും മോഡൽ വലിയ സ്വീകാര്യത തന്നെ നേടിയെടുത്തുവെന്ന് വേണം പറയാൻ. ബ്രാൻഡ് പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ബംബർ ഹിറ്റടിച്ച കുഞ്ഞൻ ബൈക്കിന്റെ വിൽപ്പന ഇപ്പോഴും കുതിച്ചുയരുകയാണ്. വിക്‌ടർ, സ്റ്റാർസിറ്റി, റേഡിയോൺ പോലുള്ള മോഡലുകളിലൂടെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ വിപ്ലവം തീർത്ത കമ്പനിക്ക് പുതിയ ഊർജമായി റൈഡർ.
ഇപ്പോഴിതാ മോഡലിന്റെ വിൽപ്പനയിൽ പുതിയൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. 2021 ൽ പുറത്തിറക്കിയ റൈഡർ 125 ബൈക്കിന്റെ വിൽപ്പന 19 ലക്ഷം കവിഞ്ഞിരിക്കുകയാണ്. ആഭ്യന്തര വിപണിയിലേയും അന്തർദേശീയ വിപണികൾക്കായി കയറ്റിയയച്ചതും കൂട്ടിയാണ് ഈയൊരു മാന്ത്രിക സംഖ്യയിൽ വിൽപ്പന എത്തിനിൽക്കുന്നത്. ടിവിഎസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി റൈഡർ മാറിയിരിക്കുകയാണ്.

നിലവിൽ കമ്പനിയുടെ മൊത്തം മോട്ടോർസൈക്കിൾ വിൽപ്പനയുടെ മൂന്നിലൊന്ന് ഭാഗവും ഇതിൽ നിന്നാണ്. മൊത്തം വിൽപ്പനയുടെ 16.20 ലക്ഷം യൂണിറ്റുകളും ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചപ്പോൾ കയറ്റുമതി ഏകദേശം 2.86 ലക്ഷം യൂണിറ്റുകളാണ്. ഇത് ഇന്ത്യയിലും വിദേശ വിപണികളിലും മോട്ടോർസൈക്കിളിന്റെ ശക്തമായ സ്വീകാര്യതയാണ് കാട്ടിത്തരുന്നത്. ഇക്കഴിഞ്ഞ ദിവസം ബൈക്കിന്റെ 2026 മോഡലും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.
ഡ്രം, സിംഗിൾ സീറ്റ്, സ്പ്ലിറ്റ് സീറ്റ്, iGO, SSE, SXC DD, TFT DD എന്നിങ്ങനെ ഒന്നിലധികം വേരിയന്റുകളിലാണ് ഇപ്പോൾ 2026 ടിവിഎസ് റൈഡർ 125 വിപണിയിലെത്തുന്നത്. ഇതിലെ ബേസ് ഡ്രം പതിപ്പിന് 82,860 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം XC DD, TFT DD വേരിയന്റുകൾക്ക് യഥാക്രമം 96,725 രൂപയും 98,550 രൂപയും മുടക്കേണ്ടി വരുന്നതാണ്. പുതിയ അപ്ഡേറ്റിന്റെ ഭാഗമായി ബൈക്കിലേക്ക് നൈട്രോ ഗ്രീൻ കളർ ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്.

ഹെഡ്‌ലാമ്പ് കൗൾ, ഫ്രണ്ട് ഫെൻഡർ, ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, ബെല്ലി പാൻ തുടങ്ങിയ ഭാഗങ്ങളിലാണ് നൈട്രോ ഗ്രീൻ നൽകിയിരിക്കുന്നത് അതോടൊപ്പം ബോഡി കളറിന് ചേരുന്ന വിധത്തിലുള്ള ഗ്രീൻ ഫ്രണ്ട് അലോയ് വീലും കൂടിയാവുമ്പോൾ റൈഡറിന്റെ സ്‌പോർട്ടിനെസ് കൂടുകയും ചെയ്യുന്നു. ഇതോടൊപ്പം ബൈക്കിന് ഇണങ്ങുന്ന വിധത്തിലുള്ള ഗ്രാഫിക്‌സും ഇടംപിടിച്ചിട്ടുള്ളതിനാൽ സംഭവം തിമിർത്തിട്ടുണ്ട്.
നൈട്രോ ഗ്രീന് പുറമെ മെറ്റാലിക് ബ്ലൂ, സ്ട്രൈക്കിംഗ് റെഡ് എന്നീ കളർ ഓപ്ഷനുകളും ടിവിഎസ് റൈഡറിലുണ്ട്. ടോപ്പ്-സ്‌പെക്ക് വേരിയന്റിൽ ഒരു പുതിയ കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോഡൽ ഇയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഓറഞ്ച്-ബ്ലാക്ക് തീം ഉപയോഗിച്ചുള്ള ഇന്റർഫേസാണ് ക്ലസ്റ്ററിന് സ്പോർട്ടി ഫീലാണ് സമ്മാനിക്കുന്നത്. നാവിഗേഷൻ, കോൾ അലേർട്ടുകൾ, റൈഡ് അനലിറ്റിക്‌സ്, ക്ലൈമറ്റ് അപ്‌ഡേറ്റുകൾ, ലൈവ് സ്‌കോർ ട്രാക്കിംഗ് തുടങ്ങിയ ഫീച്ചറും ഇതിലുണ്ട്.

2026 മോഡലിന്റെ മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, ഗ്ലൈഡ് ത്രൂ ട്രാഫിക് (GTT) സാങ്കേതികവിദ്യ, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷൻ, ഫോളോ-മീ-ഹോം ഹെഡ്‌ലൈറ്റ് തുടങ്ങിയ സവിശേഷതകളും പുത്തൻ റൈഡർ നിരയുടെ ഭാഗമായിട്ടുണ്ട്. 124.8 സിസി എയർ-ആൻഡ്-ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് കുഞ്ഞൻ സ്പോർട്ടി ബൈക്കിന് തുടിപ്പേകാനായി എത്തുന്നത്.
5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11.38 bhp കരുത്തിൽ പരമാവധി 11.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും കഴിയും. അതേസമയം iGO അസിസ്റ്റ് ഫംഗ്ഷൻ 11.75 Nm വരെ ടോർക്ക് ഔട്ട്പുട്ട് വർധിപ്പിക്കുകയും ചെയ്യും. ഒതുക്കമുള്ള രൂപവും ലൈറ്റ് വെയ്റ്റ് ഡിസൈനും കൂടിയാവുമ്പോൾ ടിവിഎസ് റൈഡറിന് 5.8 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുമെന്നും ടിവിഎസ് അവകാശപ്പെടുന്നു.


Click it and Unblock the Notifications