15 ശതമാനം പെട്രോൾ മതി! ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുമായി യമഹ, വില 1.24 ലക്ഷം രൂപയേയുള്ളൂ
ഫ്ലെക്‌സ് ഫ്യുവൽ വാഹനങ്ങളും E20 പെട്രോളുമെല്ലാം രാജ്യത്ത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലേക്ക് പുതിയ വാഹനങ്ങൾ പുറത്തിറക്കുകയാണ്. മാരുതി സുസുക്കിക്കും ഹീറോ മോട്ടോകോർപ്പിനും ശേഷം ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹയും പുതിയ യമഹ FZ ബ്ലൂ ഫ്ലെക്സ് എന്ന ഫ്ലെക്‌സ് ഫ്യുവൽ ബൈക്കുമായി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. E20 മുതൽ E85 വരെയുള്ള എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന മോഡലാണിത്. സുസുക്കിക്കും ഹീറോയ്ക്കും ശേഷം ഫ്ലെക്സ് ഫ്യുവൽ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ നിർമാതാക്കളായി യമഹ മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്.
FZ ശ്രേണിയിലെ മറ്റ് എഞ്ചിനുകളിൽ ഉപയോഗിക്കുന്ന അതേ 149 സിസി എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് FZ ബ്ലൂ ഫ്ലെക്‌സിനും കരുത്ത് പകരുന്നത്. എന്നാൽ ഉയർന്ന എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കുന്ന പരിഷ്‌ക്കരണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം. ആയതിനാൽ പെർഫോമൻസിൽ ചെറിയ കുറവ് സംഭവിച്ചിട്ടുണ്ടെന്നും യമഹ പറയുന്നു.

എഥനോളിന്റെ കുറഞ്ഞ ഊർജ സാന്ദ്രത കാരണമാണ് ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളിൽ പെർഫോമൻസ് ചെറുതായി കുറയുന്നത്. യമഹ FZ ബ്ലൂ ഫ്ലെക്‌സിലെ എഞ്ചിന് 7,250 ആർപിഎമ്മിൽ 11.7 bhp പവറും 6,000 ആർപിഎമ്മിൽ 12.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡ് FZ ബൈക്കുകളെ അപേക്ഷിച്ച് പവർ ഔട്ട്പുട്ട് കണക്കുകളിൽ 0.7 bhp, 0.5 Nm ടോർക്ക് എന്നിവയുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് സാരം.
150 സിസി സെഗ്‌മെന്റിലെ ഏറ്റവും പവർഫുൾ മോട്ടോർസൈക്കിളായി FZ ഒരിക്കലും കമ്പനി പരസ്യം ചെയ്‌തിട്ടില്ല. കൂടുതൽ മൈലേജ് തരുന്ന, പ്രായോഗികമായ ഓപ്ഷനായിട്ടാണ് പുതിയ FZ എക്കാലവും നിലകൊള്ളുന്നത്. അതിനാൽ FZ ബ്ലൂ ഫ്ലെക്‌സ് കാര്യമായ ചലനങ്ങളുണ്ടാക്കാൻ പോവുന്നില്ലെന്നാണ് പ്രതീക്ഷ. മെറ്റാലിക് ബ്ലാക്ക് എന്ന ഒറ്റ നിറത്തിൽ ലഭ്യമാകുന്ന FZ ബ്ലൂ ഫ്ലെക്സ് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത യമഹ ബ്ലൂ സ്ക്വയർ ഡീലർഷിപ്പുകൾ വഴിയാണ് വിപണിയിലെത്തുക.

കേരളത്തിൽ ഇതുവരെ വിൽപ്പന തുടങ്ങിയിട്ടില്ല.കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ FZ റേവിന്റെ അതേ രൂപമാണ് മോട്ടോർസൈക്കിളിനുള്ളത്. ഫ്യുവൽ ടാങ്ക്, ഫോക്സ് എയർ വെന്റുകൾ, സിംഗിൾ-പീസ് സീറ്റ് എന്നിവയ്‌ക്കൊപ്പം FZ ബ്ലൂ ഫ്ലെക്‌സും അതേ എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് ഉപയോഗിക്കുന്നത്. 5-സ്പീഡ് ഗിയർബോക്‌സ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക്, സിംഗിൾ-ചാനൽ എബിഎസ് പോലുള്ള ഫീച്ചറുകളും മോഡൽ നിലനിർത്തിയിട്ടുണ്ട്.
എന്നാൽ ഒരു ശ്രദ്ധേയമായ മാറ്റം ഗ്രൗണ്ട് ക്ലിയറൻസ് കുറച്ചുവെന്നതാണ്. ഇത് മറ്റ് FZ വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്ന 165 മില്ലീമീറ്ററിനെ അപേക്ഷിച്ച് 135 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. മോട്ടോർസൈക്കിളിന്റെ ഭാരം 139 കിലോഗ്രാം ആണ്. അതായത് സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് ബ്ലൂ ഫ്ലെക്‌സിന് 3 കിലോഗ്രാം അധിക ഭാരമുണ്ടെന്ന് സാരം. 1,24,240 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് വിപണനത്തിന് എത്തുന്നത്.
പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം കൂടുതൽ ക്ലീനർ മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായാണ് മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് യമഹ പറയുന്നു. നിലവിലുള്ള ഇലക്ട്രിക് മൊബിലിറ്റി സംരംഭങ്ങൾക്കൊപ്പം ഒന്നിലധികം സാങ്കേതികവിദ്യകളിലൂടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന കമ്പനിയുടെ വിശാലമായ ആഗോള തന്ത്രവുമായും ബൈക്കിന്റെ വരവ് കൂട്ടിവായിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications