ഐക്യൂബിനും ചേതക്കിനും വിശ്രമിക്കാം, കുറഞ്ഞ വിലയുള്ള പുത്തൻ 3 ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വിൻഫാസ്റ്റ് വരുന്നു
ഇന്ത്യയിലെ ഇലക്‌ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിൽ മെയ്‌ഡ് ഇൻ ഇന്ത്യ VF6, VF7 മോഡലുകളിലൂടെ വിപ്ലവം രചിച്ച് മുന്നേറുകയാണ് വിയറ്റ്നാമീസ് വൈദ്യുത വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ഹ്യുണ്ടായി, കിയ പോലുള്ള വമ്പൻമാരെ കാഴ്ച്ചക്കാരാക്കിക്കൊണ്ടാണ് ബ്രാൻഡ് കുതിച്ചുപായുന്നത്. ഇതോടൊപ്പം വിൻഫാസ്റ്റ്, ഇലക്ട്രിക് ബസുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയ മറ്റ് വിഭാഗങ്ങളിലേക്കും പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ടിവിഎസും ബജാജും ഏഥറുമെല്ലാം അരങ്ങുവാഴുന്ന സെഗ്മെന്റ് തൂക്കാനായി ബ്രാൻഡ് കൊണ്ടുവരുന്നതാവട്ടെ പുത്തൻ മൂന്ന് മോഡലുകളാണെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക ആവശ്യങ്ങൾക്കായി നിർമിച്ച ഇന്ത്യ-നിർദ്ദിഷ്ട ഇലക്ട്രിക് സ്കൂട്ടറുകൾ അധികം വൈകാതെ നിരത്തുകളിലേക്ക് എത്തും.
ഓട്ടോകാർ ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിൻഫാസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് ഏതൊക്കെ മോഡലുകൾ വരുമെന്ന കാര്യവും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിയറ്റ്നാമിൽ വിപണനം ചെയ്യുന്ന ഇവോ, ഫെലിസ്, വൈപ്പർ എന്നിയാണ് നമ്മുടെ രാജ്യത്തേക്ക് വരാനിരിക്കുന്നത്. ഈ ഉൽപ്പന്നങ്ങൾ ഓരോ വിപണിയിലെയും പ്രാദേശിക ഉപയോഗ സാഹചര്യങ്ങൾക്കും മൊബിലിറ്റി ശീലങ്ങൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തതായിരിക്കും എന്നും വിൻഫാസ്റ്റ് പറഞ്ഞു.

തുടക്കത്തിൽ വിയറ്റ്നാമിൽ നിന്ന് സ്കൂട്ടറുകൾ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ (CKD) യൂണിറ്റുകളായി ഇന്ത്യയിലെത്തിക്കും. തുടർന്ന് അവ തമിഴ്‌നാട്ടിലെ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്യാനാണ് ബ്രാൻഡിന്റെ പദ്ധതി. പ്രാദേശികവൽക്കരണവുമായി സംബന്ധിച്ച് തൂത്തുക്കുടിയിലെ SIPCOT ഇൻഡസ്ട്രിയൽ പാർക്കിൽ ഏകദേശം 200 ഹെക്ടർ ഭൂമി അനുവദിക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ഒരു ധാരണാപത്രം (MoU) ഒപ്പുവച്ചതായി കമ്പനി അവകാശപ്പെടുന്നുണ്ട്.
പിന്നീട് ഇവികൾക്ക് ഡിമാന്റ് ലഭിക്കുകയാണെങ്കിൽ ഇന്ത്യയിൽ തന്നെ പ്രാദേശികമായി നിർമിക്കാനും വൈദ്യുത വാഹന നിർമാതാക്കൾക്ക് പദ്ധതിയുണ്ട്. ഇനി ഇവികളുടെ മറ്റ് വിശദാംശങ്ങളിലേക്ക് വരികയാണെങ്കിൽ ഫെലിസും വൈപ്പറും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സാധാരണമായി കാണപ്പെടുന്ന പരമ്പരാഗത വലിയ വീലുകളുള്ള മോഡലുകളാണ്. അതേസമയം 12 ഇഞ്ച് വീലുകളുമായി വിപണിയിലെത്തുന്ന ഇവോ നമ്മുടെ സാധാരണ സ്കൂട്ടറുകളുമായി സാമ്യമുള്ളതാണ്.

2.4kWh ബാറ്ററി പായ്ക്കുകളാണ് ഇവോയ്ക്ക് കരുത്ത് പകരുന്നത്. ഇത് 2.25kW പീക്ക് പവർ നൽകുന്ന ഒരു ഹബ്-മൗണ്ടഡ് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 110 കിലോഗ്രാം ഭാരം എന്നിവയുള്ള മോഡലിന് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിൻഫാസ്റ്റ് ഇവോ ഇന്ത്യയിൽ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഏഥർ റിസ്‌ത തുടങ്ങിയ ബെസ്റ്റ് സെല്ലിംഗ് ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടറുകളുമായാവും മത്സരിക്കുക.
ഇന്നത്തെ വിനിമയ നിരക്കിൽ ഇവോയുടെ വില 22,800,000 VND ആണ്. അതായത് ഇന്ത്യൻ റുപ്പിയിലേക്ക് മാറുമ്പോകൾ ഇത് ഏകദേശം 81,204 രൂപയ്ക്ക് തുല്യമാണ്. അങ്ങനെ നോക്കുമ്പോൾ ബജറ്റ് ഫ്രണ്ട്ലി ഇവികൾ തേടുന്നവർക്കുള്ള ഉത്തരമായിരിക്കും വിൻഫാസ്റ്റ് ഇവോ. മറുവശത്ത് ഫെലിസും വൈപ്പറും ഹബ്-മൗണ്ടഡ് മോട്ടോറുകളുമാണ് വിപണിയിലെത്തുക. ഫെലിസിന് 3kWh ബാറ്ററി ശേഷിയുണ്ട്. അതേസമയം വൈപ്പറിന് വലിയ 4.8kWh ബാറ്ററിയുണ്ട്.
വൈപ്പറിൽ കൂടുതൽ ശക്തമായ 3kW മോട്ടോറും ഉണ്ടെന്ന് വിൻഫാസ്റ്റ് പറയുന്നു. ഫെലിസ് ഇലക്ട്രിക് സ്കൂട്ടറിന് അല്പം കുറഞ്ഞ ശക്തിയുള്ള 2.8kW മോട്ടോറാണ് കരുത്ത് പകരുക. ആകർഷകമായ വൈപ്പർ ഇവിക്ക് 45,500,000 VND ആണ് വില. അതായത് ഏകദേശം 1.63 ലക്ഷം രൂപ വരുമെന്ന് സാരം. മറുവശത്ത് ഫെലിസിന് 26,900,000 VND അല്ലെങ്കിൽ ഏകദേശം 96,000 രൂപയും വില വരുമെന്നാണ് നിലവിലെ നിഗമനം. അങ്ങനെ നോക്കുമ്പോൾ മോഡലുകൾ ഇന്ത്യക്കാർക്കിടയിൽ വലിയ വിജയമായേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








