എന്നിട്ടും തീവില കൊടുക്കേണ്ട! 68.75 കിലോമീറ്റർ മൈലേജുള്ള ഹൈബ്രിഡ് സ്‌കൂട്ടറിന്റെ വില കൂട്ടി യമഹ
ഇന്ത്യയിലെ സ്‌കൂട്ടർ നിരയിൽ ഹോണ്ടയ്ക്കും ടിവിഎസിനുമൊപ്പം മത്സരിച്ച് തങ്ങളുടേതായ സ്ഥാനം അതിവേഗം കണ്ടെത്തിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. അതിന് സഹായിച്ചതാവട്ടെ ഫാസിനോ, റേ ZR എന്നീ കണ്ട് മിടുക്കൻ ഹൈബ്രിഡ് മോഡലുകളുമാണ്. ആക്‌ടിവയുടേയും ജുപ്പിറ്ററിന്റേയും പോലെ ലക്ഷക്കണക്കിന് യൂണിറ്റുകളൊന്നും ഓരോ മാസവും വിറ്റഴിക്കുന്നില്ലെങ്കിലും കമ്പനിക്ക് ലാഭകരമാവുന്ന വിധത്തിൽ ഇരുവരും പെർഫോമൻസ് നടത്തുന്നുണ്ട്. ഇതിൽ റേ യൂത്തൻമാരെ വശത്താക്കുമ്പോൾ ഫാസിനോ ഫാമിലി സ്കൂട്ടർ എന്ന പേരിലാണ് വിലസുന്നത്. എങ്കിലും സ്ത്രീകൾക്കാണ് ഇതിനോട് കൂടുതൽ കമ്പമെന്ന് മാത്രം.
എന്തായാലും യമഹയുടെ ഫാസിനോ 125 വാങ്ങാനിരിക്കുന്നവർക്ക് ചെറിയ നിരാശ നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ കമ്പനിയിൽ നിന്നും വരുന്നത്. ചില കാരണങ്ങളാൽ സ്‌കൂട്ടറിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. R-15, MT-15, എയ്റോക്‌സ് പോലുള്ള മോഡലുകൾക്ക് വില പരിഷ്ക്കാരം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഫാമിലി സ്‌കൂട്ടറായ ഫാസിനോയുടെ വിലയും ഉയർത്താൻ തീരുമാനമെത്തിയിരിക്കുന്നത്.

യമഹ ഫാസിനോയ്ക്ക് എക്സ്ഷോറൂം വിലയിൽ 1,000 രൂപയാണ് വർധനവുണ്ടായിരിക്കുന്നത്. ടിഎഫ്ടി ഡിസ്പ്ലേയുള്ള യമഹ ഫാസിനോ എസിനും ഡിസ്ക് ബ്രേക്കുള്ള ഫാസിനോയ്ക്കും ഈ വില വർധനവ് ബാധകമാണ്. പുതിയ വിലകൾ പ്രാബല്യത്തിൽ വരുന്നതോടെ ടോപ്-സ്പെക്ക് ഫാസിനോ എസിന് വില 96,200 രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് ഇപ്പോൾ 89,000 രൂപയുമാണ് മുടക്കേണ്ടി വരിക. ചെറിയ വർധനവായതിനാൽ വിൽപ്പനയെ ഇത് കാര്യമായി ബാധിക്കാനിടയില്ലെന്നാണ് അനുമാനം.
അതേസമയം ഫാസിനോ 125 ഡ്രം ബ്രേക്ക് വേരിയന്റ് ഇപ്പോഴും 76,500 രൂപയുടെ എക്സ്ഷോറൂം വിലയിൽ വാങ്ങാനാവും. ലോജിസ്റ്റിക്‌സിന്റെയും ഇൻപുട്ട് മെറ്റീരിയലുകളുടെയും ചെലവ് വർധിച്ചതിനാലാണ് ഫാസിനോയുടെ വിലയും കൂട്ടേണ്ടി വന്നിരിക്കുന്നതെന്ന് യമഹ വ്യക്തമാക്കി. നിലവിൽ യമഹ ഫാസിനോ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സ്കൂട്ടറിന്റെ പുതുക്കിയ മോഡൽ വിപണിയിസെത്തിയിരുന്നു.

