150 KM റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന് ഒറ്റയടിക്ക് 30,000 രൂപ വെട്ടിക്കുറച്ച് കമ്പനി, ഇനി 99,999 രൂപ മതി
വെറൈറ്റി ലുക്കുള്ള സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയവരാണ് VLF എന്നറിയപ്പെടുന്ന ഇറ്റാലിയൻ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ വെലോസിഫെറോ (Velocifero Electric Scooter). യൂത്തൻമാരെ ആദ്യ നോട്ടത്തിൽ തന്നെ കറക്കി വീഴിക്കാൻ പാകമായ ഗ്ലാമറുള്ള മോഡലുകൾ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിഞ്ഞിട്ടുമുണ്ട്. ഇലക്ട്രിക്, പെട്രോൾ പതിപ്പുകളിൽ VLF ബ്രാൻഡിൻ്റെ ടൂവീലറുകൾ വാങ്ങാനുമാവും. ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഏറ്റവും ലുക്കുള്ള വെലോസിഫെറോ ടെന്നീസ് ഇപ്പോഴിതാ ലാഭത്തിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ഇവിയുടെ എക്സ്ഷോറൂം വില 30,000 രൂപയോളം വെട്ടിക്കുറച്ചാണ് കമ്പനി ഞെട്ടിച്ചിരിക്കുന്നത്.
VLF ഇന്ത്യ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറായ ടെന്നീസിൻ്റെ എക്സ്ഷോറൂം വില 30,000 രൂപ വെട്ടിക്കുറച്ചതോടെ ഇവി ഇപ്പോൾ 99,999 രൂപയ്ക്ക് സ്വന്തമാക്കാനാവും. കഴിഞ്ഞ വർഷം ആദ്യമാണ് ഇറ്റാലിയൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ വെലോസിഫെറോ (VLF) ഇന്ത്യൻ വാഹന വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുന്നത്. പിന്നീട് ബ്രാൻഡിൻ്റെ ആദ്യ മോഡലായി എത്തിയതും ടെന്നീസ് എന്ന മിടുമിടുക്കനായിരുന്നു.

KAW വെലോസ് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇറ്റാലിയൻ ബ്രാൻഡിൻ്റെ ഉൽപ്പന്നങ്ങൾ മോട്ടോഹൗസ് വഴിയാണ് ഇന്ത്യയിൽ വിൽക്കുന്നതും. 1500W മോട്ടോർ 2.6 kWh റിമൂവബിൾ LMFP ബാറ്ററി പായ്ക്കുമായാണ് വിപണനത്തിന് എത്തുന്നത്. സിംഗിൾ ചാർജിൽ 150 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും.
157 Nm പരമാവധി ടോർക്ക് വരെ ഉത്പാദിപ്പിക്കുന്നതിനായാണ് ഇവി ട്യൂൺ ചെയ്‌തിരിക്കുന്നതും. VLF ടെന്നീസിൻ്റെ ചാർജിംഗിലേക്ക് നോക്കിയാൽ ബാറ്ററി പൂർണമായി ചാർജാവാൻ വെറും 3 മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരികയെന്ന് VLF പറയുന്നു. കണ്ടാൽ ഭീമനായി തോന്നുമെങ്കിലും ഉയർന്ന ടെൻസൈൽ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ഇവിക്ക് വെറും 88 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. അതായത് പല പെട്രോൾ സ്കൂട്ടറുകളേക്കാലും ഭാരം കുറവാണെന്ന് സാരം.

ടെന്നീസിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് പ്രോഗ്രസീവ് കാൻ്റിലിവർ സസ്പെൻഷനോടുകൂടിയ ഹൈഡ്രോളിക് മോണോഷോക്ക് ആണ്. പ്രത്യേകിച്ച് തകർന്ന നഗര റോഡുകളിൽ, യാത്രാ സുഖവും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനാണ് ഈ സജ്ജീകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുൻവശത്ത് ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഫോർക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും ഒരുക്കിയിട്ടുണ്ട്.
ടെന്നീസ് ഇലക്ട്രിക് സ്കൂട്ടറിന് 12 ഇഞ്ച് വീലുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ലൈറ്റിംഗിനായി രണ്ട് അറ്റത്തും എൽഇഡി യൂണിറ്റുകളും ലഭിക്കും. VLF ഇവിയിൽ സ്പീഡോമീറ്ററിനായി 5 ഇഞ്ച് ഡിജിറ്റൽ TFT ഡിസ്പ്ലേയും ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വില കുറയുന്നതോടെ കൂടുതൽ ആളുകളിലേക്ക് എത്താനും വിൽപ്പന മെച്ചപ്പെടുത്താനും ഇറ്റാലിയൻ ബ്രാൻഡിനാവും.

ഇന്ത്യയിൽ വിപുലമായ ശൃംഖല കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ടയർ-1, ടയർ-2 നഗരങ്ങളിലായി 15 ഡീലർഷിപ്പുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക വർഷാവസാനത്തോടെ 50 ഡീലർഷിപ്പുകളിലേക്ക് വ്യാപിപ്പിക്കാനാണ് VLF ആഗ്രഹിക്കുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള പ്ലാൻ്റിൽ പ്രാദേശികമായിട്ടാണ് VLF ടെന്നീസ് നിർമിക്കുന്നത്. അപ്രീലിയയ്ക്ക് ശേഷം ഇന്ത്യയിൽ ടൂവീലറുകൾ നിർമിക്കുന്ന രണ്ടാമത്തെ ഇറ്റാലിയൻ ഇരുചക്ര വാഹന ബ്രാൻഡാണ് VLF എന്നതും ശ്രദ്ധേയമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








