ടിവിഎസിന്റെ പുതിയ അഡ്വഞ്ചർ ബൈക്ക് റെഡി, ആദ്യം വിദേശികൾക്ക് കൊടുക്കും! ഈ വർഷം ഇന്ത്യയിലേക്കും
ടിവിഎസ് എന്ന് കേൾക്കുമ്പോഴേ പലർക്കും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന അപ്പാച്ചെയും ജുപ്പിറ്ററും എൻടോർക്കും പോലുള്ള മോഡലുകളാവും അല്ലേ. എന്നാൽ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ കുഞ്ഞൻ ബൈക്കുകളെല്ലാം നിർമിക്കുന്ന ടിവിഎസിനെ പലർക്കും അറിയില്ല. കൂടാതെ ഗ്ലോബൽ ടൂവീലർ നിർമാതാക്കളായ നോർട്ടൺ മോട്ടോർസൈക്കിൾസിന്റെ ഉടമസ്ഥർ കൂടിയാണ് ടിവിഎസ് എന്ന തിരുക്കുറുങ്കുടി വെങ്കയം സുന്ദരം മോട്ടോർസ്. ഇംഗ്ലണ്ടിലെ ബിർമിങ്ഹാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈക്ക് നിർമാണ കമ്പനിയെ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ ബ്രാൻഡ് സ്വന്തമാക്കുന്നത്. വലിയ കടക്കെണിയിലായിരുന്ന നോർട്ടണെ ടിവിഎസ് ഏകദേശം 153 കോടി രൂപ മുടക്കിയാണ് സ്വന്തമാക്കുന്നത്.
തുടർന്ന് നോർട്ടൺ മോട്ടോർസൈക്കിൾസിന്റെ പുനരുജ്ജീവന പദ്ധതികൾക്കും വലിയ തുക മുടക്കി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടിവിഎസ് മോട്ടോർ കമ്പനിയുടെ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ആദ്യത്തെ അറ്റ്ലസ് മോട്ടോർസൈക്കിൾ പുറത്തിറക്കി പുതിയൊരു നാഴികക്കല്ലിലെത്തിയിരിക്കുകയാണ് കമ്പനി. അടുത്ത മാസം നടക്കാനിരിക്കുന്ന മോഡലിന്റെ ഔദ്യോഗിക ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായാണ് അറ്റ്ലസ് അഡ്വഞ്ചർ ബൈക്ക് പിറവിയെടുത്തിരിക്കുന്നത്.

