പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ നിർമാണം തുടങ്ങി യമഹ! ഒറ്റ ചാർജിൽ 160 കിലോമീറ്റർ വരെ ഓടിക്കാം
ഇലക്‌ട്രിക് സ്‌കൂട്ടർ നിരയിലെ ഭീമൻമാരെ തകർക്കുവാനായി ഇന്ത്യയിലേക്ക് പുത്തൻ വൈദ്യുത സ്‌കൂട്ടറുമായി കടന്നുവരിയാണ് സാക്ഷാൽ യമഹ (Yamaha Electric Scooter). ഓല, ഏഥർ, ഒഖിനാവ തുടങ്ങിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ ആധിപത്യം സ്ഥാപിച്ച വിപണിയെ ടിവിഎസും ഹീറോയും ബജാജും ചേർന്ന് കൈപ്പിടിയിലാക്കിയപ്പോൾ കാഴ്ച്ചക്കാരായി ഗ്യാലറിയിലിരുന്ന യമഹ ഒടുവിൽ കളത്തിലിറങ്ങി കളിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അടുത്തിടെ പ്രദർശിപ്പിച്ച EC-06 ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് യമഹ. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി നിർമാണം കമ്പനി ആരംഭിച്ചതോടെ എതിരാളികളുടെ നെഞ്ചിൽ തീപടർന്നിട്ടുണ്ടാവും.
ഇപ്പോൾ മലയാളികൾക്കിടയിൽ വരെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന റിവർ ഇൻഡിയെ അടിസ്ഥാനമാക്കിയാണ് യമഹയുടെ പുതിയ EC-06 ഇലക്ട്രിക് സ്‌കൂട്ടറും പണികഴിപ്പിച്ചിരിക്കുന്നത്. ഇൻഡിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും അതിൻ്റെ സ്റ്റൈലിംഗിലും ഫീച്ചർ സെറ്റിലും ചില ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും ഡിസൈനിലായാലും റേഞ്ചിൻ്റെ കാര്യത്തിലായാലും ഇന്ത്യക്കാരെ തൃപ്ത്തിപ്പെടുത്താനുള്ള എല്ലാ സംഗതികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് കേട്ടോ.

യമഹ EC-06 ഇലക്ട്രിക് സ്കൂട്ടറിൻ്റെ ഉത്പാദനം കർണാടകയിലെ ഹോസ്കോട്ടിലുള്ള റിവറിൻ്റെ ഫാക്ടറിയിലാണ് നടക്കുന്നത് എന്നത് കൂടിയറിഞ്ഞാൽ പലർക്കും ആശ്ചര്യവും തോന്നിയേക്കാം. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ മലയാളികളുടെ ഇവി കമ്പനിയിൽ യമഹ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിക്ഷേപം നടത്തിയിരുന്നു. തുടർന്ന് ഇന്ത്യൻ വിപണിയിൽ ഒരു സംയുക്ത മോഡൽ അവതരിപ്പിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.
ഇതിൻ്റെ ഭാഗമായാണ് യമഹയുടെ EC-06 ഇലക്ട്രിക് സ്‌കൂട്ടർ പിറവിയെടുക്കുന്നത്. 4 kWh ഫിക്സഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് യമഹ EC-06 ഇവിയിൽ ഒരുക്കിയിരിക്കുന്നത്. 4.5 kW ഇലക്ട്രിക് മോട്ടോറാണ് യമഹയുടെ ഇവിയിലും പ്രവർത്തിക്കുക. ഇത് പരമാവധി 8.98 bhp വരെ ഔട്ട്‌പുട്ട് നൽകാനും പ്രാപ്‌തമാണെന്ന് കമ്പനി പറയുന്നു. ഈ കോമ്പിനേഷൻ സുഗമവും സ്ഥിരതയുള്ളതുമായ പ്രകടനവും ദൈനംദിന ഉപയോഗത്തിന് വേണ്ടുന്നതിലധികം റേഞ്ചും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.

EC-06 മോഡലിന് ഫുൾ ചാർജിൽ 160 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കണക്കുകളൊന്നുമല്ലെങ്കിലും ദൈനംദിന ഉപയോഗങ്ങൾക്ക് ഉതകുന്ന തരത്തിലാണ് റേഞ്ച് ക്രമീകരണവും സാധ്യമാക്കിയിരിക്കുന്നത്. അതേസമയം ടോപ്പ് സ്പീഡ് 90 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. മൂന്ന് റൈഡിംഗ് മോഡുകളും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
പാർക്കിംഗ് സമയത്ത് കൂടുതൽ സൗകര്യത്തിനായി ഒരു റിവേഴ്‌സ് മോഡും ലഭിക്കുന്നതായിരിക്കും. യമഹ EC-06 ഇവിയുടെ ബാറ്ററി ഒരു സ്റ്റാൻഡേർഡ് പ്ലഗ്-ഇൻ സിസ്റ്റം വഴി ചാർജ് ചെയ്യാനാവുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. 4 kWh ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 9 മണിക്കൂർ സമയം വേണ്ടിവരും. അതായത് രാത്രി ബാറ്ററി ചാർജിംന് ഇടുകയാണെങ്കിൽ നേരം വെളുക്കുമ്പേഴേക്കും ഫുൾ ചാർജിൽ വീട്ടിൽ നിന്നും വണ്ടിയെടുക്കാം.
എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലാമ്പ്, ഇൻഡിക്കേറ്ററുകൾ, കളർ എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 24.5 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയാണ് യമഹയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിലെ പ്രധാന ഫീച്ചറുകൾ. ഡിജിറ്റൽ കണക്റ്റിവിറ്റി മറ്റൊരു പ്രധാന ആകർഷണമാണ്. EC-06 ഇലക്ട്രിക് സ്കൂട്ടറിൽ ഇൻ-ബിൽറ്റ് ടെലിമാറ്റിക്സ് യൂണിറ്റും സിം അധിഷ്ഠിത കണക്റ്റിവിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തത്സമയ ഡാറ്റ ആക്‌സസും ലൊക്കേഷൻ ട്രാക്കിംഗും സാധ്യമാക്കുന്നു.
EC-06 ഇവിയുടെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഇനി വില കൂടി മികച്ചതാക്കാൻ യമഹയ്ക്ക് സാധ്യമായാൽ വിപണിയിലെ ഹോട്ട് സെല്ലിംഗ് മോഡലുകളായ ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥർ റിസ്‌ത എന്നിവയ്ക്ക് വെല്ലുവിളിയാവാൻ EC-06 മോഡലിന് എളുപ്പത്തിൽ സാധിക്കും. ഹോണ്ട ആക്ടിവ ഇവി പോലെ കാര്യങ്ങൾ കൂടുതൽ പൊല്ലാപ്പിലായില്ലെങ്കിൽ വൈദ്യുത സ്കൂട്ടർ രംഗത്ത് യമഹ വെന്നിക്കൊടി പാറിക്കുമെന്ന് തന്നെ കരുതാം.


Click it and Unblock the Notifications