പുത്തൻ ഫാസിനോയിൽ റീഡിസൈൻ ചെയ്‌ത ടെയിൽ സെക്ഷൻ ഉൾപ്പെടുത്തിയാണ് യമഹ പുറത്തിറക്കിയത്. സ്കൂട്ടറിന് കൂടുതൽ ഒതുക്കമുള്ള രൂപം നേടാൻ സഹായകരമായ ഈ ഡിസൈൻ ശരിക്കും ഞെട്ടിക്കുന്നതാണ്. ടെയിൽ സെക്ഷനിൽ ഇപ്പോൾ ഒരു ചെറിയ ടെയിൽലൈറ്റും പ്രത്യേക ടേൺ ഇൻഡിക്കേറ്ററുകളും കൊടുത്തിരിക്കുന്നത് പിന്നിലെ ലുക്ക് വർധിക്കാൻ സഹായകരമായിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ടെയിൽലൈറ്റും ടേൺ-ഇൻഡിക്കേറ്റർ സജ്ജീകരണവും പഴയ രൂപം പലർക്കും അത്ര ഇഷ്‌ടമല്ലായിരുന്നു.
പിന്നിലെ മാറ്റത്തിന് പുറമെ ഫാസിനോയുടെ പഴയ രൂപം അതേപടി നിലനിൽക്കുകയാണ്. 8.2 bhp കരുത്തിൽ പരമാവധി 10.3 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന അതേ 125 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഇപ്പോഴും സ്കൂട്ടറിന്റെ ഹൃദയം. മുമ്പത്തെപ്പോലെ ഫാസിനോയിൽ ഒരു ചെറിയ ഇലക്ട്രിക് ബൂസ്റ്റ് നൽകുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററം (ISG) കൊടുത്തിട്ടുണ്ട്. സ്കൂട്ടറിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും സൈലന്റ് സ്റ്റാർട്ട് സാങ്കേതികവിദ്യയും ഉണ്ട്.

ഫാസിനോയുടെ ടോപ്പ് എസ് വേരിയന്റിൽ ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ കളർ TFT ഡിസ്പ്ലേയും ഇപ്പോൾ ലഭ്യമാണെന്നത് കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ അണ്ടർബോൺ ഷാസിയിലാണ് സ്കൂട്ടറിനെ ഒരുക്കിയിട്ടുള്ളത്. സസ്പെൻഷനായി മുന്നിൽ ഒരു ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ലഭിക്കുക. വേരിയന്റിനെ ആശ്രയിച്ച് ഫ്രണ്ട് ഡിസ്ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളുള്ള 12 ഇഞ്ച് അലോയ് വീലുകളിലാണ് സ്കൂട്ടർ വിപണിയിലെത്തുക.
വെറും 99 കിലോഗ്രാം ഭാരം മാത്രമാണ് ഫാസിനോയ്ക്കുള്ളത് എന്നതിനാൽ ലേഡീസിനെല്ലാം അനായാസം കൊണ്ടുനടക്കാനാവും. ഇന്ത്യയിലെ 125 സിസി ഗിയർലെസ് സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്‌ടിവ, ടിവിഎസ് ജുപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവയുമായാണ് യമഹ ഫാസിനോയുടെ മത്സരം. പുതുക്കിയ വില എന്തായാലും വിൽപ്പനയെ ബാധിക്കില്ലെന്ന് തന്നെ കരുതാം. അതോടൊപ്പം ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നതും വിൽപ്പനയ്ക്ക് ബൂസ്റ്റായേക്കും.


Click it and Unblock the Notifications