ആദ്യകാല സ്‌കൂട്ടറിൻ്റെ കോപ്പി, വെസ്‌പയുടെ സ്പെഷ്യൽ എഡിഷനുമായി കമ്പനി; വിലയും അടിപൊളി
സ്‌കൂട്ടറുകൾ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ പലരുടേയും മനസിൽ ആദ്യം വരുന്ന പേര് ആക്‌ടിവയെന്നോ ജുപ്പിറ്റർ എന്നോ ആവാം. എന്നാൽ പണ്ടുകാലത്ത് ഗിയർ സ്‌കൂട്ടർ വിപണിയിൽ വിപ്ലവം തീർത്ത ഇതിഹാസമായിരുന്നു വെസ്‌പ. പതിറ്റാണ്ടുകൾക്കപ്പുറം ഗിയർലെസ് പതിപ്പിൽ എത്തിയപ്പോഴും മിന്നുംവിജയം കരസ്ഥമാക്കാൻ വെസ്‌പയ്ക്കായി. പക്ഷേ സാധാരണ സ്‌കൂട്ടറുകളേക്കാൾ അൽപം വില കൂടിയ മോഡലായതിനാൽ വലിയ കണക്കുകളൊന്നും ആശാന് മുമ്പോട്ട് വെക്കാനുണ്ടാവില്ല. പക്ഷേ വെസ്‌പ കൈയിലുണ്ടേൽ അതിൻ്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്. നല്ല കിടിലൻ പെർഫോമൻസും നല്ല ബിൽഡ് ക്വാളിറ്റിയുമെല്ലാമുള്ള ഇതുപോലൊരു സ്കൂട്ടർ വേറെയുണ്ടോയെന്ന് സംശയമാണ്.
ഇപ്പോഴിതാ വെസ്‌പയുടെ ഒഫീസിന 8 സ്പെഷ്യൽ എഡിഷൻ എന്നൊരു പുതുമോഡൽ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. ഇറ്റലിയിലെ പിയാജിയോയുടെ പോണ്ടെഡെറ പ്ലാന്റിൽ നടന്ന ചരിത്രപ്രസിദ്ധമായ വർക്ക്‌ഷോപ്പിന് ആദരമർപ്പിച്ചാണ് വാഹനത്തിൻ്റെ വരവ്. ആദ്യത്തെ വെസ്പയുടെ ആശയം രൂപപ്പെടുത്തി വികസിപ്പിച്ചെടുത്തത് ഇവിടെയാണ്. ലിമിറ്റഡ് എഡിഷൻ മോഡൽ 125 സിസി, 150 സിസി എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

കൂടാതെ 1.34 ലക്ഷം രൂപ മുതലാണ് വെസ്‌പ ഒഫീസിന 8 സ്പെഷ്യൽ എഡിഷന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത വെസ്പ ഡീലർഷിപ്പുകളിൽ ഇപ്പോൾ സ്കൂട്ടർ വിൽപ്പനയ്‌ക്ക് എത്തിയിട്ടുമുണ്ട്. പിയാജിയോ പ്ലാന്റിനുള്ളിൽ 1944-ൽ സ്ഥാപിതമായ സമർപ്പിത പരീക്ഷണ വകുപ്പിനെയാണ് ഓഫീഷിന 8 പരാമർശിക്കുന്നത്. പ്രധാന ഉൽപാദന നിരകളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ വർക്ക്‌ഷോപ്പ് പുതിയ മെക്കാനിക്കൽ ആശയങ്ങളുടെ പ്രോട്ടോടൈപ്പിംഗ്, പരീക്ഷണം, പരിഷ്ക്കരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഈ പരിതസ്ഥിതിയിലാണ് 1946-ൽ വെസ്പയുടെ യഥാർത്ഥ രൂപകൽപ്പന അന്തിമമാക്കുകയും പേറ്റന്റ് നേടുകയും ചെയ്തത്. സ്റ്റെപ്പ്-ത്രൂ സ്റ്റീൽ ഫ്രെയിം, ഹാൻഡിൽബാറിൽ ഫിറ്റഡ് ഗിയർ കൺട്രോളുകൾ, ബ്രാൻഡിൻ്റെ ഐഡൻ്റിറ്റി നിർവചിക്കുന്ന ഒരു കോംപാക്റ്റ് എഞ്ചിൻ ലേഔട്ട് തുടങ്ങിയ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്തിയതും ഇവിടെ നിന്നായിരുന്നു. പുതുതായി അവതരിപ്പിച്ച വെസ്പ ഒഫീസിന 8 അതിന്റെ പൈതൃകത്തെ പ്രവർത്തനപരമായ രൂപകൽപ്പനയിലൂടെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്.