ഇന്ത്യയിൽ നിർമിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനാണ് ടിവിഎസിന്റെ പദ്ധതി. ഇന്ത്യയിലാണ് ബൈക്കി പൂർണമായും ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും യുകെയിലെ സോളിഹുള്ള കമ്പനിയുടെ ആസ്ഥാനത്താണ് അറ്റ്ലസ് രൂപകൽപ്പന ചെയ്ത് എഞ്ചിനീയറിംഗ് ചെയ്തിരിക്കുന്നതെന്ന് നോർട്ടൺ പറയുന്നു. നോർട്ടന്റെ യുകെ പ്ലാന്റ് നിലവിൽ ഫ്ലാഗ്ഷിപ്പ് മാങ്ക്സ് R സൂപ്പർബൈക്കിന്റെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ അറ്റ്ലസിന്റെ പൂർണ നിർമാണ ചുമതലയും ഹൊസൂരിലെ പ്ലാന്റിനാണ്.
നോർട്ടന്റെ പുതുക്കിയ ഉൽപ്പന്ന തന്ത്രത്തിന്റെ ഭാഗമായി 2025 EICMA മോട്ടോർസൈക്കിൾ ഷോയിലാണ് അറ്റ്ലസും അറ്റ്ലസ് GT വേരിയന്റും ആദ്യമായി പ്രദർശിപ്പിക്കുന്നത്. മിഡിൽവെയ്റ്റ് അഡ്വഞ്ചർ, സ്പോർട്സ്-ടൂറിംഗ് വിഭാഗങ്ങളിലേക്ക് ബ്രാൻഡിന്റെ സാന്നിധ്യം വ്യാപിപ്പിക്കുക എന്നതാണ് രണ്ട് മോട്ടോർസൈക്കിളുകളുടെയും ലക്ഷ്യം. പുതുതായി വികസിപ്പിച്ചെടുത്ത 270-ഡിഗ്രി ഫയറിംഗ് ഓർഡറുള്ള 585 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിനാണ് അറ്റ്ലസ് ശ്രേണിയുടെ ഹൃദയം.
എഞ്ചിൻ ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനുള്ളിലാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ സമഗ്രമായ ഇലക്ട്രോണിക്സ് പാക്കേജുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ആഗോള വിപണികളിൽ വലിയ തരംഗം സൃഷ്ടിക്കാൻ പുതിയ അഡ്വഞ്ചർ ബൈക്ക് നിരയ്ക്ക് സാഘിക്കും. അഡ്വഞ്ചർ ക്യാരക്റ്റർ വർധിപ്പിക്കുന്നതിന് സ്റ്റാൻഡേർഡ് അറ്റ്ലസിൽ 19 ഇഞ്ച് ഫ്രണ്ട് വീലുകളാണ് നോർട്ടൺ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം അറ്റ്ലസ് ജിടിയിൽ കൂടുതൽ റോഡ്-ഓറിയന്റഡ് റൈഡിംഗ് അനുഭവത്തിനായി രണ്ട് വശത്തും 17 ഇഞ്ച് വീൽ സജ്ജീകരണവും ഉപയോഗിക്കുന്നു.
നോർട്ടൺ അറ്റ്ലസിൽ ഒരു ബോഷ് സിക്സ്-ആക്സിസ് IMU സജ്ജീകരിച്ചിരിക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത് ലീൻ-സെൻസിറ്റീവ് റൈഡർ എയ്ഡുകളും കോർണറിംഗ് ഫംഗ്ഷനുകളും പ്രാപ്തമാക്കുന്നു. മോട്ടോർസൈക്കിളിന് അഞ്ച് റൈഡർ മോഡുകൾ, പൂർണമായും ക്രമീകരിക്കാവുന്ന KYB സസ്പെൻഷൻ, കോർണറിംഗ് ക്രൂയിസ് കൺട്രോൾ, 8 ഇഞ്ച് TFT ഡിസ്പ്ലേ, നോർട്ടൺ റൈഡർ ആപ്പ് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയും ലഭിക്കുന്നുണ്ട്.

നോർട്ടന്റെ ഫ്യൂച്ചർ പദ്ധതികളിൽ അറ്റ്ലസ് ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇത് ഒന്നിലധികം അന്താരാഷ്ട്ര വിപണികളിൽ വിൽക്കപ്പെടും. ഇന്ത്യയിലെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികൾക്കും ആവേശം പകരാനായി ബൈക്ക് വിപണിയിലെത്തുന്നതായിരിക്കും. ഈ വർഷം അവസാനം അറ്റ്ലസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് നോർട്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്.
2027 സാമ്പത്തിക വർഷത്തിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ടിവിഎസ് മോട്ടോർ കമ്പനിയുടെ വരാനിരിക്കുന്ന പ്രീമിയം റീട്ടെയിൽ ശൃംഖലയായ ടിവിഎസ് പാഡോക്ക് വഴി വിൽപ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൊസൂരിൽ ഇപ്പോൾ ഉത്പാദനം ആരംഭിച്ചിരിക്കുന്നതിനാൽ അടുത്ത മാസം അറ്റ്ലസിന്റെ ആഗോള ലോഞ്ചിനായി നോർട്ടൺ തയാറെടുക്കുകയാണ്. തുടർന്ന് 2026 മൂന്നാം പാദത്തിൽ പ്രധാന അന്താരാഷ്ട്ര വിപണികളിൽ ഉപഭോക്തൃ ഡെലിവറികളും കമ്പനി ആരംഭിക്കും.


Click it and Unblock the Notifications