പോക്കറ്റ് കൊള്ളയടിക്കാതെ യങ്സ്റ്റേഴ്‌സിന്റെ ഫേവറീറ്റ് ബൈക്കിന്റെ വില കൂട്ടി യമഹ, ഇനി മുടക്കേണ്ടത് ഇത്ര
യങ്സ്റ്റേഴ്‌സിന്റെ ഫേവറീറ്റ് ബൈക്കുകളുടെ പട്ടികയെടുത്താൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയുടെ രണ്ട് മോഡലുകൾ തുടക്കത്തിൽ തന്നെ ഇടംപിടിക്കും. R-15, MT-15 എന്നീ മോട്ടോർസൈക്കിളുകൾ ഇന്ത്യയിലുണ്ടാക്കിയെടുത്ത ആരവം അത്രത്തോളം വലുതാണ്. വിശ്വാസ യോഗ്യമായ എഞ്ചിന് പുറമെ ഒന്നാന്തരം പെർഫോമൻസും 45+ പ്ലസ് മൈലേജും കൂടിയായപ്പോൾ ചെറുപ്പക്കാരെല്ലാം യമഹയുടെ ഷോറൂമിലേക്ക് വെച്ചുപിടിക്കുകയായിരുന്നു. MT-15 നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളിന് എന്തെങ്കിലും കുറ്റം പറയാനുണ്ടെങ്കിൽ അത് പിൻസീറ്റിന് നീളം പോരെന്നത് മാത്രമായിരിക്കും. വിലയായാലും താരതമ്യേന താങ്ങാനാവുന്ന നിരക്കിലാണ് യമഹ നിശ്ചയിച്ചിരുന്നതും.
എന്നാൽ പുതിയ സാമ്പത്തിക വർഷത്തിനോട് അനുബന്ധിച്ച് സൈലന്റായി യമഹ MT-15 മോഡലിന്റെ വില വർധിപ്പിച്ചിരിക്കുകയാണ്. പക്ഷേ ആരുടേയും പോക്കറ്റ് കൊള്ളയടിക്കാൻ ജാപ്പനീസ് ബ്രാൻഡ് തയാറായിട്ടില്ലെന്നതാണ് സന്തോഷം നൽകുന്ന കാര്യം. സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളിന്റെ വേരിയന്റിനെ ആശ്രയിച്ച് 740 രൂപ മുതൽ 800 രൂപ വരെ മാത്രമാണ് കമ്പനി പരിഷ്ക്കരിച്ചിരിക്കുന്നത്.

പുതിയ സാമ്പത്തിക വർഷം മൂലമാണ് വില വർധനവ് ഉണ്ടായതെന്നും വാങ്ങൽ തീരുമാനങ്ങളെ ഇത് കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ലെന്നുമാണ് കമ്പനിയുടെ അഭിപ്രായം. ഇനി വേരിയന്റ് തിരിച്ചുള്ള യമഹ MT-15 ബൈക്കിന്റെ പുതിയ വില എത്രയാണെന്ന് പറഞ്ഞുതരാം. സ്റ്റാൻഡേർഡ് മെറ്റാലിക് ബ്ലാക്കിനും മെറ്റാലിക് സിൽവർ സിയാനും 1,59,100 രൂപയിൽ നിന്നും 800 രൂപ കൂടി 1,59,900 രൂപയായി പുതുക്കിയ എക്സ്ഷോറൂം വില.
അതേസമയം യമഹ MT-15 DLX TFT വകഭേദങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ മെറ്റാലിക് ബ്ലാക്ക്, ഐസ് സ്റ്റോം, വിവിഡ് വയലറ്റ് മെറ്റാലിക് എന്നിവയുടെ വില 1,67,500 രൂപയിൽ നിന്നും 740 രൂപ കൂടി 1,68,240 രൂപയായി മാറി. വിലക്കയറ്റം സംഭവിച്ചുവെങ്കിലും യമഹയുടെ നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന് മറ്റ് മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല. കളർ TFT സ്‌ക്രീനുള്ള മോഡലുകൾ യമഹ Y-കണക്റ്റ് ആപ്പ് വഴി സ്‌ക്രീൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി ജോടിയാക്കാനും കഴിയും.
മെയിന്റനെൻസ് റെക്കമെന്റേഷനുകൾ, പാർക്കിംഗ് ലൊക്കേഷൻ, റിയൽ ടൈം ഫ്യുവൽ ഉപകൺസെംഷൻ, മാൽഫങ്ഷൻ നോട്ടിഫിക്കേഷനുകൾ, റെവ്സ് ഡാഷ്ബോർഡ്, റൈഡർ റാങ്കിംഗ് സിസ്റ്റം തുടങ്ങിയ കാര്യങ്ങളാണ് ഇതുവഴി റൈഡർമാർക്ക് കാണാനാവുക. വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) ടെക്നോളജിയുള്ള 155 സിസി, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിനാണ് MT-15 മോഡലിന് തുടിപ്പേകാൻ എത്തുന്നത്.
സുഗമമായ ഗിയർ ഷിഫ്റ്റുകളും ഡൗൺഷിഫ്റ്റുകളിൽ അധിക നിയന്ത്രണവും ഉറപ്പാക്കുന്ന സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 10,000 ആർപിഎമ്മിൽ 18.4 bhp പവറും 7,500 ആർപിഎമ്മിൽ പരമാവധി 14.1 Nm ടോർക്കും വരെ വികസിപ്പിക്കാൻ കഴിയുന്നതാണ്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും (TCS) ബൈക്കിനൊപ്പം വാഗ്‌ദാനം ചെയ്യുന്നത് റൈഡർമാരുടെ ആത്മവിശ്വാസം കൂടുതൽ വർധിപ്പിക്കുന്ന കാര്യമാണ്.
ഈ സെഗ്മെന്റിൽ അങ്ങനെ കാണാൻ കിട്ടാത്ത ഫീച്ചറുകളിൽ ഒന്നാണിത്. യമഹയുടെ സിഗ്നേച്ചർ ഡെൽറ്റ ബോക്സ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന MT-15 മികച്ച ഹാൻഡ്‌ലിംഗിനും കോർണറിംഗ് സ്റ്റെബിലിറ്റിക്കുമായി മോട്ടോജിപി-പ്രചോദിത അലുമിനിയം സ്വിംഗാർം നിലനിർത്തിയിട്ടുമുണ്ട്. 141 കിലോഗ്രാം കെർബ് വെയ്റ്റ്, യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, കോംപാക്റ്റ് ജോമെട്രി എന്നിവ സിറ്റി യാത്രകൾക്കും ഹൈവേ ടൂറിംഗിനും ഒരുപോലെ സഹായിക്കുകയും ചെയ്യും.
അതുകൂടാതെ സസ്പെൻഷനായി മുൻവശത്ത് അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് യമഹ MT-15 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിൽ ഒരുക്കിയിരിക്കുന്നത്. രണ്ട് അറ്റത്തും 17 ഇഞ്ച് അലോയ് വീലുകളിൽ വരുന്ന മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി മുന്നിൽ 282 mm വലിപ്പമുള്ള ഡിസ്കും പിന്നിൽ 220 mm വലിപ്പമുള്ള ഡിസ്ക്കുമാണ് ലഭിക്കുക. അധിക സുരക്ഷക്കായി സ്റ്റാൻഡേർഡായി തന്നെ ഡ്യുവൽ-ചാനൽ എബിഎസും ഇതിന് ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