സ്റ്റീൽ മോണോകോക്ക് ബോഡി ഈ മോഡലിനായി മാത്രം വികസിപ്പിച്ചെടുത്ത ബ്ലൂ ഒഫീസിന 8 എന്ന പ്രത്യേക മാറ്റ് മെറ്റാലിക് ഷേഡിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഒറിജിനൽ വർക്ക്ഷോപ്പുമായി ബന്ധപ്പെട്ട വ്യാവസായിക ഉപകരണങ്ങൾ, യന്ത്രങ്ങൾ, വർക്ക്‌വെയർ എന്നിവയെ ഈ നിറം പ്രതിഫലിപ്പിക്കുന്നതായി പറയപ്പെടുന്നു. ബ്രാസ്, അലുമിനിയം ടോണുകളിലെ മെറ്റാലിക് റിവറ്റുകളും ആക്സന്റുകളും കളർ ഓപ്ഷനെ കൂടുതൽ ഗ്ലാമറസാക്കുന്നുമുണ്ട്.
മെക്കാനിക്കലായി വെസ്‌പ ഒഫീസിന 8 സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. വെസ്പയുടെ നിരയിൽ നിലവിൽ ലഭ്യമായ പരിചിതമായ 125 സിസി, 150 സിസി എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പമാണ് സ്കൂട്ടർ വിപണനത്തിന് എത്തുക. 125 സിസി മോഡലുകളിൽ എഞ്ചിന് 7,100 ആർപിഎമ്മിൽ 9.3 bhp കരുത്തും 5,600 ആർപിഎമ്മിൽ 10.1 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതേസമയം പിയാജിയോ വെസ്‌പയിലെ 150 സിസി എഞ്ചിൻ 7,500 ആർപിഎമ്മിൽ 11.4 bhp കരുത്തും 6,100 ആർപിഎമ്മിൽ 11.66 Nm ടോർക്കും വരെ നിർമിക്കാൻ പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും ഒരു സിവിടി ഓട്ടോമാറ്റിരക് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. സ്കൂട്ടറിനൊപ്പം ഒഫീസിന 8 തീമുമായി പൊരുത്തപ്പെടുന്ന ആക്‌സസറികളുടെയും ഉൽപ്പന്നങ്ങളുടെയും ഒരു ഏകോപിത ശ്രേണി വെസ്പ അവതരിപ്പിച്ചിട്ടുണ്ട്.
ഒഫീസിന 8 ലിമിറ്റഡ് എഡിഷൻ്റെ അതേ മാറ്റ് മെറ്റാലിക് നിറത്തിലുള്ള ഹെൽമെറ്റ് സ്കൂട്ടറിനൊപ്പം സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. വാങ്ങുന്നവർക്ക് അതേ മാറ്റ് ടോണിൽ പൂർത്തിയാക്കിയ നിറങ്ങളുമായി പൊരുത്തപ്പെടുന്ന ടോപ്പ് ബോക്സും തിരഞ്ഞെടുക്കാം. വിൻഡ്‌ചീറ്ററുകൾ, ഹൂഡികൾ, ടി-ഷർട്ടുകൾ, ബാക്ക്‌പായ്ക്കുകൾ, ഒഫീസിന 8 ബ്രാൻഡിംഗ് ഉൾക്കൊള്ളുന്ന കീ ചെയിനുകൾ എന്നിവയും ആക്‌സസറിയായി ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








